• ഇടുക്കി ചിന്നക്കനാലിനെ ഭീതിയിലാഴ്ത്തിയ കാട്ടാന ചക്കക്കൊമ്പനെ പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യം താൽക്കാലികമായി അവസാനിപ്പിച്ച് വനംവകുപ്പ്. വെള്ളിയാഴ്ച രണ്ട് തവണ മയക്കുവെടി വെച്ചിട്ടും ആനയ്ക്ക് റേഡിയോ കോളർ ഘടിപ്പിക്കാൻ സാധിച്ചില്ല.

ഇടുക്കി ചിന്നക്കനാലിനെ ഭീതിയിലാഴ്ത്തിയ കാട്ടാന ചക്കക്കൊമ്പനെ പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യം താൽക്കാലികമായി അവസാനിപ്പിച്ച് വനംവകുപ്പ്. വെള്ളിയാഴ്ച രണ്ട് തവണ മയക്കുവെടി വെച്ചിട്ടും ആനയ്ക്ക് റേഡിയോ കോളർ ഘടിപ്പിക്കാൻ സാധിച്ചില്ല. ആനയുടെ ആരോഗ്യസ്ഥിതിയും തുടർന്നുള്ള സാഹചര്യങ്ങളും പരിഗണിച്ചാണ് ദൗത്യം താൽക്കാലികമായി നിർത്തിവെച്ചത്.

ദൗത്യം അവസാനിപ്പിച്ചെങ്കിലും ചക്കക്കൊമ്പന്റെ നീക്കങ്ങൾ വനംവകുപ്പ് നിരീക്ഷിക്കുന്നത് തുടരും. അടുത്ത അഞ്ച് ദിവസം ആർആർടിയുടെ നേതൃത്വത്തിൽ ഡ്രോൺ ഉപയോഗിച്ച് ആനയെ നിരീക്ഷിക്കും. ആന ആരോഗ്യവാനാണെന്നും വനംവകുപ്പ് അറിയിച്ചു. കാലാവസ്ഥയും സാഹചര്യങ്ങളും അനുകൂലമാകുന്ന സീസണിൽ റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യം പുനരാരംഭിക്കാനാണ് തീരുമാനം.

വെള്ളിയാഴ്ച രാവിലെ നടുത്തുരുത്തി, വിമലപാറ മേഖലകൾ കടന്ന് ആനയിറങ്കൽ ഡാമിലെ വെള്ളത്തിലൂടെ ഇടിക്കുഴിയിലെത്തിയ ചക്കക്കൊമ്പൻ ഉച്ചയോടെ 301 കോളനി ഭാഗത്തേക്ക് നീങ്ങി. ദൗത്യത്തിന് അനുയോജ്യമായ സ്ഥലമാണെന്ന് വിലയിരുത്തിയതിനെ തുടർന്ന് സംഘം രണ്ട് തവണ മയക്കുവെടി പ്രയോഗിച്ചു. മയക്കുവെടിയേറ്റതിനെ തുടർന്ന് കുറച്ചുനേരം അനങ്ങാതെ നിന്ന ആന പിന്നീട് ആനയിറങ്കൽ ഡാമിലേക്ക് ഇറങ്ങിയത് ദൗത്യസംഘത്തെ ആശങ്കയിലാക്കി. വെള്ളത്തിലിറങ്ങിയതോടെ ആന തളരുന്നതായി കണ്ടതിനെ തുടർന്ന് മയക്കം മാറ്റാനുള്ള മരുന്ന് സ്ഥലത്തുവെച്ചുതന്നെ നൽകി.

തുടർന്ന് നീന്തി കരയിലെത്തിയ ആന വനംവകുപ്പ് സംഘത്തിന് നേരെ തിരിഞ്ഞതായും റിപ്പോർട്ടുണ്ട്. ഇതിനിടയിലും റേഡിയോ കോളർ ഘടിപ്പിക്കാനുള്ള മറ്റൊരു ശ്രമം കൂടി നടത്താൻ ദൗത്യസംഘം ആലോചിച്ചെങ്കിലും ആന കാട്ടിലേക്ക് നീങ്ങിയതും ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത് തീരുമാനം ഉപേക്ഷിക്കുകയായിരുന്നു. നിലവിൽ ചക്കക്കൊമ്പന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ. ദൗത്യം താൽക്കാലികമായി അവസാനിപ്പിച്ചെങ്കിലും ആനയുടെ സഞ്ചാരവും ആരോഗ്യസ്ഥിതിയും നിരീക്ഷിച്ച് തുടർനടപടികൾ സ്വീകരിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.

ENGLISH SUMMARY:

The Forest Department has temporarily suspended its mission to capture and radio-collar Chakkakomban, the wild elephant in Idukki's Chinnakanal, after two tranquiliser attempts failed to facilitate the operation. The elephant entered Anayirankal Dam after being tranquilised, prompting officials to administer medication to reverse the effects. The department has confirmed that the elephant is healthy and will monitor its movements using drones for five days. The radio-collaring mission may resume in a more favourable season.