ചക്കക്കൊമ്പൻ പെരിയകനാലിനു സമീപം ആനയിറങ്കൽ ജലാശയക്കരയിൽ. 29-4-23
ഇടുക്കിയിലെ ചിന്നക്കനാലിൽ ഒരുകാലത്ത് അരിക്കൊമ്പനായിരുന്നു വാർത്തകളിലെ താരം. അരിക്കൊമ്പനെ പിടികൂടി കാടുകടത്തിയിട്ട് വർഷങ്ങൾ പിന്നിടുമ്പോൾ അതേ ഭൂപ്രദേശത്ത് മറ്റൊരു കൊലക്കൊമ്പന്‍ ചർച്ചയാകുന്നു. ചക്കക്കൊമ്പന്‍. പ്ലാവുകളിൽ ചക്ക തേടിയെത്തിയിരുന്ന കൊമ്പൻ, മനുഷ്യ–വന്യജീവി സംഘർഷത്തിന്റെ പുതിയൊരു അധ്യായമായി മാറി. മയക്കുവെടിവെച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കാനുള്ള വനംവകുപ്പിന്റെ നീക്കം വീണ്ടും ചക്കക്കൊമ്പനെ വാർത്തകളുടെ കേന്ദ്രത്തിലെത്തിച്ചിരിക്കുകയാണ്.
ചക്കക്കൊമ്പൻ – പേര് വന്ന വഴി
പേരിൽ തന്നെയുണ്ട് എല്ലാം. ചക്കയോടുള്ള ഇഷ്ടമാണ് ചക്കക്കൊമ്പൻ എന്ന വിളിപ്പേരിന് പിന്നിൽ. ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിലെ ജനവാസ കേന്ദ്രങ്ങളിലേക്കും കൃഷിയിടങ്ങളിലേക്കും എത്തിയ കൊമ്പന്‍, പ്ലാവുകളിലെ ചക്ക തേടിപ്പിടിച്ച് ഭക്ഷിക്കുന്നതാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ആനയിറങ്കൽ, മൂലത്തുറ, പൂപ്പാറ, കോരമ്പാറ ഭാഗങ്ങളാണ് പ്രധാന ആവാസമേഖല. പ്ലാവിന്റെ ഉയർന്ന കൊമ്പുകളിലുള്ള ചക്ക പോലും തുമ്പിക്കൈ ഉപയോഗിച്ച് പറിച്ചെടുക്കാനുള്ള കഴിവ് ഇവനുണ്ട്. പ്ലാവുകളിൽ തുമ്പി കൈ എത്തുന്ന ഉയരത്തിലാണ് ചക്ക എങ്കിൽ കുഴപ്പമില്ല. അല്ലെങ്കിൽ വലിയ പ്ലാവുകൾ വരെ കുത്തി മറിച്ചിടും. എന്നിട്ട് ചക്ക പറിച്ച് തിന്നും.
പഴുത്ത ചക്ക തന്നെ വേണം എന്നില്ല.. മൂപ്പെത്താത്ത ചക്കയും മൂക്കു മുട്ടെ തിന്നുന്നതാണ് ഇവന്റെ രീതി. നല്ല ഒന്നാന്തരം ചക്കക്കൊതിയന്‍. ചക്ക തിന്നാൻ വേണ്ടി മാത്രം പുരയിടങ്ങളിൽ കയറുന്ന ഒറ്റയാന്‍, ഒരു മയവുമില്ലാതെ കൃഷി നശിപ്പിക്കും. തരം കിട്ടിയാൽ വീടുകളുടെ ഭിത്തിയിലും ഒന്നു കുത്തി കൊമ്പിന്റെ ബലം പരീക്ഷിക്കും....ചക്ക മാത്രമല്ല, വാഴയും ഇഷ്ടഭക്ഷണമാണ്. ചക്ക തേടി വരുന്ന കൊമ്പൻ മറ്റ് വിളകളും ചവിട്ടി നശിപ്പിക്കുന്നത് പതിവായതോടെ നാട്ടുകാര്‍ പ്രതിരോധമാര്‍ഗം തേടി. ചക്കക്കൊമ്പന്റെ വരവ് ഭയന്ന് പല കർഷകരും പ്ലാവുകളിൽ ചക്ക നിർത്താതെയായി. പാകമാകുന്നതിന് മുമ്പുതന്നെ ചക്ക പറിച്ചെടുക്കുന്നവരും മരങ്ങൾ വെട്ടിമാറ്റിയവരുമുണ്ട്. കാട്ടിലുള്ള സമയത്തേക്കാള്‍ കൂടുതല്‍ ഇവന്‍ നാട്ടിലാണ്. അരിയും ചക്കയുമടക്കം ഇഷ്ടമുള്ളതെല്ലാം ഇവിടെ കിട്ടുമ്പോള്‍ പിന്നെന്തിന് കാടുകേറണമെന്ന ചിന്തയിലാണ് ചക്കക്കൊമ്പന്‍.
