ദക്ഷിണേന്ത്യയിലെ ഏറ്റവും വിപുലമായ ഡിജിറ്റല്‍ കേബിള്‍, ബ്രോഡ്കാസ്റ്റ്, ബ്രോഡ്ബാന്‍ഡ് എക്സിബിഷനായ 'മെഗാ കേബിള്‍ ഫെസ്റ്റിന്റെ' 24-ാമത് എഡിഷന് കൊച്ചി കടവന്ത്രയിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പ്രൗഡോജ്ജ്വല തുടക്കം. സിഒഎ, കേരളവിഷന് എന്നിവയുടെ ആഭിമുഖ്യത്തില്‍ കേരള ഇന്‍ഫോ മീഡിയ സംഘടിപ്പിക്കുന്ന ഫെസ്റ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം മുന്‍ ചീഫ് സെക്രട്ടറിയും കൊച്ചി ബിനാലെ ഫൗണ്ടേഷന് ചെയര്‍മാനുമായ ഡോ. വേണു ഐ.എ.എസ്.(റിട്ട.) നിര്‍വ്വഹിച്ചു. സി.ഒ.എ സംസ്ഥാന പ്രസിഡന്റ് പ്രവീണ്‍ മോഹന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജിയോ ഹോട്ട്സ്റ്റാര്‍ മലയാളം എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് കിഷന് കുമാര്‍, കൊച്ചി സെന്‍ട്രല്‍ എ.സി.പി സിബി ടോം എന്നിവര്‍ മുഖ്യാതിഥികളായി.
രാജ്യത്തിന് തന്നെ മാതൃകയായ കൂട്ടായ്മയാണ് കേരളവിഷന്റേതെന്ന് പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് ഡോ. വേണു ഐഎഎസ് പറഞ്ഞു. വന്‍കിട കമ്പനികള്‍ ഇന്‍ഡസ്ട്രിയെയാകെ വിഴുങ്ങുന്ന ഇന്നത്തെ കാലത്ത് സിഒഎയുടേയും കേരളവിഷന്റെയും വളര്‍ച്ചയ്ക്കും പുരോഗതിയ്ക്കും ഏറെ പ്രാധാന്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂട്ടായ്മയുടെ ഈ കരുത്താണ് കേരളവിഷന്റെ വളര്‍ച്ചയ്ക്കും കേബിള്‍ ടിവി, ബ്രോഡ്ബാന്‍ഡ് മേഖലകള്‍ക്ക് പുറമേ മറ്റ് വിവിധങ്ങളായ മേഖലകളിലേക്കും വളരുന്നതിനുള്ള ഊര്ജമാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കണ്ടന്റ്, എന്റര്‍ടെയിന്‍മെന്റ് മേഖലകളില്‍ കേരളം എക്കാലവും മുന്നിലാണെന്നും അതിന് ആക്കം കൂട്ടുന്ന രീതിയില്‍ പുതിയ ചിന്തകള്‍ക്കും മാറ്റങ്ങള്‍ക്കും ആശയങ്ങള്‍ക്കുമുള്ള വേദിയാകട്ടെ ഈ എക്സിബിഷനെന്ന് ജിയോ ഹോട്ട്സ്റ്റാര്‍ മലയാളം എസിക്യൂട്ടീവ് വൈസ് പ്രസിഡന്റ് കിഷന് കുമാര്‍ പറഞ്ഞു. ക്രമസമാധാനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ എല്ലാ മാധ്യമങ്ങളും വസ്തുതകളില്‍ ഉറച്ചുനിന്ന് വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ മാധ്യമങ്ങള്‍ പരിപൂര്‍ണ്ണ ശ്രദ്ധ പുലര്‍ത്തണമെന്ന് എ.സി.പി സിബി ടോം പറഞ്ഞു.
മെഗാ കേബിള്‍ ഫെസ്റ്റ് ജനറല്‍ കണ്‍വീനര്‍ അബൂബക്കര്‍ സിദ്ദിഖ്, സിഒഎ ജനറല്‍ സെക്രട്ടറി പി.ബി സുരേഷ്, ട്രഷറര്‍ ബിനു ശിവദാസ്, കെസിസിഎല്‍ എംഡി അനില്‍ മംഗലത്ത്, കേരള ഇന്‍ഫോ മീഡിയ സിഇഒ എന്‍.ഇ ഹരികുമാര്‍ എന്നിവര്‍ ഉദ്ഘാടന പരിപാടിയില്‍ സംസാരിച്ചു.
