• കോഴിക്കോട് മുക്കം കല്ലുരുട്ടിയിലെ എസ്എംഎ ബാധിതരായ മൂന്ന് കുരുന്നുകളുടെ ചികിത്സയ്ക്കായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി രണ്ട് കോടി രൂപ ധനസഹായം നൽകും.

കോഴിക്കോട് മുക്കം കല്ലുരുട്ടിയിലെ എസ്എംഎ ബാധിതരായ മൂന്ന് കുരുന്നുകളുടെ ചികിത്സയ്ക്കായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി രണ്ട് കോടി രൂപ ധനസഹായം നൽകും. കുടുംബവുമായി നടത്തിയ ചർച്ചയിലാണ് സഹായം നൽകാൻ തീരുമാനമായത്. ലുലു ഗ്രൂപ്പ് പ്രതിനിധികൾ ഇന്ന് കുട്ടികളുടെ മാതാപിതാക്കളെ നേരിൽ കണ്ട് ധനസഹായം കൈമാറും.

 

കുട്ടികളുടെ ചികിത്സയ്ക്കായി ധനസഹായം നൽകുമെന്ന് എം.എ. യൂസഫലി ഇന്നലെയാണ് പ്രഖ്യാപിച്ചത്. എഥൻ, ഒലിവർ, ഡേവിഡ് എന്നീ മൂന്ന് കുരുന്നുകളുടെ ചികിത്സയ്ക്കായി ഇതുവരെ 35 കോടി രൂപ സമാഹരിച്ചിട്ടുണ്ട്. ആകെ 50 കോടി രൂപയാണ് ചികിത്സയ്ക്കായി ആവശ്യമായത്.

 

ഒറ്റപ്രസവത്തിലൂടെ ജനിച്ച മൂന്ന് കുഞ്ഞുങ്ങളും എസ്എംഎ ബാധിതരാണെന്നറിഞ്ഞതോടെയാണ് കല്ലുരുട്ടിയും പരിസരപ്രദേശങ്ങളും ഒന്നാകെ ധനസമാഹരണത്തിനായി രംഗത്തിറങ്ങിയത്. നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരുടെ സഹായത്തോടെ രാപകലില്ലാതെ ധനശേഖരണം തുടരുകയാണ്.

 

കുട്ടികളുടെ ചികിത്സയ്ക്കായി നിർദേശിക്കപ്പെട്ട സോൾജെൻസ്മ ജീൻ തെറാപ്പി മരുന്നിന്റെ നിർമാതാക്കളായ നോവാർട്ടിസുമായി വില സംബന്ധിച്ച ചർച്ചകളും പുരോഗമിക്കുകയാണ്. കമ്പനിയുടെ ഇന്ത്യയിലെ ഔദ്യോഗിക പ്രതിനിധികൾ മുഖേനയാണ് ചർച്ചകൾ നടത്തുന്നത്. മരുന്നിന്റെ വിലയിൽ പരമാവധി ഇളവ് അനുവദിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കുടുംബവും നാട്ടുകാരും.

ENGLISH SUMMARY:

Lulu Group Chairman M.A. Yusuff Ali has pledged ₹2 crore towards the treatment of Ethan, Oliver and David, three SMA-affected triplets from Kallurutty in Kozhikode. The assistance will be handed over to their parents by Lulu Group representatives. With ₹35 crore already raised against the estimated ₹50 crore treatment cost, fundraising efforts continue. Meanwhile, the family is negotiating with Novartis for a possible reduction in the price of the Zolgensma gene therapy drug.