25 വയസ്സുള്ള കരുത്തൻ
ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം ചക്കക്കൊമ്പന് ഏകദേശം 25 വയസ്സാണ് പ്രായം. അരിക്കൊമ്പനെ നാടുകടത്തുകയും മുറിവാലന്‍ ചരിയുകയും ചെയ്തതോടെ ചിന്നക്കനാൽ മേഖലയിലെ പ്രായപൂർത്തിയായ ഏക കൊമ്പനെന്ന നിലയിലും ചക്കക്കൊമ്പന് പ്രത്യേക പ്രാധാന്യമുണ്ട്.ചിന്നക്കനാൽ മേഖലയിൽ ഏകദേശം 18 കാട്ടാനകളുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇവ ചെറിയ കൂട്ടങ്ങളായാണ് സഞ്ചരിക്കുന്നത്. ചക്കക്കൊമ്പനും അഞ്ച് ആനകളടങ്ങുന്ന ഒരു കൂട്ടത്തിന്റെ ഭാഗമാണ്. കേവലം ഒരു പ്രദേശത്തെ പ്രശ്നക്കാരനായ ഒറ്റയാൻ എന്നതിൽ ഒതുങ്ങുന്നില്ല ചക്കക്കൊമ്പന്റെ പ്രാധാന്യം. അരിക്കൊമ്പനെ പിടികൂടി മാറ്റിയതും, സൂചിക്കൊമ്പൻ വൈദ്യുതാഘാതമേറ്റ് ചരിഞ്ഞതും, മറ്റൊരു കൊമ്പനായ മുറിവാലൻ ചക്കക്കൊമ്പനുമായുള്ള ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റ് ചരിഞ്ഞതും ചിന്നക്കനാലിലെ ആനക്കൂട്ടത്തിന്റെ ഘടനയില്‍ കാര്യമായ മാറ്റമുണ്ടാക്കി.
നിലവിൽ ഈ മേഖലയിലെ ആനകളുടെ പ്രജനനശേഷി നിലനിർത്തുന്നതിൽ ചക്കക്കൊമ്പന് നിർണായക പങ്കുണ്ടെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. ആനകൾക്ക് പ്രജനനത്തിലൂടെ എണ്ണം വർധിപ്പിക്കാൻ ദീർഘകാലം ആവശ്യമാണ്. സാധാരണയായി അഞ്ചോ ആറോ വർഷത്തിലൊരിക്കലാണ് ഒരു പിടിയാനയ്ക്ക് കുഞ്ഞുണ്ടാകുന്നത്. അതിനാൽ പരിമിതമായ എണ്ണത്തിലുള്ള ആനകളുള്ള ഒരു ആവാസവ്യവസ്ഥയിൽ പ്രായപൂർത്തിയായ കൊമ്പന്റെ സാന്നിധ്യം പ്രധാനമാണ്. അതുകൊണ്ട് തന്നെ ചക്കക്കൊമ്പനെ പിടികൂടി മറ്റൊരു മേഖലയിലേക്ക് മാറ്റണം എന്ന ആവശ്യത്തില്‍ വ്യത്യസ്ത അഭിപ്രായമുണ്ട്.
