തിരക്കുള്ള റേഡിലൂടെ കുഞ്ഞിനെ സ്കൂട്ടറിന് പിന്നിൽ നിർത്തി അപകട യാത്ര. കൊല്ലം തിരുമംഗലം ദേശീയപാതയിലാണ് സംഭവം. പുറകിലെ വാഹനത്തില്‍ സഞ്ചരിച്ച യാത്രക്കാര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കുഞ്ഞുമായുള്ള ഈ അപകടയാത്രയില്‍ മോട്ടോർ വാഹന വകുപ്പ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
യാതൊരു സുരക്ഷാ ക്രമീകരണങ്ങളുമില്ലാതെ വാഹനമോടിക്കുന്നയാളുടെ തോളിൽ പിടിച്ചുനിൽക്കുന്ന നിലയിലായിരുന്നു കുഞ്ഞ്. അമിതവേഗത്തിൽ വാഹനങ്ങൾ ചീറിപ്പായുന്ന ദേശീയപാതയിലൂടെയുള്ള ഈ യാത്ര വലിയ അപകടഭീഷണിയാണ് ഉയർത്തിയത്. കൂടാതെ, വാഹനമോടിച്ചയാളോ കുട്ടിയോ ഹെൽമറ്റ് ധരിച്ചിരുന്നില്ലെന്നും ദൃശ്യങ്ങളിൽ വ്യക്തമാണ്. വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഉടമയെയും വാഹനമോടിച്ചയാളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾക്കെതിരെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് ആർടിഒ അധികൃതർ അറിയിച്ചു.
കുട്ടികളെ വാഹനത്തിൽ നിർത്തിക്കൊണ്ടുപോകുന്നതും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതും അപകടകരമായ ഡ്രൈവിങ് സെക്ഷന്‍ 184ന്റെ പരിധിയിൽ വരും. ഇതിന് കനത്ത പിഴയും ലൈസൻസ് റദ്ദാക്കലും ഉൾപ്പെടെയുള്ള ശിക്ഷകൾ ലഭിക്കാവുന്നതാണ്. ചെറിയൊരു ബ്രേക്ക് ചവിട്ടുകയോ വാഹനം ഒന്ന് ഉലയുകയോ ചെയ്താൽ കുട്ടി റോഡിലേക്ക് തെറിച്ചുവീഴാൻ സാധ്യതയുള്ള അതീവ ഗുരുതരമായ സാഹചര്യമായിരുന്നു ഇത്.
അടുത്തിടെ കൊച്ചി തൃക്കാക്കര പൈപ്പ് ലൈൻ റോഡിലൂടെ ഒരു സ്കൂട്ടറിൽ അഞ്ച് വിദ്യാർഥികൾ ഒരുമിച്ച് അപകടകരമായി യാത്ര ചെയ്ത സംഭവത്തിൽ എംവിഡി കർശന നടപടിയെടുത്തിരുന്നു. വാഹനമോടിച്ച വിദ്യാർത്ഥിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും പിഴ ഈടാക്കുന്നതിനൊപ്പം വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും നിർബന്ധിത ബോധവൽക്കരണ ക്ലാസിൽ പങ്കെടുപ്പിക്കുകയും ചെയ്തിരുന്നു.