കണ്ണൂരിൽ റോഡ് തടസ്സപ്പെടുത്തിയുള്ള സിപിഎം സമരത്തിൽ ജില്ലാ സെക്രട്ടറി എം.വി ജയരാജനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. കേന്ദ്ര അവഗണനക്കെതിരെ സംഘടിപ്പിച്ച ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധത്തിലാണ് ഗതാഗതം തടസ്സപ്പെടുത്തി റോഡിൽ പന്തൽ കെട്ടിയത്.
കേന്ദ്ര അവഗണനക്കെതിരെ സിപിഎം സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന സമരത്തിന്റെ ഭാഗമായിട്ടായിരുന്നു കണ്ണൂരിലെ ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധം. സമരത്തിന്റെ ഭാഗമായി രാവിലെ തന്നെ പോസ്റ്റ് ഓഫിസ് റോഡിൽ പന്തൽക്കെട്ടി കസേരകൾ നിരത്തി. വാഹന ഗതാഗതം രാവിലെ തന്നെ വഴി തിരിച്ചുവിട്ടു. പാതയോരങ്ങളിൽ പൊതുയോഗങ്ങളും സമരങ്ങളും നിരോധിച്ച ഹൈക്കോടതിവിധി ലംഘിച്ചാണ് സിപിഎമ്മിന്റെ സമരം. എന്നാൽ യാത്രാ മാർഗങ്ങൾ വേറെയുണ്ടെന്നും ഹെഡ് പോസ്റ്റ് ഓഫീസ് വേറെ ഇല്ലെന്നുമായിരുന്നു ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ന്യായീകരണം.
എംവി ജയരാജൻ, കെ. വി സുമേഷ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി രത്നകുമാരി എനിവരുൾപ്പെടെയുള്ള 11 സിപിഎം നേതാക്കൾക്കെതിരെയും ഉപരോധത്തിൽ പങ്കെടുത്ത 10,000 പേർക്കെതിരെയുമാണ് ടൗൺ പൊലീസ് കേസെടുത്തത്. അന്യായമായി സംഘം ചേർന്നതിനും പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ ഗതാഗത തടസ്സമുണ്ടാക്കിയതിനുമാണ് കേസ്.