നവംബര്‍ 26, 27, 28 തീയതികളില്‍ നടക്കുന്ന മെഗാ കേബിള്‍ ഫെസ്റ്റില്‍ പ്രമുഖ ബ്രോഡ്കാസ്റ്റര്‍മാരും ഡിജിറ്റല്‍ കേബിള്‍, ബ്രോഡ്ബാന്റ് ടെക്നോളജി കമ്പനികളും ട്രേഡര്‍മാരും പങ്കെടുക്കും. ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും ഉല്പന്നങ്ങളും നൂറോളം സ്റ്റാളുകളിലായി പ്രദര്‍ശിപ്പിക്കും. ഏഷ്യാനെറ്റ്, ജിയോ സ്റ്റാര്‍,ടൈംസ് നെറ്റുവര്‍ക്ക്, സോണി പിക്ചേഴ്സ്, ബിബിസി, സീ കേരളം, ഇന്‍ഡ്യ ടുഡേ, ആജ് തക്, സണ്‍ ടിവി തുടങ്ങിയ മുന്‍നിര ചാനലുകള്‍ മെഗാ ഫെസ്റ്റില്‍ പങ്കെടുക്കും. ഡിജിറ്റല്‍ കേബിള്‍ ടിവി, അതിവേഗ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ്, ഐപിടിവി, ഒപ്റ്റിക്കല്‍ ഫൈബര്‍ ടെക്നോളജി, സ്മാര്‍ട്ട് ഹോം സൊല്യൂഷനുകള്‍ തുടങ്ങിയ മേഖലകളിലെ നൂതന ഉപകരണങ്ങള്‍ നേരിട്ട് കണ്ടറിയാനും വാങ്ങാനും ഫെസ്റ്റില്‍ അവസരമുണ്ടാകും. പ്രദര്‍ശനത്തിന് പുറമെ കണ്ടന്റ്, ടെക്നോളജി, മാര്‍ക്കറ്റിംഗ് എന്നീ വിഷയങ്ങളെ ആസ്പദമാക്കി വിദഗ്ദ്ധര്‍ നയിക്കുന്ന സെമിനാറുകളും പാനല്‍ ചര്‍ച്ചകളും മേളയുടെ ഭാഗമായി നടക്കും.
രണ്ടാം ദിവസമായ നവംബര്‍ 27-ന് രാവിലെ സാങ്കേതിക മേഖലയിലെ വിദഗ്ധര്‍ പങ്കാളികളാകുന്ന ടെക്നിക്കല്‍ സെമിനാര്‍ നടക്കും. ഉച്ചയ്ക്ക് 3 മണിക്ക് 'ലൈവ് സ്ട്രീമിംഗ് - ദി ഫ്യൂച്ചര്‍' എന്ന വിഷയത്തില്‍ നടക്കുന്ന ബ്രോഡ്കാസ്റ്റേഴ്സ് മീറ്റില്‍ കെസിസിഎല്‍ ചെയര്മാന് പി.പി. സുരേഷ് കുമാര്‍ മോഡറേറ്ററാകും. ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍സ് വൈസ് ചെയര്മാന് ശങ്കരനാരായണ, ടൈംസ് നെറ്റുവര്‍ക്ക് സീനിയര്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് മുസ്തഫ, ജിയോ സ്റ്റാര്‍ ഡിസ്ട്രിബ്യൂഷന്‍ വൈസ് പ്രസിഡണ്ട് സുരേഷ് മുതലിയാര്‍, മാര്‍ ഇവാനിയസ് കോളേജ് മാസ് കമ്യൂണിക്കേഷന്‍ & ജേര്‍ണലിസം വിഭാഗം മേധാവി എസ്.ആര്. സഞ്ജീവ്, ഡിസ്കവറി കമ്യൂണിക്കേഷന്‍സ് ഇന്ത്യാ ബിസിനസ് കണ്‍സള്‍ട്ടന്റ് സുനില്‍ ഗണപതി എന്നിവര്‍ പങ്കെടുക്കും.
സമാപന ദിവസമായ നവംബര്‍ 28-ന് രാവിലെ 'കേബിള്‍ ചാനലുകളും എ.ഐ, ഐപിടിവി, ഒടിടി സാധ്യതകളും' എന്ന വിഷയത്തിലെ പ്രത്യേക സെമിനാറില്‍ എക്സ്.ആര് ഹൊറൈസണ്‍ സി.ഇ.ഒ ഡെന്‍സില്‍ ആന്റണി, മാധ്യമപ്രവര്‍ത്തകനായ വര്‍ഗീസ് ആന്റണി, കേരളവിഷന് ഡിജിറ്റല്‍ ഐപിടിവി / ഒടിടി വിഭാഗം മേധാവി ഉന്മേഷ് സദാശിവന് എന്നിവര്‍ പങ്കെടുക്കും.
കേബിള്‍, ഇന്റര്‍നെറ്റ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും സാങ്കേതിക വിദ്യയില്‍ താത്പര്യമുള്ളവര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന എക്സിബിഷനിലൂടെ ഈ മേഖലയിലെ പുതിയ സാങ്കേതിക മുന്നേറ്റങ്ങളും ഭാവി സാധ്യതകളും നേരിട്ട് പരിചയപ്പെടാന്‍ കഴിയും.