ചക്കക്കൊമ്പന്‍ എന്ന കൊലക്കൊമ്പന്‍
കേവലം ഒരു കാട്ടുകൊമ്പന്‍റെ മാത്രം വിഷയമല്ല ആവാസവ്യവസ്ഥയുടെ ആകെ പ്രശ്നമാണ് എന്ന് വനംമന്ത്രിയടക്കം പറയുമ്പോഴും, ആവാസവ്യവസ്ഥയുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മനുഷ്യരുടെ ആശങ്കകളെ മാറ്റിനിർത്താനാകില്ല. ചക്കക്കൊമ്പന്റെ ആക്രമണത്തില്‍ 2023 ജനുവരി 25-ന് ദ്രുതപ്രതികരണ സംഘത്തിലെ വാച്ചർ ശക്തി കൊല്ലപ്പെട്ടു. ഈ വര്‍ഷം സെപ്റ്റംബർ 23-ന് പന്തള്ളിക്കളം ആദിവാസി മേഖലയിലെ വിജയൻ കൊല്ലപ്പെട്ടതും ചക്കക്കൊമ്പന്റെ ആക്രമണത്തിൽ. ഈ വർഷം കാട്ടാനക്കലിയിൽ ഇടുക്കി ജില്ലയിൽ പൊലിഞ്ഞ നാലാമത്തെ ജീവന്‍. ആദിവാസി കോളനികളിലും കൃഷിയിടങ്ങളോടു ചേർന്നുള്ള വീടുകളിലും കഴിയുന്നവർക്ക് ഈ കൊലക്കൊമ്പന്റെ സാന്നിധ്യം ദൈനംദിന ജീവിതത്തെ ബാധിക്കുന്ന സുരക്ഷാപ്രശ്നമായതോടെയാണ് പിടികൂടി മാറ്റണമെന്ന ആവശ്യം ശക്തമായത്. മനുഷ്യജീവന് മാത്രമല്ല, മറ്റ് ആനകളുടെ ജീവനും ചക്കക്കൊമ്പന്‍ ഭീഷണിയാണ്. മുറിവാലനെ കുത്തിക്കൊന്നതിന് പുറമെ തങ്കക്കുഴിക്ക് സമീപം മൂന്ന് വയസിലധികം പ്രായമുള്ള മറ്റൊരു കുട്ടിക്കൊമ്പനേയും വകവരുത്തി.
സ്ഥിരം ശല്യക്കാരന്‍
ചിന്നക്കനാല്‍ മേഖലയില്‍ ചക്കക്കൊമ്പന്റെ ശല്യം രൂക്ഷമാണ്. കുറച്ചുദിവസം മുന്‍പ് സിങ്ക് കണ്ടം റോഡിലിറങ്ങിയ കൊമ്പനെ നാട്ടുകാർ ബഹളം വച്ചാണ് തുരത്തിയത്. 301ഉന്നതിക്ക് സമീപം സ്ഥിരമായി തമ്പടിക്കുന്ന ഇവന്‍, RRT സ്ഥിരം നിരീക്ഷിക്കുന്ന കാട്ടാനകളില്‍ ഒന്നാണ്. ആനയിറങ്കലില്‍ അരിക്കൊമ്പന്‍ ആറ് തവണ തകര്‍ത്ത റേഷന്‍ കടയേയും ചക്കക്കൊമ്പന്‍ വിട്ടില്ല. അരിക്കൊമ്പനെ നാടുകടത്തിയതോടെ ആശ്വസിച്ചിരിക്കുമ്പോഴാണ്, റേഷന്‍ കടയിലെ അരി തേടി ചക്കക്കൊമ്പന്റെ വരവ്.
സെപ്റ്റംബര്‍ 28ന് പുലര്‍ച്ചെ റേഷൻ കടയുടെ ഭിത്തി തകർത്ത് ചക്കക്കൊമ്പൻ അരിച്ചാക്കുകൾ പുറത്തെടുത്തിട്ട് തിന്നു. റേഷൻ കടയുടെ ഉള്ളില്‍ തന്നെ താമസിച്ചിരുന്ന ജീവനക്കാരിയും കുടുംബവും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. അരിക്കൊമ്പനെ ഭയന്ന് പന്നിയാറിലെ റേഷൻ കടയ്ക്കു ചുറ്റും ഹാങ്ങിങ് ഫെൻസിങ് സ്ഥാപിച്ചിരുന്നു. കഴിഞ്ഞ മാർച്ചിൽ ഈ ഫെൻസിങ് തകർത്ത് അകത്ത് കയറി ചക്കക്കൊമ്പൻ വീണ്ടും റേഷൻകട തകർത്തു. ഇഷ്ടഭക്ഷണമായ ചക്ക വിട്ട് അരി തേടി കൊമ്പന്‍ ഇറങ്ങിയതോടെ മേഖലയിലെ റേഷന്‍ വ്യാപാരികള്‍ക്ക് വീണ്ടും ഉറക്കം നഷ്ടമായി. ചിന്നക്കനാല്‍ പ്രദേശത്തെ കാട്ടാനകളില്‍, ജനവാസ മേഖലകളിലിറങ്ങി വീടുകളും കടകളും തകർക്കുന്നതിൽ മുൻപില്‍ അരിക്കൊമ്പൻ തന്നെയായിരുന്നു. അരിക്കൊമ്പനെ കാടു മാറ്റിയതോടെ ഇൗ ദൗത്യം ചക്കക്കൊമ്പൻ ഏറ്റെടുത്തതു പോലെയാണെന്ന് നാട്ടുകാർ പറയുന്നു
