പഴകിയതും പുഴുവരിച്ചതുമായ കോഴിമുട്ടകൾ പിടിച്ചെടുത്ത കോഴിക്കോട് മാവൂരിലെ രണ്ട് കടകളില്‍ വീണ്ടും ഗുരുതര വീഴ്ച കണ്ടെത്തി. ഇവര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്യാനുള്ള നടപടി തുടങ്ങിയതായി വീണ്ടും പരിശോധ നടത്തിയ ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥര്‍ പറഞ്ഞു.  കഴിഞ്ഞദിവസം പിടിച്ചെടുത്ത മുട്ടകൾ സ്വന്തം ചെലവിൽ നശിപ്പിക്കാനും സ്ഥാപന ഉടമകൾക്ക് നിർദേശം നല്‍കി. 

മാവൂർ കൂളിമാട് റോഡിലെ പുനത്തിൽ എഗ് ട്രേഡേഴ്സ്, പി.യു. എഗ് ട്രേഡേഴ്സ് എന്നിവിടങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ചൊവ്വാഴ്ച നടത്തിയ പരിശോധനയിലാണ് പതിനേഴായിരത്തോളം പഴകിയ മുട്ടകള്‍ കണ്ടെടുത്തത്. ബേക്കറികളിലേക്ക് വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്നതായിരുന്നു. പരിശോധന കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞിട്ടും നിലവിലുള്ള സ്റ്റോക്കിലെ പഴകിയ മുട്ടകള്‍ നശിപ്പിക്കാന്‍ കടക്കാര്‍ തയാറായില്ല. കടയിലെ ജീവനക്കാരുടെ എണ്ണം സംബന്ധിച്ച് പരസ്പര വിരുദ്ധമായ വിവരങ്ങളാണ് കടയുടമകള്‍ നല്‍കിയത്. 

ജീവനക്കാർക്ക് മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ല. ഇവിടേക്ക് മുട്ട വിതരണം ചെയ്യുന്നവരുടെ വിവരങ്ങള്‍ കൈമാറാനും ഉടമകള്‍ തയാറായില്ല. 

നിലവില്‍ കടയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. കൂടുതല്‍ നിയമലംഘനം കണ്ടെത്തിയതോടെ കേസ് ഫയല്‍ ചെയ്ത് ആര്‍ഡിഒയ്ക്ക് കൈമാറാനാണ് തീരുമാനം.

കേടായ മുട്ടകള്‍ എത്രയും വേഗം സ്വന്തം ചെലവില്‍ നശിപ്പിക്കാന്‍ കടക്കാരോട് നിര്‍ദേശിച്ചു. നേരിട്ട് ഓഫിസില്‍ ഹാജരാകാനും നോട്ടീസ് നല്‍കിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ ഓഫീസർമാരായ  ഡോ. എ.പി. അനു സി.എ. വിമല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. 

ENGLISH SUMMARY:

Malayala Manorama Online News reports that food safety officials discovered severe violations and suspended the licenses of two egg trading shops in Mavoor, Kozhikode, after seizing thousands of rotten eggs intended for bakeries. The shop owners were instructed to destroy the spoiled eggs at their own expense and now face formal legal action.