എന്താണ് ശശി തരൂരിന്‍റെ പ്രശ്നം? എന്താണ് തരൂരിന്‍റെ ഉദ്ദേശ്യം? ഞാന്‍ മനസ്സിലാക്കിയിടത്തോളം തരൂരിന്‍റെ മനസ്സ് ഇതാ...
2029 വരെ ഒരു കോണ്‍ഗ്രസ് എംപിയായി മാത്രം തുടരുന്നതില്‍ ത്രില്ലില്ല. അപ്പോള്‍ പിന്നെ മറ്റെന്തെങ്കിലും പ്രധാന റോള്‍ വേണം. അതിനാരും തയ്യാറാകുന്നില്ല. കേരളത്തില്‍നിന്നുള്ള വര്‍ക്കിങ് കമ്മിറ്റി അംഗമായിട്ടും കേരളത്തിലെ കോണ്‍ഗ്രസിന്‍റെ കാര്യങ്ങളൊന്നും തന്നോടു ചര്‍ച്ച ചെയ്യുന്നില്ല. വര്‍ക്കിങ് കമ്മിറ്റി തന്നെ ‘എക്സറ്റന്‍ഡഡ് വര്‍ക്കിങ് കമ്മിറ്റി’ എന്നപേരില്‍ നൂറുപേരില്‍ കൂടുതലുളള ആള്‍ക്കൂട്ടമാക്കി മാറ്റി. നേര്‍പ്പിച്ച് നിര്‍വീര്യമാക്കുന്നതുപോലെ.
കേരളത്തില്‍ താന്‍ യുഡിഎഫിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായാല്‍ പല കാരണങ്ങള്‍ കൊണ്ടും വിജയസാധ്യത കൂടുതലാണ്. നിഷ്പക്ഷമതികളുടെയും ‘ആസ്പിരേഷനല്‍’ തലമുറയുടെയും പിന്തുണ കക്ഷിഭേദമന്യേ തനിക്കുണ്ട്. പക്ഷേ പാര്‍ട്ടിക്കുകൂടി ഗുണം ഉണ്ടാകുന്ന കാര്യമായിട്ടും ഇക്കാര്യത്തില്‍ പരിഗണനയില്ല. ക്രിസ്ത്യന്‍ മുസ്ലീം ഭിന്നത യുഡിഎഫിനു ഭീഷണിയായി ഉയര്‍ന്നുവരുമ്പോള്‍ അതിനൊരു പ്രതിവിധി കൂടിയാവും തന്‍റെ നേതൃത്വം.
ജനവികാരം പിണറായി വിജയനും സര്‍ക്കാരിനും എതിരായതുകൊണ്ട് യുഡിഎഫ് എന്തായാലും നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് നേതാക്കള്‍ കരുതുന്നു. എന്നാല്‍ ഒടുവില്‍ നടന്ന ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് ഒഴികെ അടുത്ത കാലത്തെ തിരഞ്ഞെടുപ്പുകളില്‍ ആന്‍റി–ഇന്‍ക്യുമ്പന്‍സി അല്ല പ്രോ–ഇന്‍ക്യുമ്പന്‍സി ആയിരുന്നു ട്രെന്‍ഡ് എന്ന് നേതാക്കള്‍ മറക്കുന്നു. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിര്‍പ്പാണ് എന്ന ന്യായമാണ് ഹൈക്കമാന്‍ഡിന്‍റേത്. തന്നെ എതിര്‍ക്കാനല്ലാതെ മറ്റെന്തിനെങ്കിലും അവര്‍ ഒന്നിച്ചു നില്‍ക്കുന്നുണ്ടോ?
ഡല്‍ഹിയില്‍ തന്‍റെ കഴിവിന് അനുസരിച്ചുള്ള റോളുകളൊന്നും തരുന്നില്ല. കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതൃത്വത്തിലെങ്ങും താനില്ല. ആറുമാസത്തിനിടെ ഒരു തവണയാണ് ലോക്സഭയില്‍ പ്രസംഗിക്കാന്‍ അവസരം ലഭിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കു താന്‍ മത്സരിച്ചത് സോണിയയോടും രാഹുലിനോടും ചോദിച്ചിട്ടാണ്. അവര്‍ മറിച്ചൊന്നും പറഞ്ഞില്ല. പക്ഷേ അതിനുശേഷം വിവേചനമാണ്. പലതവണ ചോദിച്ചിട്ടും കൂടിക്കാഴ്ചയ്ക്കു രാഹുല്‍ സമയം തന്നില്ല.