അരിക്കൊമ്പന് പിന്നാലെ മറ്റൊരു ദൗത്യം
അരിക്കൊമ്പനെ പിടികൂടിയ അതേ ചിന്നക്കനാൽ മേഖലയിൽ മറ്റൊരു ആനദൗത്യത്തിനുള്ള ഒരുക്കങ്ങളാണ് ഇപ്പോൾ. എന്നാൽ അരിക്കൊമ്പൻ ദൗത്യത്തിൽനിന്ന് വ്യത്യസ്തമാണ് മിഷന്‍ ചക്കക്കൊമ്പന്‍.ആദ്യഘട്ടത്തിൽ മയക്കുവെടിവെച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് അതിന്റെ സഞ്ചാരപഥം നിരീക്ഷിക്കാനാണ് വനംവകുപ്പ് തീരുമാനിച്ചത്. എന്നാല്‍ പിടികൂടി വീണ്ടും ജനവാസമേഖലയില്‍ തന്നെ വിടുന്നത് അംഗീകരിക്കില്ലെന്ന് ജനപ്രതിനിധികളും പ്രദേശവാസികളും നിലപാട് എടുത്തതോടെ ഇനിയെന്തെന്നതില്‍ അനിശ്ചിതത്വം ഇല്ലാതില്ല.
ആനയെ മറ്റൊരു വനത്തിലേക്ക് മാറ്റിപ്പാർപ്പിക്കുന്ന കാര്യം ആവശ്യമായി വന്നാൽ ഹൈക്കോടതിയുടെ അനുമതിയും നിയമപരമായ നടപടികളും അനുസരിച്ച് തീരുമാനിക്കാമെന്നാണ് വനംമന്ത്രി വ്യക്തമാക്കിയത്.
അരിക്കൊമ്പനെ നേരിട്ട വിക്രം വീണ്ടും ചിന്നക്കനാലിൽ; ഇത്തവണ ലക്ഷ്യം ചക്കക്കൊമ്പൻ. ഒപ്പം ഭരതും!
അരിക്കൊമ്പൻ ദൗത്യത്തിലെ പരിചിത മുഖമാണ് വിക്രം. കേരള വനംവകുപ്പിന്റെ കുങ്കിയാനയാണ്. 2023-ലെ അരിക്കൊമ്പൻ ദൗത്യത്തിൽ വിക്രവും സൂര്യയും ഒരുമിച്ചാണ് പ്രവർത്തിച്ചത്. ഒരിക്കൽ അരിക്കൊമ്പനെ നേരിട്ട അതേ ചിന്നക്കനാലിലേക്ക് മൂന്ന് വര്‍ഷത്തിനിപ്പുറം മറ്റൊരു നിയോഗവുമായി വീണ്ടും എത്തുന്നു എന്നതാണ് പ്രത്യേകത. 34 വയസുണ്ട് വിക്രമിന്. 2017ൽ വയനാട് പൊൻകുഴിയിൽ ഒരാളെ കുത്തിക്കൊന്ന വടക്കനാട് കൊമ്പനെന്ന കാട്ടാനയാണ് വിക്രം... മുത്തങ്ങക്ക് അടുത്ത് വടക്കനാട് മേഖലയെ വിറപ്പിച്ച് വിലസി.
സ്ഥിരം പ്രശ്നക്കാരനായതോടെ 2018 മാര്‍ച്ച് 13 മയക്കുവെടിവച്ച് പിടികൂടി. റേഡിയോ കോളര്‍ ഘടിപ്പിച്ച് കാട്ടില്‍ വിട്ടു..വടക്കനാട് കൊമ്പനെ പിടികൂടാന്‍ നാട്ടുകാര്‍ 22 ദിവസം നീണ്ട നിരാഹാരസമരമാണ് നടത്തിയത്... ഗോത്രവിദ്യാര്‍ഥിയായ മഹേഷിനെ കുത്തിക്കൊന്നതോടെ വീണ്ടും പ്രതിഷേധം ശക്തമായി. അന്ന് രാത്രി തന്നെ മയക്കുവെടി വച്ച് പിടികൂടാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിറക്കി. 2019ൽ വനം വകുപ്പ്‍ പിടികൂടി പരിശീലനം നൽകി വിക്രം എന്ന് പേരിടുകയായിരുന്നു.
