ഇടുക്കി ചിന്നക്കനാലിലെ അപകടകാരിയായ കാട്ടാന ചക്കക്കൊമ്പനെ നാളെ മയക്ക് വെടിവയ്ക്കും. ഇതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തിയെന്ന് വനം വകുപ്പിന്‍റെ വിശദീകരണം. ചക്കക്കൊമ്പൻ ഇപ്പോഴും ജനവാസ മേഖലയ്ക്ക് സമീപം തുടരുകയാണ്.
നാളെ രാവിലെ ആറുമണിയോടെ മിഷൻ ചക്കക്കൊമ്പന് തുടക്കമാകും. മൂന്നാർ ഡിഎഫ്ഒയുടെ നേതൃത്വത്തിൽ 100 പേരും രണ്ട് കുങ്കി ആനകളുമാണ് ദൗത്യ സംഘത്തിലുള്ളത്. 301 കോളനിയിലെ ആളൊഴിഞ്ഞ ഭാഗം, അരിക്കൊമ്പനെ പിടികൂടിയ സിമന്‍റ് പാലം എന്നിവിടങ്ങളാണ് മയക്കുവെടി വയ്ക്കാൻ അനുയോജ്യമെന്നാണ് വനംവകുപ്പിന്‍റെ കണ്ടെത്തൽ.
80 ഏക്കറിലെ ജനവാസ മേഖലയ്ക്ക് സമീപമുള്ള ചോലവനത്തിലാണ് ചക്കക്കൊമ്പൻ നിലയുറപ്പിച്ചിരിക്കുന്നത്. ആന മതികെട്ടാൻ ചോലയിലേക്ക് പോകാതിരിക്കാൻ നിരീക്ഷണം തുടരുകയാണ്. പ്രശ്നക്കാരനായ കൊമ്പനെ പിടികൂടി നാടുകടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.