‘മിഷൻ ചക്കക്കൊമ്പൻ’ ദൗത്യത്തിന്റെ ഭാഗമായി ഇടുക്കി ചിന്നക്കനാൽ പഞ്ചായത്തിലെ ആറ് വാർഡുകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. 1, 2, 9, 10, 11, 12 എന്നീ വാർഡുകളിലെ സ്കൂളുകൾക്കും പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി ബാധകമാകുക. നിരോധനാജ്ഞ പ്രഖ്യാപിച്ച ഈ വാർഡുകളിൽ പൊതുജനങ്ങൾ കൂട്ടം കൂടുന്നതിനും വാഹന ഗതാഗതത്തിനും വിനോദസഞ്ചാര മേഖലയ്ക്കും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നാളെ രാവിലെ ആറ് മണിയോടെ ദൗത്യം ആരംഭിക്കാനാണ് വനം വകുപ്പ് ലക്ഷ്യമിടുന്നത്.
ദൗത്യത്തിന്റെ ഭാഗമായി ക്യാംപ് ഫയർ, ടെന്റ് ക്യാംപിങ് എന്നിവ ദൗത്യം പൂർത്തിയാകുന്നതുവരെ പൂർണ്ണമായും നിരോധിച്ചു. ആറ് വാർഡുകളിലും ദൗത്യമേഖലകളിലും അത്യാവശ്യ ഘട്ടങ്ങളിലെ ആംബുലൻസ് സർവീസുകൾക്കും വനം വകുപ്പിന്റെ വാഹനങ്ങൾക്കും ഒഴികെ മറ്റ് വാഹനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല. മാധ്യമപ്രവർത്തകർക്കും വനം വകുപ്പ് അനുവദിച്ച സ്ഥലങ്ങളിൽ മാത്രമേ നിൽക്കാൻ അനുമതിയുള്ളൂ.
നാല് ഡോക്ടർമാർ അടങ്ങുന്ന വിദഗ്ധ സംഘത്തെ ഉൾപ്പെടുത്തി ആറ് ടീമുകളായി തിരിഞ്ഞാണ് ദൗത്യം നടപ്പാക്കുക. ഇതിന്റെ ഭാഗമായി വനം വകുപ്പ് മോക്ക് ഡ്രിൽ പൂർത്തിയാക്കുകയും ഡിഎഫ്ഒയുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തു. ചക്കക്കൊമ്പനെ നിരപ്പായ പ്രദേശത്ത് എത്തിച്ച് മയക്കുവെടി വെച്ച് റേഡിയോ കോളർ ഘടിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം. 301 കോളനിക്ക് സമീപമുള്ള നിരപ്പായ പ്രദേശത്തോ അരിക്കൊമ്പനെ മയക്കുവെടി വെച്ച സിമന്റ് പാലത്തിന് സമീപത്തോ ആനയെ എത്തിക്കാൻ കഴിയുമെന്നാണ് വനം വകുപ്പിന്റെ പ്രതീക്ഷ.
ആന സ്വാഭാവികമായി ഈ മേഖലയിലേക്ക് എത്തുമെന്നും അല്ലാത്തപക്ഷം ഡാർട്ട് ചെയ്ത് എത്തിക്കേണ്ടിവരുമെന്നും അധികൃതർ വ്യക്തമാക്കി. കുങ്കിയാനകളുടെ സഹായത്തോടെ റേഡിയോ കോളർ ഘടിപ്പിക്കുന്ന ദൗത്യം നാളെയോടെ പൂർത്തിയാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് വനം വകുപ്പ്. നിലവിൽ ആനയെ നിരന്തരം നിരീക്ഷിച്ചുവരികയാണ്.