Image Credit: Facebook
സിപിഎം സംസ്ഥാന സമിതിയില്‍ പരിഗണിക്കാത്തതില്‍ പ്രതിഷേധമറിയിച്ച് ഫെയ്സ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയ സിപിഎം നേതാവ് എ.പത്മകുമാറിനെ സ്വാഗതംചെയ്ത് കോണ്‍ഗ്രസ്, ബിജെപി ജില്ലാ നേതൃത്വങ്ങള്‍. പത്മകുമാര്‍ പാര്‍ട്ടിവിട്ടാല്‍ സ്വീകരിക്കുമെന്ന് ഡിസിസി പ്രസിഡന്‍റ് സതീഷ് കൊച്ചുപറമ്പിലും ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അയിരൂര്‍ പ്രദീപും അറിയിച്ചു.
സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തിയില്ല, മന്ത്രി വീണ ജോര്‍ജിനെ സിപിഎം സംസ്ഥാന സമിതിയില്‍ സ്ഥിരം ക്ഷണിതാവാക്കി എന്നിവയില്‍ പൊട്ടിത്തെറിച്ചായിരുന്നു പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റംഗം എ.പത്മകുമാറിന്‍റെ പോസ്റ്റ്. ചതി, വഞ്ചനയെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിട്ട പത്മകുമാര്‍ പ്രതിഷേധിച്ച് സംസ്ഥാന സമ്മേളന വേദി വിടുകയും ചെയ്തിരുന്നു. പാര്‍ലമെന്‍ററി പ്രവര്‍ത്തനം മാത്രമുള്ളയാളെ പരിഗണിക്കുന്നത് പാര്‍ട്ടി രീതിയല്ലെന്ന് പത്മകുമാര്‍ മനോരമ ന്യൂസിനോട് പ്രതികരിച്ചു.
താന്‍ പാര്‍ട്ടിക്കു വേണ്ടി ജീവിച്ചവനാണ്. കുടുംബവും താനും ജീവിച്ചിരിക്കുന്നത് ഭാഗ്യം. ഒരു പക്ഷേ പാര്‍ട്ടി തിരുത്തിയേക്കാം എന്നും പത്മകുമാര്‍ പറഞ്ഞു. തിരഞ്ഞെടുത്തവര്‍ ഒരു പക്ഷേ പാര്‍ട്ടിയെ വളര്‍ത്താന്‍ കെല്‍പ്പുള്ളവര്‍ ആയിരിക്കും എന്ന് പരിഹസിക്കുകയുണ്ടായി. ഒരു മണിക്കൂറിനുള്ളില്‍ പത്മകുമാര്‍ ഫെയ്സ്ബുക്കിലെ രോഷ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. രണ്ട് ദിവസത്തിനകം മാധ്യമങ്ങളെ കാണും എന്നും പറഞ്ഞിട്ടുണ്ട്.