വെഞ്ഞാറമ്മൂട് കൂട്ടക്കൊലപാതകത്തിന്‍റെ പശ്ചാത്തലത്തില്‍ ആഭ്യന്തരവകുപ്പ് മന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ. ഫേസ്ബുക്കിലൂടെയായിരുന്നു രാഹുലിന്‍റെ വിമര്‍ശനം. 'ആ ആഭ്യന്തര മന്ത്രിക്കസേരയിൽ ഒരു വാഴയോ കറിവേപ്പോ എങ്കിലും നട്ട് വെച്ചാൽ ഇലയനക്കമെങ്കിലും ഉണ്ടാകും...' എന്നായിരുന്നു പോസ്റ്റ്. പോസ്റ്റിന്‍റെ കൂടെ മന്ത്രിക്കസേരയില്‍ അദൃശ്യനായിരിക്കുന്ന മുഖ്യമന്ത്രിയുടെ ചിത്രം കൂടെ രാഹുല്‍ പങ്കുവെക്കുകയുണ്ടായി. സംസ്ഥാനത്ത് ആക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ സൈബറിടത്തില്‍ ഉയര്‍ന്നിരുന്നു.
വെഞ്ഞാറമ്മൂട്ടില്‍ സമാനതകളില്ലാത്ത കൂട്ടക്കൊലയാണ് 23കാരന്‍ അഫാന്‍ നടത്തിയത്. രണ്ട് മണിക്കൂറിനുള്ളില്‍ വ്യത്യസ്ത ഇടങ്ങളിലേക്ക് സഞ്ചരിച്ചാണ് പ്രതി 5 പേരെ വെട്ടിക്കൊന്നത്. ശേഷം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.ആദ്യം പാങ്ങോട്ടുള്ള വീട്ടിലെത്തി 88കാരിയായ മുത്തശ്ശി സല്‍മാ ബീവിയെ കൊന്നു. പിന്നീട് വല്യച്ഛന്‍റെ വീട്ടിലെത്തി, വല്യച്ഛന്‍ ലത്തീഫ്, ഭാര്യ ഷാഹിദ എന്നിവരെ കൊന്നു. ശേഷം സ്വന്തം വീട്ടിലെത്തിയ പ്രതി കാമുകിയെയും അമ്മയെയും 9ാം ക്ലാസുകാരനായ അനിയനെയും വെട്ടി. വെട്ടേറ്റ ആറുപേരില്‍ ഉമ്മ മാത്രമാണ് ജീവനോടെയുള്ളത്.
കൊലയ്ക്ക് ശേഷം സ്വന്തം വീട്ടിലെ ഗ്യാസ് തുറന്നുവിട്ട് തുണികളും മറ്റും കത്തിക്കാനും പ്രതി ശ്രമം നടത്തി. ഇത് പരാജയപ്പെട്ടതോടെ വിഷം കഴിച്ചു. ശേഷം സ്റ്റേഷനിലെത്തി കീഴടങ്ങി.ഇതിനിടെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട പ്രതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.ഇന്നലെ രാത്രിയോടെ മെഡിക്കല്‍ കോളജില്‍ എത്തിച്ച പ്രതി പേവാര്‍ഡില്‍ ചികില്‍സയിലാണ്.ആശുപത്രിയില്‍വെച്ച് ചികില്‍സയോടെ അസ്വസ്ഥത പ്രകടിപ്പിച്ച പ്രതി മരുന്ന് കുത്തിയ കാനുല ഊരിക്കളഞ്ഞു.
അതേസമയം രാഹുലിന്‍റെ ഫേസ്ബുക്ക് പോസ്റ്റിനടിയില്‍ മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധവുമായി നിരവധി പേരെത്തി. കറിവേപ്പ് മനുഷ്യര്‍ക്ക് ഉപകാരമുള്ള സാധനമാണെന്നും അതേപറ്റി പറയരുതെന്നും ഒരാള്‍ കമന്‍റിട്ടപ്പോള്‍ മുഖ്യമന്ത്രിയുടെ ഭാഷയില്‍ പയ്യന്‍ നടത്തിയത് രക്ഷാപ്രവര്‍ത്തനമാണെന്നായിരുന്നു മറ്റൊരു കമന്‍റ്.