കണ്ണൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ ജീവനൊടുക്കി. പയ്യന്നൂർ മണ്ഡലം പതിനെട്ടാം ബൂത്ത് ബി.എൽ.ഒ അനീഷ് ജോർജാണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്ത് അനീഷ് തൂങ്ങി മരിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എസ്.ഐ.ആർ ജോലി സമ്മർദ്ദത്തെക്കുറിച്ച് അനീഷ് വീട്ടുകാരോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. പോലീസിന്റെ പ്രാഥമിക പരിശോധനയിൽ എസ്ഐആർ ജോലിഭാരമാണ് മരണകാരണമെന്നാണ് കണ്ടെത്തൽ. രാമന്തളി സ്കൂൾ ജീവനക്കാരനാണ് അനീഷ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ കലക്ടറോട് വിശദീകരണം തേടി. അനീഷ് നേരിട്ടത് കടുത്ത സമ്മര്‍ദമെന്ന് സുഹൃത്ത് ഷൈജു പറഞ്ഞു. എസ്‌ഐആര്‍ ഫോം വിതരണം അനീഷിന് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. മുപ്പതോളം ഫോം ബാക്കിയുണ്ടായിരുന്നു.ഇന്നലെ വൈകിട്ടും സമ്മര്‍ദം പങ്കുവച്ചെന്ന് ഷൈജു പ്രതികരിച്ചു.
അതേസമയം, ബിഎൽഒ അനീഷ് ജോർജ് ജീവനൊടുക്കിയ സംഭവത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് എം.വി. ജയരാജൻ. തദ്ദേശ തിരഞ്ഞെടുപ്പും വോട്ടർ പട്ടിക പുതുക്കലും ഒരേസമയം നടത്തുന്നത് ജീവനക്കാർക്ക് മേൽ കടുത്ത സമ്മർദ്ദമുണ്ടാക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.
യഥാർത്ഥ വോട്ടർമാരുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് മാറ്റാനും ഒപ്പം അനർഹരായ ആളുടെ പേര് വോട്ടർ പട്ടികയിൽ ചേർക്കാനും വേണ്ടിയുള്ള നീക്കമാണെന്നും ജയരാജൻ പറഞ്ഞു. കേന്ദ്ര സർക്കാർ തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനത്തിൽ സുപ്രീം കോടതി നിർദ്ദേശം അട്ടിമറിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജീവനക്കാരുടെ മേലുള്ള സമ്മർദ്ദം ഒഴിവാക്കാൻ കമ്മീഷൻ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.