വിവാദങ്ങള്‍ക്കൊടുവില്‍ കൊല്ലത്ത് നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളന വേദിയിലേക്ക് നടനും എംഎല്‍എയുമായ മുകേഷ് എത്തി. പാര്‍ട്ടിയുടെ അപ്രഖ്യാപിത വിലക്കിനെ തുടര്‍ന്നാണ് മുകേഷ് മാറി നില്‍ക്കുന്നതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. തനിക്ക് പാര്‍ട്ടി വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ജോലിക്ക് പ്രാധാന്യം നല്‍കിയതിനെ തുടര്‍ന്നാണ് മാറി നിന്നതെന്നും മുകേഷ് മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന സമ്മേളനം പ്രതിനിധികള്‍ക്കായി നടത്തുന്നതാണെന്നും താന്‍ പ്രതിനിധിയല്ലെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു.
ലൈംഗികാരോപണക്കേസിൽ കുറ്റപത്രം കൊടുത്തതോടെയാണ് മുകേഷിനെ മാറ്റിനിർത്താൻ തീരുമാനിച്ചത് നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. പാർട്ടി സംസ്ഥാന സമ്മേളനത്തിന്‍റെ ലോഗോ പ്രകാശന ചടങ്ങിൽ വിവിധ മേഖലകളിലെ പ്രമുഖരോടൊപ്പം എം മുകേഷ് എംഎൽഎ പങ്കെടുത്തിരുന്നു.പിന്നിട് സംഘാടകസമിതിയിൽ ഉൾപ്പെടെ പ്രധാനപ്പെട്ട ചുമതലയൊന്നും മുകേഷിന് നല്‍കിയില്ല. മുകേഷ് പാർട്ടി അംഗം അല്ലെന്നാണ് നേതാക്കള്‍ ഇക്കാര്യത്തില്‍ വിശദീകരിച്ചത്.
മുകേഷ് എവിടെയെന്ന് തിരക്കിയ മാധ്യമപ്രവര്‍ത്തകരോട് ആരൊക്കെ എവിടെയൊക്കെയാണെന്ന് നിങ്ങള്‍ തിരക്കൂ എന്നായിരുന്നു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും മറുപടി നല്‍കിയത്. ഇതിന് പിന്നാലെ മുകേഷ് സമാപന സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.