തിരുവനന്തപുരം കോര്‍പറേഷന്‍ മുട്ടട വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിനെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതിൽ വീണ്ടും ഹിയറിങ് നടത്തണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷനോട് ഹൈക്കോടതി. മത്സരിക്കാനുള്ള അവകാശം കേവലം സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഇല്ലാതാക്കരുതെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ പറഞ്ഞു. 19നു മുമ്പ് ഹിയറിങ് നടത്തി തീരുമാനമെടുക്കണമെന്നും വൈഷ്ണയെ വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കാൻ പരാതി നൽകിയ ആളും ഹിയറിങ്ങിൽ പങ്കെടുക്കണമെന്നും കോടതി ഉത്തരവിട്ടു.
ഇതിന് പിന്നാലെ വൈഷ്ണയെ പിന്തുണച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്ത് എത്തി. ഒരു 24 വയസുകാരിയുടെ സ്ഥാനാർഥിത്വം നിങ്ങൾക്ക് അസ്വസ്ഥത ഉണ്ടാക്കിയെങ്കിൽ പിണറായിസ്റ്റുകളെ കൗണ്ട്ഡൗണ്‍ തുടങ്ങി എന്നാണ് രാഹുല്‍ കുറിച്ചിരിക്കുന്നത്.
അതേ സമയം 19നു മുമ്പ് ഹിയറിങ്ങിൽ തീരുമാനമെടുത്തിരിക്കണമെന്നും കോടതി നിർദേശിച്ചു. 21നാണ് പത്രികാ സമർപ്പണത്തിനുള്ള അവസാന തീയതി. കേസ് പരിഗണിച്ചപ്പോൾ, കലക്ടർക്ക് താൻ പരാതി നൽകാൻ പോയതും എന്നാൽ ഒന്നര മണിക്കൂറോളം കാത്തു നിർത്തിച്ചതുമടക്കമുള്ള കാര്യങ്ങൾ ഹർജിക്കാരി കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.