ദുബായില്‍ ആശുപത്രിയില്‍ കഴിയുന്ന കെ.സുധാകരന് എം.പിയെ കാണാന്‍ മകന് അനുമതി. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ദുബായ് ആശുപത്രി അധികൃതരെ വിളിച്ചു. കെ.സുധാകരന് നിരീക്ഷണത്തിലെന്ന് മറുപടി. ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്നും ഡോക്ടര്‍മാര്‍. നേരത്തെ ആശുപത്രി അധികൃതര്‍ അച്ഛനെ കാണാന്‍ അനുവദിക്കുന്നില്ല എന്ന് മകന് സംജോഗ് സുധാകരൻ പരാതിപ്പെട്ടിരുന്നു. Also Read: രാഹുല്‍ അന്ന് ഡിഎംകെയെ കൈവിട്ട് വിജയ്ക്ക് കൈകൊടുത്തു; കോൺഗ്രസിനോട് സ്റ്റാലിന്റെ കണക്കുതീർക്കലോ?
മണ്ഡല പുനർനിർണയ ബില്ലിനെതിരായ വോട്ടെടുപ്പിൽ പങ്കെടുക്കാൻ കെ. സുധാകരന് പാർലമെന്റിലെത്താനാകുമോ എന്ന ആശങ്ക ശക്തമാകുന്നു. നിലവിൽ ദുബായിലെ ആശുപത്രിയിൽ ഐസിയുവിലാണ് സുധാകരൻ. ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്നതിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
എന്നാൽ സുധാകരന്റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് ദുരൂഹതയുണ്ടെന്നാണ് മകൻ സംജോഗ് സുധാകരന്റെ ആരോപിണം. ആശുപത്രി അധികൃതർ അച്ഛനെ കാണാൻ അനുവദിക്കുന്നില്ലെന്നും അച്ഛൻ മറ്റാരുടെയോ നിയന്ത്രണത്തിലാണോയെന്ന് സംശയിക്കുന്നതായും സംജോഗ് ആരോപിച്ചു. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തണമെന്ന് കോൺഗ്രസ് നേതാക്കൾ കെ. സുധാകരനെ അറിയിച്ചിരുന്നു. മണ്ഡല പുനർനിർണയ ബില്ലിലെ നിർണായക വോട്ടെടുപ്പിൽ അദ്ദേഹത്തിന്റെ സാന്നിധ്യം സംബന്ധിച്ച ആശങ്കകൾക്കിടെയാണ് പുതിയ ആരോപണങ്ങൾ ഉയരുന്നത്.
കെ. സുധാകരനെ ബന്ധപ്പെടാൻ കഴിയാത്തത് ആശങ്കയുണ്ടാക്കുന്നതായി ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് പറഞ്ഞു. സുധാകരനെ പാർലമെന്റിൽ എത്തിക്കാതിരിക്കാനുള്ള ശ്രമം നടക്കുന്നുണ്ടോയെന്ന് സംശയിക്കുന്നതായും ഇതിന് പിന്നിൽ ബിജെപി ആയിരിക്കാമെന്നും അദ്ദേഹം ആരോപിച്ചു.