ഒരു പ്രഫഷണല്‍ ലീഡര്‍ഷിപ്പ് കേഡര്‍ കോണ്‍ഗ്രസില്‍ വളര്‍ത്തിക്കൊണ്ടുവരാന്‍ തനിക്കു താല്‍പര്യം ഉണ്ടായിരുന്നു. പക്ഷേ താന്‍ സ്ഥാപിച്ച പ്രഫഷണല്‍ കോണ്‍ഗ്രസിന്‍റെ അധ്യക്ഷസ്ഥാനത്തുനിന്നുപോലും തന്നെ ഒഴിവാക്കി. ഒരാള്‍ക്ക് ഒരു പോസ്റ്റ് എന്ന ഉദയ്‍പൂര്‍ സമ്മേളനത്തിന്‍റെ തീരുമാനം തന്‍റെ കാര്യത്തില്‍മാത്രം നടപ്പാക്കി. പകരം വച്ചതോ അതില്‍ പ്രാഥമിക അംഗത്വം പോലും ഇല്ലാതിരുന്നയാളെ. താന്‍ ഈ സ്ഥാനത്തുനിന്ന് രാജിവച്ചെങ്കിലും അത് സ്വീകരിക്കുന്നില്ലെന്നാണ് ഖര്‍ഗെ പറഞ്ഞത്. പകരം ആളെ വച്ചപ്പോഴാണ് സ്ഥാനം പോയത് അറിഞ്ഞത്. രാജ്യസഭാ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് എന്ന പദവി ഖര്‍ഗെയും രാജിവച്ചെങ്കിലും അദ്ദേഹം അതില്‍ തുടര്‍ന്നു. യൂത്ത് കോണ്‍ഗ്രസില്‍നിന്ന് നേതൃത്വ കേഡര്‍ ഉണ്ടാക്കാന്‍ താന്‍ ശ്രമിക്കാം എന്നു പറഞ്ഞു. പക്ഷേ അത്തരം ചുമതലകള്‍ യൂത്ത് കോണ്‍ഗ്രസിലൂടെ സമരം ചെയ്തുവന്ന നേതാക്കള്‍ക്ക് സംവരണം ചെയ്തുവെന്ന മട്ടിലുള്ള സന്ദേശമാണ് കിട്ടിയത്.
ജര്‍മ്മനിയിലെ പ്രശസ്തമായ ബുക്കേറിയസ് സമ്മര്‍ സ്കൂളിലെ നേതൃത്വ പരിശീലന ക്യാംപില്‍ ക്ലാസെടുക്കാന്‍ ഐക്യരാഷ്ട്രസഭയില്‍ നിന്ന് എത്തിയപ്പോഴാണ് രാഹുല്‍ ഗാന്ധിയെ ശശി തരൂര്‍ ആദ്യം പരിചയപ്പെട്ടത്. അന്നു മുതല്‍ സുഹൃത്തുക്കളാണ്. ഇന്നും സുഹൃത്താണെങ്കിലും തരൂരിന് ഇനിയും ഓഫര്‍ ചെയ്യാന്‍ തന്‍റെ കയ്യില്‍ ഒന്നുമില്ല എന്നാണ് രാഹുല്‍ പറയുന്നത്. അപ്പോള്‍ ശശി തരൂര്‍ ഇനി എന്തു ചെയ്യും? തന്‍റെ അതൃപ്തി പരസ്യമാക്കി രാഹുല്‍ ഗാന്ധിയോട് കാര്യങ്ങള്‍ കൃത്യമായി പറഞ്ഞു. രാഹുല്‍ ഗാന്ധി അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്ത മറുപടിയും കൊടുത്തു – ഇനി തരൂരാണ് തീരുമാനിക്കേണ്ടത്.
ആ തീരുമാനം അത്ര എളുപ്പമല്ല. തരൂരിന്‍റെ വണ്ടി ഒരു ട്രാഫിക് സിഗ്‍നലിലാണ്. മുന്നോട്ടു പോകാന്‍ ഗ്രീന്‍ സിഗ്‍നല്‍ ഇല്ല. ഇടത്തോട്ടും വലത്തോട്ടും സിഗ്‍നലുണ്ട്. എന്നാല്‍ ആ വഴിക്കു പോക്ക് എളുപ്പമല്ല. അതുകൊണ്ട് വണ്ടി തല്‍ക്കാലം നിര്‍ത്തിയിട്ടിരിക്കുകയാണ്.