എം എൻ സ്മാരകത്തിലേക്ക് ക്ഷണിച്ചുവരുത്തുക, എന്നിട്ട് സിപിഎമ്മിന് കീഴടങ്ങുക. മദ്യപ് പ്ലാൻറ് അനുമതി ചർച്ച ചെയ്യാൻ ചേർന്ന എൽഡിഎഫ് യോഗത്തിൽ സിപിഐ നിലപാട് സിപിഎം തള്ളിയത് പാർട്ടിക്ക് മുഖത്തേറ്റ അടിയായി. എത്ര സമ്മർദ്ദം ഉണ്ടായാലും സിപിഎമ്മിന് വഴങ്ങരുത് എന്നും മദ്യപ്ലാൻറ് അനുമതിയുമായി മുന്നോട്ടു പോകാൻ സമ്മതിക്കരുത് എന്നുമായിരുന്നു കഴിഞ്ഞദിവസം ചേർന്ന സിപിഐ എക്സിക്യൂട്ടീവ് പാർട്ടി സെക്രട്ടറി ബിനോയ് വിശ്വത്തോട് നിർദ്ദേശിച്ചത്. ബിനോയ് വിശ്വം മാത്രമല്ല എൽഡിഎഫ്സി യോഗത്തിൽ സിപിഐക്ക് വേണ്ടി പങ്കെടുത്ത റവന്യൂ മന്ത്രി കെ രാജനും സിപിഐ നിലപാട് ഉറപ്പിക്കാനായില്ലെന്ന വികാരം പാർട്ടിയിൽ ശക്തമാവുകയാണ്.
മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷി എന്ന് അവകാശപ്പെടുകയും തിരുത്തൽ ശക്തിയന്നെ ഇമേജ് സ്വയം അണിയുകയും ചെയ്യുന്ന സിപിഐക്ക് ഒരു നയപരമായ വിഷയത്തിൽ തീരുമാനം അനുകൂലമാക്കാന്‍ കഴിയാത്തത് നേതൃത്വത്തിന്‍റെ പരാജയമായി വ്യാഖ്യാനിക്കപ്പെടുകയാണ്. മദ്യനിർമ്മാണശാലയെ എതിർത്തെങ്കിലും , അത് സ്ഥാപിച്ചെടുക്കാൻ കഴിയാത്ത കാലത്തോളം എതിർത്തു എന്നു പറയുന്നതിൽ വലിയ കാര്യം ഇല്ലെന്നാണ് പാർട്ടിക്കുള്ളിലെ വികാരം. പാലക്കാടിന്‍റെ ഭൂപ്രകൃതി, കുടിവെള്ള പ്രശ്നം, നാളെ വരാൻ സാധ്യതയുള്ള പ്രശ്നങ്ങൾ എന്നിവ കൃത്യമായി എൽഡിഎഫ് യോഗത്തെ ബോധ്യപ്പെടുത്താൻ ബിനോയ് വിശ്വത്തിനായില്ല. .
മന്ത്രിസഭാ കുറിപ്പും മനസ്സിലായില്ല,
മദ്യനിർമ്മാണശാല അനുമതിക്കുള്ള തീരുമാനമെടുക്കുന്ന മന്ത്രിസഭാ യോഗത്തിന് തലേദിവസം അജണ്ടയുടെ കുറിപ്പുകൾ പാർട്ടി മന്ത്രിമാർക്ക് നൽകിയിരുന്നതാണ്. സിപിഐ മന്ത്രിമാർ പാർട്ടി സെക്രട്ടറി ബിനോയ് വിശ്വത്തിന്‍റെ നേതൃത്വത്തിൽ ഇക്കാര്യം ചർച്ച ചെയ്യുകയും കർഷകർക്ക് ഗുണപരമായ പദ്ധതിയെന്ന് വിലയിരുത്തുകയും ചെയ്തു. കുടിവെള്ള പ്രശ്നം ഉണ്ടാക്കാവുന്ന പ്രതിസന്ധി എങ്ങനെ പരിഹരിക്കും എന്ന് മാത്രമായിരുന്നു ഏക സംശയം. അസംസ്കൃത വസ്തുവായി ഉപയോഗശൂന്യമായ അരി അല്ലേ ഉപയോഗിക്കുന്നത് എന്നതായിരുന്നു രണ്ടാമത്തെ സംശയം. എക്സൈസ് മന്ത്രി എം ബി രാജേഷ് മന്ത്രിസഭായോഗത്തിൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയതോടെ അജണ്ട അംഗീകരിച്ച് മദ്യനിർമ്മാണശാലയ്ക്ക് മന്ത്രിസഭായോഗം അനുമതി നൽകുകയായിരുന്നു.
എന്നാൽ പിന്നീട് വിവാദമായതോടെയാണ് പറ്റിയ അബദ്ധം സിപിഐക്ക് മനസ്സിലാകുന്നതും ആലപ്പുഴയിൽ ചേർന്ന പാർട്ടി എക്സിക്യൂട്ടീവിൽ മദ്യനിർമ്മാണശാല വേണ്ട എന്ന നിലപാട് സ്വീകരിക്കുന്നതും. സിപിഎമ്മിനെ കണ്ട് ഉഭയകക്ഷി ചർച്ച നടത്തി ഇക്കാര്യം ബോധ്യപ്പെടുത്താനും എൽഡിഎഫ് യോഗത്തിൽ ശക്തമായി ഉന്നയിച്ച് തിരുത്താനും സിപിഐ എക്സിക്യൂട്ടീവ് തീരുമാനമെടുത്തിരുന്നു. ഉഭയകക്ഷി ചർച്ചയ്ക്ക് സിപിഎം സംസ്ഥാന സെക്രട്ടറിയോ മുഖ്യമന്ത്രിയോ സമയം നൽകിയില്ലെന്ന് മാത്രമല്ല എൽഡിഎഫ് യോഗത്തിൽ സിപിഐയെ അവര്‍ നിലംപരിശാക്കുകയും ചെയ്തു. സിപിഐ നേതൃത്വത്തിന്‍റെ പിടിപ്പുകേടാണ് ഇതോടെ വീണ്ടും ചർച്ചയാകുന്നത്. എം ആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും നീക്കാൻ കഴിഞ്ഞത് വിജയമെന്ന് ഊറ്റം കൊള്ളുമ്പോഴാണ് എം എൻ സ്മാരകത്തിലെ ഇടതുമുന്നണിയോഗത്തില്‍ ഈ തിരിച്ചടി .
സിപിഐ മന്ത്രിമാരും മൗനവും
മദ്യനിർമ്മാണശാലയ്ക്ക് അനുമതി നല്‍കുന്നതിനെ പിന്തുണയ്ക്കാനാവില്ലന്നും ഇക്കാര്യം തിരുത്തുമെന്നും ആലപ്പുഴയിൽ ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവിൽ മന്ത്രി കെ രാജൻ ഉൾപ്പെടെ ഉറപ്പുനൽകി. അടുത്ത മന്ത്രിസഭായോഗത്തിൽ തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെടുമെന്ന് മന്ത്രിമാർ എക്സിക്യൂട്ടീവിൽ സ്വയം പറയുകയായിരുന്നു. അതുകഴിഞ്ഞ് 3 മന്ത്രിസഭാ കഴിഞ്ഞിട്ടും ഒരക്ഷരം മിണ്ടാൻ സിപിഐ മന്ത്രിമാർ ധൈര്യപ്പെട്ടില്ല. ഇതേപ്പറ്റി കഴിഞ്ഞ ദിവസം ചേർന്ന് എക്സിക്യൂട്ടീവിൽ മന്ത്രി കെ രാജൻ വിശദീകരിച്ച് ഇങ്ങനെയാണ്. ആദ്യം പാർട്ടി തലത്തിലും മുന്നണി തലത്തിലും വിഷയം ചർച്ചയാകട്ടെ പിന്നീടല്ലെ മന്ത്രിസഭയിൽ പറയുന്നത്.
തരൂരും സിപിഐയും
ശശി തരൂർ പോലും ഇടതുമുന്നണിയെ പിന്തുണയ്ക്കുമ്പോൾ ഒരു പരിധിക്ക് അപ്പുറത്തേക്ക് നമുക്ക് എങ്ങനെ എതിർക്കാൻ ആവുമെന്നതാണ് പാർട്ടി രാജ്യസഭാംഗമായ അസിസ്റ്റൻറ് സെക്രട്ടറി സംസ്ഥാന എക്സിക്യൂട്ടീവിൽ ചോദിച്ചത്. വികസന കാര്യത്തിൽ തരൂർ ഉചിതമായ നിലപാട് എടുക്കുമ്പോൾ അതിനു വിരുദ്ധ നിലപാടെടുത്ത പിന്തിരിപ്പൻ ശക്തിയെന്ന് വിളിക്കപ്പെടും എന്നതായിരുന്നു ചില നേതാക്കളുടെ ആശങ്ക.
പാർട്ടി പരിപാടികളും നയവും അനുസരിച്ച് പ്രവർത്തിക്കുന്ന ഇടതു പാർട്ടികൾ സ്വന്തം രാഷ്ട്രീയ അസ്തിത്വത്തെ പോലും മറന്നു പോകുന്നത് ചില സന്ദർഭങ്ങളിൽ ഉണ്ടായിട്ടുണ്ട്. അപ്പോഴും തിരുത്തല്‍ ശക്തിയാണെന്ന് അവകാശപ്പെട്ട് സിപിഐ കഴിഞ്ഞ കാലങ്ങളിൽ തലയുയർത്തി നിന്നിരുന്നു. നിർണായ രാഷ്ട്രീയ വിഷയങ്ങൾ ഉണ്ടാകുമ്പോൾ എന്താണ് സിപിഐയുടെ നിലപാട് എന്ന് പ്രതിപക്ഷം പോലും ചോദിക്കുന്ന അവസ്ഥ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ പ്രതിപക്ഷത്തെ ഒരു എംപി സർക്കാരിൻറെ വികസന നയത്തെ പിന്തുണ എന്ന ന്യായം പറഞ്ഞ് ഒരു പരിധിക്ക് അപ്പുറത്തേക്ക് നമുക്ക് എതിർക്കാൻ കഴിയില്ല എന്നാണ് സിപിഐ നേതാവ് തന്നെ കമ്മിറ്റിയിൽ ചൂണ്ടിക്കാട്ടിയത്.
മദ്യനിർമ്മാണശാലയിൽ സിപിഎമ്മിന് കീഴടങ്ങേണ്ടി വന്നത് സിപിഐയിൽ കലാപക്കൊടി ഉയർത്തിയേക്കും. എന്നാൽ ബിനോയ് വിശ്വത്തെ പിന്തുണയ്ക്കുന്ന ഭൂരിപക്ഷം സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളും മൗനം പാലിക്കാൻ ആണ് സാധ്യത. പാർട്ടി സംസ്ഥാന കൗൺസിൽ വിളിച്ചാൽ യോജിപ്പുകൾ ഉയരും എന്നതിനാൽ സംസ്ഥാന കൗൺസിൽ വലിക്കുന്നതും സിപിഐ നേതൃത്വം വൈകിപ്പിക്കുകയാണ്.