തിരുവനന്തപുരം ചാല മാർക്കറ്റിലെ കൊത്തുവാൾ തെരുവിൽ സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നടത്തിയ റോഡ് നവീകരണം വ്യാപാരികൾക്കും തൊഴിലാളികൾക്കും കടുത്ത ദുരിതമായി മാറി. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി പ്രധാന റോഡ് കോൺക്രീറ്റിട്ട് ഉയർത്തിയതോടെ സമീപത്തെ ഇടവഴികൾ താഴ്ചയിലായതാണ് വെള്ളക്കെട്ടിന് കാരണമായത്.
മഴ പെയ്യുമ്പോൾ പ്രധാന റോഡിലെ വെള്ളം ഓടകളിലെ മാലിന്യവുമായി കലർന്ന് ഇടവഴികളിലും കടകൾക്ക് മുന്നിലും കെട്ടിക്കിടക്കുന്നതിനാൽ കടകൾ തുറക്കാൻ പോലും കഴിയാത്ത അവസ്ഥയാണുള്ളത്.
മേഘവിസ്ഫോടനത്തിനോട് സമാനമായ കനത്ത മഴയില്‍ തിരുവനന്തപുരം നഗരത്തിലെ മിക്കയിടങ്ങളും വെള്ളത്തിലായി. പതിവ് പോലെ ചാല മാര്‍ക്കറ്റും. എന്നാല്‍, എല്ലായിടങ്ങളിലും മഴ മാറി മണിക്കൂറുകള്‍ക്കകം വെള്ളം ഇറങ്ങിയെങ്കിലും ചാല മാര്‍ക്കറ്റിലെ കൊത്തുവാള്‍ സ്ട്രീറ്റില്‍ സ്ഥിതി വ്യത്യസ്ഥം. ദുർഗന്ധം കാരണം മൂക്ക് പൊത്താതെ അരികിലൂടെ നടക്കാൻ പോലും സാധിക്കാത്ത സ്ഥിതിയാണ്. രണ്ട് വർഷം മുമ്പ് സ്മാർട്ട് സിറ്റി പദ്ധതി പ്രകാരം പ്രധാന റോഡ് കോൺക്രീറ്റിട്ട് ഉയർത്തിയതിന് ശേഷമാണ് ചെറിയ മഴയിൽ പോലും ഇടവഴികളിൽ വെള്ളം ഒഴുകിപ്പോകാതെ കെട്ടിക്കിടക്കാൻ തുടങ്ങിയത്.
കെട്ടി നില്ക്കുന്ന മലിനവെള്ളത്തിലൂടെ ചുമടുകളുമായി നടക്കേണ്ടി വരുന്ന തൊഴലാളികള്‍ നേരിടുന്നത് വലിയ ആരോഗ്യ പ്രതിസന്ധി കൂടിയാണ്. വ്യാപാരികളുമായി കൂടിയാലോചിക്കാതെയും ഇടവഴികളില്‍ വെള്ളം ഒഴുകിപ്പോകാനുള്ള മാര്‍ഗം ഉറപ്പാക്കാതെയും നടത്തിയ റോഡ് വികസനം എങ്ങനെയാണ് ഒരു കൂട്ടം മനുഷ്യരുടെ ഉപജീവനത്തെ തന്നെ പ്രതിസന്ധിയിലാക്കുന്നത് എന്നതിന്റെ ഉത്തമ ഉദാഹരമാണ് കൊത്തുവാള്‍ സ്ട്രീറ്റ്. ശാശ്വത പരിഹാരത്തിനായി കോര്‍പറേഷന്റെയും സര്‍ക്കാരിന്റെയും അടിയന്തര ഇടപെടല്‍ തേടുകയാണ് വ്യപാരികള്‍.