15 പെൺകുട്ടികളെയും ഒരു ആൺകുട്ടിയെയും രാഹുൽ പീഡിപ്പിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബലാല്‍സംഗക്കേസില്‍ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റ് വൈകുന്നതിരെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കെ സുരേന്ദ്രന്‍. രാഹുലിന്‍റെ അറസ്റ്റ് വൈകുന്നത് തെളിവുകൾ നശിപ്പിക്കാനുള്ള അവസരമൊരുക്കുകയാണെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. അതേസമയം രാഹുലിനെതിരെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും രംഗത്തെത്തി. രാഹുലിന്റെ പുണ്യാളൻ പരിവേഷം അഴിഞ്ഞുവീണെന്നും പശ്ചാത്താപമുണ്ടെങ്കിൽ രാഹുല്‍ രാഷ്ട്രീയ വനവാസത്തിന് പോകണമെന്നും വെളളാപ്പളളി തുറന്നടിച്ചു.
കെ സുരേന്ദ്രന്‍റെ വാക്കുകള്‍..'ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. രാഹുലിന് എല്ലാവിധ പിന്തുണയും നല്‍കുന്നത് കോണ്‍ഗ്രസിലിപ്പോള്‍ പുതുതായി വളര്‍ന്നുവന്നിട്ടുളള ഒരു അധോലോക സംഘമാണ്. അതില്‍ എംഎല്‍എമാര്‍ മാത്രമല്ല അതിനുമുകളിലുളള ജനപ്രതിനിധികളുമുണ്ട്. ഇത് കേരളത്തിന് കേട്ടുകേള്‍വിയില്ലാത്ത സംഭവങ്ങളാണ്. ഒരു പെണ്‍കുട്ടിയുടെ മാത്രം പീഡനത്തിന്‍റെ വിവരങ്ങളല്ല. ശാരീരികമായി പീഡിപ്പിക്കുക, അവരെ ഗര്‍ഭിണിയാക്കുക, പിന്നീട് അശാസ്ത്രീയ ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുക, ഭീഷണിപ്പെടുത്തുക ഇതെല്ലാം ഈ കേസിന്‍റെ മാനം വലുതാക്കുന്നതാണ്'.
'ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ് ഉണ്ടായിരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ മുങ്ങിയതിന് പിന്നിലും ഉന്നതരുടെ പങ്കുണ്ട്. ഈ കേസിനെ ഗൗരവത്തോടെ എടുക്കാന്‍ കേരള പൊലീസ് തയാറാകണം. 15ലധികം പെണ്‍കുട്ടികള്‍ അതിക്രൂരമായി പീഡിപ്പിക്കപ്പെടുകയും പരാതിപ്പെടാതിരിക്കാന്‍ അവരെ വലിയ തോതില്‍ സമ്മര്‍ദ്ദത്തിലാക്കിയതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കളമശേരിയില്‍ ഒരു വിദ്യാര്‍ഥിയെ പീഡിപ്പിച്ച് ശസ്ത്രക്രിയയ്ക്കടക്കം വിധേയനാക്കേണ്ടിവന്ന സംഭവത്തിന്‍റെ വിവരങ്ങള്‍ കേരള പൊലീസിന് ലഭിച്ചതാണ്. പക്ഷേ അവര്‍ ഒരിഞ്ചുപോലും ആ അന്വേഷണത്തില്‍ മുന്നോട്ടുപോയില്ല. കുറ്റകൃത്യത്തിനു പിന്നിലുള്ള എല്ലാവരെയും പുറത്തുകൊണ്ടുവരണം' കെ സുരേന്ദ്രന്‍ പറഞ്ഞു.
വെളളാപ്പളളിയുടെ വാക്കുകള്‍ ഇങ്ങനെ..ഈ പ്രശ്നങ്ങളുടെ തുടക്കം മുതല്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു പുണ്യാളന്‍റെ വേഷമാണ് അണിഞ്ഞിരുന്നത്. പക്ഷേ ആ പൊയ്മുഖം അഴിഞ്ഞുവീണു. മീഡിയ അടക്കം എല്ലവരും ആരോപണങ്ങളെപ്പറ്റി പറഞ്ഞപ്പോഴും രാഹുല്‍ പറഞ്ഞത് ആരും എനിക്കെതിരെ കേസ് കൊടുത്തിട്ടില്ലല്ലോ? പിന്നെ ഞാൻ എന്തിനാ രാജി വെക്കുന്നത് എന്നാണ്. എന്‍റെ പേരില്‍ ഒരു കേസും ഇല്ല, ഞാനെന്ത് തെറ്റാണ് ചെയ്തത് എന്നൊക്കെയാണ്. പക്ഷേ ഇപ്പോൾ കേസ് ഉണ്ടായി. ഇപ്പോൾ രാഹുൽ മാങ്കൂട്ടത്തിൽ എന്ന് പറഞ്ഞാൽ മഷി ഇട്ടാൽ പോലും കാണാത്ത പോലെ ഒളിവിലാണ്. രാഹുല്‍ പറഞ്ഞതിനെല്ലാം വിപരീതമായാണ് സംഭവിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ മനസ്സാക്ഷിക്ക് എന്ത് ചെയ്യണമെന്ന് അദ്ദേഹം തന്നെ ആലോചിക്കട്ടെ' വെളളാപ്പളളി പറഞ്ഞു.
അതേസമയം ബലാത്സംഗ കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍ തിരുവനന്തപുരം ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ബലാല്‍സംഗം ചെയ്തിട്ടില്ലെന്നും ഗര്‍ഭഛിദ്ര ആരോപണം കെട്ടിച്ചമച്ചതെന്നും രാഹുല്‍ മുന്‍കൂര്‍ ജാമ്യാേപക്ഷയില്‍ പറയുന്നു. പരാതിക്കാരിയായ യുവതിയുമായി ദീര്‍ഘകാലത്തെ സൗഹൃദമുണ്ട്. യുവതിയുടെ പരാതി വ്യാജവും രാഷ്ട്രീയ പ്രേരിതവുമാണ്. പരാതി സിപിഎം, ബിജെപി ഗൂഢാലോചനയുടെ ഭാഗമെന്നും രാഹുല്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു.