തദ്ദേശ തിരഞ്ഞെടുപ്പിലും അതിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പിലും സംസ്ഥാന ബി.ജെ.പിയെ ആരുനയിക്കും? ഈ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ കഴിയുക സ്ഥാനമൊഴിയാന്‍ പോകുന്ന ദേശീയ അധ്യക്ഷന്‍ ജഗത് പ്രകാശ് നഡ്ഡയ്ക്കും തെക്കെ ഇന്ത്യയില്‍ പ്രത്യേകം താല്‍പര്യമുള്ള ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമാണ്. കേരളത്തിന്‍റെ ചുമതലയുള്ള നേതാവ് പ്രകാശ് ജാവഡേക്കര്‍, സംഘടനാ തിരഞ്ഞെടുപ്പ് നിരീക്ഷകന്‍ പ്രഹ്ളാദ് ജോഷി എന്നിവര്‍പോലും അവസാനനിമിഷമെ ആ തീരുമാനമറിയൂ. സാധ്യതകള്‍ ഇങ്ങനെ...
വി.മുരളീധരന്‍ – സംസ്ഥാന പാര്‍ട്ടിപ്രവര്‍ത്തനത്തിലെ പരിചയ സമ്പത്ത്, തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് വോട്ടുവര്‍ധിപ്പിച്ച മുന്‍കാല റെക്കോര്‍ഡ്, ദേശീയ നേതാക്കളുമായുള്ള അടുപ്പം. അതേസമയം മുരളീധരനെ ദേശീയ ജനറല്‍ സെക്രട്ടറി പദവിയിലോ അതിന് മുകളിലോ നിയോഗിക്കാനാണ് സാധ്യത കൂടുതല്‍. ബിരുദമെടുത്തശേഷം പത്താക്ലാസ് പരീക്ഷ ആരെങ്കിലുമെഴുതുമോയെന്ന് അദ്ദേഹം തന്നെ തമാശയായി പറയാറുമുണ്ട്.
എം.ടി. രമേശ് – സംസ്ഥാന സമിതിയിലെ ദീര്‍ഘനാളത്തെ പ്രവര്‍ത്തന പരിചയം, സ്വാഭാവികമായി അടുത്തഘട്ടത്തിലെ ചുമതല എന്നനിലയില്‍ അര്‍ഹമായ സ്ഥാനം. എന്നാല്‍ അദ്ദേഹത്തിന് മുന്നിലുള്ളത് രണ്ടുതിരഞ്ഞെടുപ്പുകള്‍ നേരിടേണ്ട ഭാരിച്ച വെല്ലുവിളി. പരസ്യമായി പറയില്ലെങ്കിലും എന്നും തുടരുന്ന ഗ്രൂപ്പ് സമവാക്യങ്ങള്‍ മറ്റൊരുതലവേദന.
ശോഭാ സുരേന്ദ്രന്‍ – കുറഞ്ഞത് നാല് സംസ്ഥനങ്ങളിലെങ്കില്‍ വനിതാ പ്രസിഡന്‍റുമാര്‍ വരണമെന്ന കേന്ദ്രനിലപാട്, തിരഞ്ഞെടുപ്പുകളിലെ മികച്ച പ്രകടനം, പ്രചാരണവേദികളിലെ മികവ് എന്നിവ അനകൂല ഘടകം. ഗ്രൂപ്പും ഗ്രൂപ്പിലെ ഗ്രൂപ്പും എല്ലാമടങ്ങുന്ന ബി.ജെ.പിയെ രണ്ട് പ്രധാന തിരഞ്ഞെടുപ്പുകളില്‍ നയിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്തമാകും അവര്‍ക്കുമുന്നില്‍.
കെ.സുരേന്ദ്രന്‍ – നിയമസഭാ തിരഞ്ഞെടുപ്പുവരെ സുരേന്ദ്രന്‍ തുടരട്ടെയെന്ന തീരുമാനം വന്നാലും അതിശയിക്കാനില്ല. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആദ്യമായി അക്കൗണ്ട് തുറന്നതും വോട്ടുശതമാനം കൂട്ടിയതും അനുകൂല ഘടകം. എന്നാല്‍ അഞ്ചുവര്‍ഷം കാലാവധി പൂര്‍ത്തിയാക്കിയവര്‍ അധ്യക്ഷന്മാരാകേണ്ടതില്ലെന്ന തീരുമാനം കേരളത്തിന് മാത്രമായി ഒഴിവാക്കുമോയെന്നതാണ് ചോദ്യം.
രാജീവ് ചന്ദ്രശേഖര്‍ – ലോക്സഭാ തിരഞ്ഞെടുപ്പില്‍ കുറഞ്ഞസമയം കൊണ്ട് തലസ്ഥാനത്ത് ചലനമുണ്ടാക്കിയതും. കേന്ദ്രനേതാക്കളുമായുള്ള അടുപ്പവും, പുതുതലമുറ പ്രചാരണ രീതികളും പരിഗണിക്കപ്പെടാം. എന്നാല്‍ ഐ.ടിയുമായി ബന്ധപ്പെട്ട സര്‍ക്കാരിലും പാര്‍ട്ടിയിലും മറ്റ് പ്രധാന ചുമതലകള്‍ ദേശീയതലത്തില്‍ അദ്ദേഹം നിര്‍വഹിക്കുന്നതിനാല്‍ കേരളത്തില്‍ നിയോഗിക്കാന്‍ സാധ്യത കുറവ്. സംസ്ഥാന രാഷ്ട്രീയത്തിലെ പരിചയക്കുറവ് മറ്റൊരുകാരണം.
ഏതാനും ദിവസങ്ങള്‍ക്കകം പ്രഹ്ളാദ് ജോഷി കേരളത്തിലെത്തുന്നുണ്ട്. കേന്ദ്ര നേതൃത്വത്തിന്‍റെ മനസിലെന്താണെന്ന് അപ്പോഴറിയാം.