കിഫ്ബി ടോള്‍ ഇടതുമുന്നണി തീരുമാനമെടുത്തെന്ന കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍റെ നിലപാടിനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ഇക്കാര്യം ചര്‍ച്ചയും തീരുമാനവുമുണ്ടായിട്ടില്ലെന്ന് എം.വി.ഗോവിന്ദന്‍ പറഞ്ഞു . മദ്യനിര്‍മാണശാലയുടെ കാര്യത്തില്‍ പിന്നോട്ട് പോകേണ്ട കാര്യമില്ലെന്നും എന്നാല്‍ പിടിവാശിയില്ലെന്നും എം.വി.ഗോവിന്ദന്‍ നിലപാട് വ്യക്തമാക്കി.
സിപിഎമ്മും എല്‍ഡിഎഫും നേരിടുന്ന രണ്ടു പ്രതിസന്ധികളാണ് പാലക്കാട് മദ്യ പ്ലാന്‍റും കിഫ്ബി റോഡുകളിലെ ടോള്‍ പിരിവും. ടോള്‍ എല്‍ഡിഎഫ് ചര്‍ച്ച ചെയ്തു തീരുമാനമെടുത്തുവെന്നും ഇനി മന്ത്രിസഭ മാത്രം തീരുമാനമെടുത്താല്‍ മതിയെന്നുമുള്ള മുന്നണി കണ്‍വീനറുടെ പ്രസ്താവന ഉടന്‍ ടോള്‍ എന്ന ആശയകുഴപ്പമുണ്ടാക്കി.
മുന്നണിയില്‍ ചര്‍ച്ച ചെയ്യാത്ത കാര്യം തീരുമാനമായെന്ന് പറഞ്ഞത് ഘടകക്ഷികളില്‍ അതൃപ്തിക്ക് കാരണമായി. ഇതോടെയാണ് ടിപി രാമകൃഷ്ണനെ എംവി ഗോവിന്ദന്‍ തള്ളിയത്. മദ്യ നിര്‍മാണ ശാല പ്രശ്നം എല്‍ഡിഎഫ് ചര്‍ച്ചചെയ്യാനിരിക്കെ ഇതുമായി ബന്ധപ്പെട്ട് അനുകൂലമായ പ്രതികൂലമായോ തീരുമാനങ്ങള്‍ എടുക്കേണ്ടെന്നാണ് സിപിഎം സര്‍ക്കാരിന് നല്‍കയിരിക്കുന്ന നിര്‍ദേശം. എന്നാല്‍ മദ്യനിര്‍മാണ ശാലയുമായി മുന്നോട്ട് പോകുമെന്നും പിന്‍മാറേണ്ട പ്രശ്നമില്ലെന്നും എം ഗോവിന്ദന്‍ പരസ്യപ്രതികരണം നടത്തി. മുന്നണിയില്‍ ചര്‍ച്ച ചെയ്യാനിരിക്കെ പിടിവാശിയില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കൂട്ടിചേര്‍ത്തു
ഒയാസിസ് കമ്പനിയുടെ ഭൂമിതരം മാറ്റത്തിന് അനുമതി നിഷേധിച്ചത് സിപിഐയുടെ എതിര്‍പ്പായി കാണുന്നില്ലെന്നാണ് സിപിഎം നിലപാട്.