സിപിഎം- മോദി അനുകൂല പ്രസ്താവനകളിലൂടെ പാർട്ടിയെ വെട്ടിലാക്കിയ ശശി തരൂരിനെ അവഗണിക്കാൻ സംസ്ഥാന കോൺഗ്രസ് നേതൃത്വം. പെരിയ കേസിൽ സിപിഎമ്മിനെതിരായ ഫേസ്ബുക്ക് പോസ്റ്റ് മുക്കിയതിൽ നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. അതേസമയം, തരൂരിന്റെ ഓഫിസിലേക്ക് യൂത്ത് കോൺഗ്രസ് നടത്താനിരുന്ന മാർച്ച് കെപിസിസി ഇടപ്പെട്ട് തടഞ്ഞു.
തഞ്ചത്തിൽ പറഞ്ഞിട്ടും വടിയെടുത്ത് ഉപദേശിച്ചിട്ടും ആശാന്മാർ കണ്ണുരുട്ടിയിട്ടും തിരുത്തുന്ന മട്ടില്ലെന്ന് വ്യക്തമായതോടെ തൽക്കാലം തരൂരിനെ തരൂരിന്റെ പാട്ടിന് വിടാനാണ് കോൺഗ്രസിന്റെ തീരുമാനം. എല്ലാം ഹൈക്കമാൻഡിന് അറിയാമെന്നിരിക്കെ തിരഞ്ഞെടുപ്പ് വർഷത്തിൽ ഇനിയും പ്രതികരിച്ച് വിഷയം വഷളാക്കരുതെന്നാണ് നേതാക്കൾക്കിടയിലുള്ള അഭിപ്രായം.
അതേസമയം, സിപിഎമ്മിനെ നരഭോജികളുമായി ഉപമിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് മുക്കിയതിൽ തരൂരിനെതിരെ പ്രതിഷേധം പുകയുകയാണ്. തലസ്ഥാനത്തെ കെഎസ്‌യുക്കാർ തരൂരിന്റെ ഓഫീസിന് മുൻപിൽ പോസ്റ്ററുകൾ പതിച്ചപ്പോൾ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി മാർച്ച് ചെയ്യാൻ തീരുമാനിച്ചു. ഒരുക്കങ്ങൾ പൂർത്തിയായപ്പോൾ കെപിസിസിയിൽ നിന്ന് എം.ലിജു ഇടപെട്ട് മാർച്ചിൽ നിന്ന് യൂത്ത് കോൺഗ്രസുകാരെ പിന്തിരിപിച്ചു.
അതേസമയം, വിവാദ ലേഖനം എഴുതുന്നതിന് മുൻപും സംസ്ഥാന വ്യവസായ വകുപ്പിനെ തരൂർ പുകഴ്ത്തിയിട്ടുണ്ട്. കൊച്ചി ചേമ്പർ ഓഫ് കോമേഴ്സിന്റെ പരിപാടിയിലായിരുന്നു തരൂരിന്റെ പ്രശംസ. മുന്നണി നേതാക്കൾ ഉൾപ്പെടെ പറഞ്ഞിട്ടും മയപെടാത്ത തരൂരിനെ ഹൈക്കമാൻഡ് ഇടപെട്ട് തിരുത്തുമെന്ന പ്രതീക്ഷിയിലാണ് കെപിസിസി നേതൃത്വം.