മൂന്ന് വര്‍ഷം മുന്‍പ് പാലക്കാട് ധോണിയിൽ പിടി സെവൻ എന്ന അക്രമകാരിയായ ഒറ്റയാനെ പിടികൂടുന്നതില്‍ വിക്രമിനൊപ്പം ദൗത്യസംഘത്തിലുണ്ടായിരുന്ന കുങ്കിയാണ് ഭരത്. കരുത്തനാണ്. വയനാട് വന്യജീവി സങ്കേതത്തിൽ മുത്തങ്ങയോടു ചേർന്ന മേഖലകളെ വിറപ്പിച്ച കല്ലൂർ കൊമ്പനാണ് ഇന്നത്തെ ഭരത്. 2016ൽ വയനാട് കല്ലൂരിലെ കൃഷിയിടങ്ങളിൽ സ്ഥിരം പ്രശ്നക്കാരനായ കൊമ്പനെ നാട്ടുകാർ കല്ലൂർ കൊമ്പനെന്നു വിളിച്ചു.
ഒന്നു കയറിയും മറ്റൊന്ന് ഇറങ്ങിയും കൊമ്പുള്ളവൻ. കല്ലൂർ രാജീവ് ഗാന്ധി ആശ്രമം സ്കൂളിനു സമീപം ഒരാളെ ആക്രമിച്ചു പരുക്കേൽപ്പിച്ചതോടെ മയക്കുവെടി വച്ചു പിടികൂടി കൂട്ടിലാക്കുകയായിരുന്നു. കല്ലൂർ കൊമ്പനെന്ന് പുറമേയ്ക്കു പേരു കേട്ടെങ്കിലും ആനയോട് കൂടുതൽ അടുപ്പമുള്ളവർ പിന്നീട് ഭരതനെന്നു വിളിച്ചു. കാഴ്ചയിൽ വീരശൂരനെങ്കിലും ആളു പച്ചപ്പാവമാണെന്നതാണ് ഭരതനെന്ന പേരു വീഴാൻ കാരണം. ആറാം തമ്പുരാൻ സിനിമയിൽ ഇന്നസന്റ് അവതരിപ്പിച്ച ഭരതൻ എസ്ഐ എന്ന കഥാപാത്രമാണ് അതിനു കാരണമായത് എന്നാണ് കഥ.
ചക്കക്കൊമ്പന്റെ ഭാവി എന്ത്?
ചക്കക്കൊമ്പനെ പിടികൂടുന്നതുകൊണ്ട് മാത്രം ചിന്നക്കനാലിലെ മനുഷ്യ–വന്യജീവി സംഘർഷത്തിന് പരിഹാരമാകുമോ? അതോ ആനകളുടെ സ്വാഭാവിക സഞ്ചാരപാതകൾ വീണ്ടെടുക്കുകയും ആവാസവ്യവസ്ഥ സംരക്ഷിക്കുകയും ചെയ്താൽ മാത്രമേ ശാശ്വത പരിഹാരമുണ്ടാകൂ? ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്.
അതേസമയം, വന്യജീവികളുടെ സ്വാഭാവിക ജീവിതവും ആവാസവ്യവസ്ഥയും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ചക്കക്കൊമ്പൻ ഇന്ന് ഒരു കാട്ടാന മാത്രമല്ല. മനുഷ്യനും വനവും തമ്മിലുള്ള അതിർവരമ്പുകൾ എത്രത്തോളം ദുർബലമായിരിക്കുന്നു എന്നതിന്റെ മറ്റൊരു ഉദാഹരണം കൂടിയാണ്. ചക്ക തേടിയിറങ്ങിയതിലൂടെ പേരുകിട്ടിയ ഈ കൊമ്പന്റെ ഭാവി എന്താകുമെന്നതിനൊപ്പം ചിന്നക്കനാലിലെ മനുഷ്യരുടെയും മറ്റ് കാട്ടാനകളുടെയും ഭാവി എന്താകുമെന്ന ചോദ്യവും അവശേഷിക്കുന്നു.