കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ തോക്കുമായി വിമാനയാത്രക്കാര്‍. ദുബായില്‍ നിന്ന് എത്തിയ രണ്ട് യാത്രക്കാരില്‍ നിന്ന് 11 റൈഫിളുകള്‍ പിടിച്ചെടുത്തു. തോക്കുകള്‍ ഭാഗങ്ങളാക്കി വേര്‍പെടുത്തിയ നിലയിലായിരുന്നു. സംഭവത്തിൽ രമേശ് മച്ചാട്ട്, സിജോയ് ശശി എന്നിവരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.

ദുബായിൽ നിന്നുള്ള ഇൻഡിഗോ 6E 1476 വിമാനത്തിലാണ് ഇരുവരും നെടുമ്പാശ്ശേരിയിൽ വന്നിറങ്ങിയത്. സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇവരുടെ ലഗേജുകൾ വിശദമായി പരിശോധിച്ചപ്പോഴാണ് തോക്കുകൾ കണ്ടെത്തിയത്. പരിശോധനയിൽ നിന്ന് രക്ഷപ്പെടുന്നതിനായി തോക്കുകളുടെ ഭാഗങ്ങൾ വേർപെടുത്തിയായിരുന്നു ബാഗേജുകളിൽ ഒളിപ്പിച്ചിരുന്നത്. റൈഫിളുകൾക്കൊപ്പം ഇവയുടെ അനുബന്ധ ഉപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്.

പിടിച്ചെടുത്ത എയർ റൈഫിളുകൾ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. വിവിധ മോഡലുകളിലുള്ള റൈഫിളുകളാണ് പിടിച്ചെടുത്തത്. ഇവയുടെ പ്രഹരശേഷി ഉൾപ്പെടെയുള്ള കാര്യങ്ങൾ സ്ഥിരീകരിക്കുന്നതിനായി വിശദമായ സാങ്കേതിക പരിശോധന നടത്തുമെന്ന് കസ്റ്റംസ് വ്യക്തമാക്കി. വിദേശത്തുനിന്ന് ഇത്തരം തോക്കുകൾ കൊണ്ടുവരുന്നതിന് കര്‍ശനമായ നിയമങ്ങളുണ്ട്. കൂടാതെ വ്യക്തമായ രേഖകളും അനുമതിപത്രങ്ങളും ആവശ്യമാണ്. ഇവ ഹാജരാക്കാൻ ഇരുവരോടും കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്.

പിടിയിലായ രമേഷ് മച്ചാട്ട് 20 വർഷം മുൻപും സമാനമായ കേസിൽ പിടിയിലായിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിട്ടുണ്ട്. 2006-ൽ കരിപ്പൂർ വിമാനത്താവളം വഴി തോക്കും തിരകളും കടത്താൻ ശ്രമിച്ചതിന് റവന്യൂ ഇന്റലിജൻസ് ഇയാളെ പിടികൂടിയിരുന്നു. പ്രതികളെ കസ്റ്റംസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

ENGLISH SUMMARY:

Customs officials at Cochin International Airport seized 11 dismantled air rifles and accessories from two passengers arriving from Dubai on IndiGo flight 6E 1476. The accused, identified as Ramesh Machatt and Sijoy Sasi, had concealed the separated firearm parts inside their luggage to evade detection during baggage screening.