ശശി തരൂരുമായി ബന്ധപ്പെട്ട വിവാദത്തിൽ സംസ്ഥാന നേതൃത്വത്തിന്റെ വഴിയിൽ ഹൈക്കമാൻഡും. സംസ്ഥാന നേതൃത്വത്തെ തള്ളി തരൂരിനെ പിന്തുണയ്‌ക്കേണ്ടെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിലപാട്. രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷവും പാർട്ടി വിരുദ്ധ പ്രസ്താവനകൾ തുടരുന്നത് അച്ചടക്ക ലംഘനമാണെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍.
അതേസമയം അടങ്ങിയിരിക്കാനും വിട്ടുകൊടുക്കാനും ശശി തരൂരും ഒരുക്കമല്ല. തന്റെ ഭാഗം വ്യക്തമാക്കിയും പാർട്ടിയിൽ നേരിടുന്ന അവഗണന വിശദമാക്കിയും ഘടകകക്ഷി നേതാക്കളുമായി ഉൾപ്പെടെ തരൂർ ആശയവിനിമയം തുടങ്ങി. ഘടകകക്ഷികളുടെ പിന്തുണ ഉറപ്പാക്കലാണ് തരൂരിന്റെ ലക്ഷ്യം എന്നാണ് വിവരം. അതേസമയം, തനിക്കെതിരെ പരസ്യമായി വിമർശനം കടുപ്പിച്ച കെ.സി. വേണുഗോപാലിന്‍റെ നടപടിയിൽ തരൂർ അതൃപ്തനാണ്. മധ്യസ്ഥത വഹിക്കാൻ ആളില്ലാത്ത അവസ്ഥയാണ് പാർട്ടിയിലെന്നും മധ്യസ്ഥത വഹിക്കേണ്ടർ തന്നെ പക്ഷം പിടിക്കുകയാണെന്നുമാണ് തരൂരിന്‍റെ നിലപാട്.
ശശി തരൂരിനെ പരിഹസിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. കൊട്ടാരത്തിലെ വിദൂഷകനെപ്പോലെ പിണറായി ഭരണം മൂന്നാംവട്ടമെന്ന് പറഞ്ഞാണ് രാജഭക്തര്‍ ഇറങ്ങിയിരിക്കുന്നത്. മാര്‍ക്സിസ്റ്റ് അണികള്‍ പോലും തുടര്‍ഭരണം ആഗ്രഹിക്കുന്നില്ല. എന്ത് ന്യായത്തിലാണ് തുടര്‍ഭരണം. അഭിപ്രായം പറയുന്നവനെ 52വെട്ട് വെട്ടിക്കൊല്ലുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ് എന്നും ആര്‍ക്കും അഭിപ്രായം പറയാമെന്നും വേണുഗോപാല്‍ പറഞ്ഞു. പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു വേണുഗോപാല്‍.