ഇടുക്കി ചിന്നക്കനാലിലെ കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യത്തിന് തുടക്കം. ഇതിനായി വയനാട് മുത്തങ്ങ ആനത്താവളത്തിൽനിന്ന് വിക്രം, ഭരത് എന്നീ കുങ്കി ആനകളെ ചിന്നക്കനാലിൽ എത്തിച്ചു. മൂന്നാർ ഡി.എഫ്.ഒ യുടെ നേതൃത്വത്തിൽ നൂറുപേരടങ്ങുന്ന സംഘം ദൗത്യത്തിന്റെ ഭാഗമാകും.

ഇന്ന് രാവിലെ ബിഎൽ റാമിലിറങ്ങിയ ചക്കക്കൊമ്പൻ ജനവാസ മേഖലയ്ക്ക് സമീപം തുടരുകയാണ്. ആനയെ മയക്കുവെടി വയ്ക്കാൻ അനുയോജ്യമായ ഇടങ്ങൾ വനംവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. കുങ്കി ആനകളെ ഉപയോഗിച്ച് ഇവിടേക്ക് ചക്കക്കൊമ്പനെ എത്തിക്കാനാണ് നീക്കം. സിമന്റ് പാലത്ത് സജ്ജീകരിച്ചിരിക്കുന്ന ആനത്താവളത്തിലേക്ക് കുങ്കി ആനകളെ മാറ്റി. പൂർണ വിശ്രമത്തിന് ശേഷമാകും മയക്കുവെടി വയ്ക്കാനുള്ള ദൗത്യം തുടങ്ങുക.

സോളാർ റേഡിയോ കോളർ ഘടിപ്പിച്ച ശേഷം സ്വാഭാവിക ആവാസ വ്യവസ്ഥയായ ചിന്നക്കനാലിൽ തന്നെ ആനയെ തുറന്നുവിടും. എന്നാൽ അപകടകാരിയായ ചക്കക്കൊമ്പനെ ഇവിടെ നിന്നും മാറ്റാത്തതിൽ പ്രതിഷേധം ശക്തമാണ്. ചിന്നക്കനാലിൽ ആനത്താര സൃഷ്ടിക്കുകയാണ് യുഡിഎഫിന്റെ ലക്ഷ്യമെന്നാണ് സിപിഎമ്മിന്റെ വിമർശനം.

ചക്കക്കൊമ്പനെ 24 മണിക്കൂറും നിരീക്ഷിച്ച് വരികയാണ്. രാത്രിയിൽ നിരീക്ഷണത്തിനായി തെർമൽ ഡ്രോൺ ഉപയോഗിക്കും. ആനയെ കൃത്യമായി ട്രാക്ക് ചെയ്ത് നാട്ടുകാർക്ക് മുന്നറിയിപ്പ് നൽകിയാൽ അപകടങ്ങൾ ഒഴിവാക്കാൻ കഴിയുമെന്നാണ് വനം വകുപ്പിന്റെ വിശദീകരണം. 

ENGLISH SUMMARY:

The Kerala Forest Department has launched a major operation in Idukki's Chinnakanal to tranquilize and fit a solar radio collar on the wild tusker Chakkakomban, deploying a 100-member team led by the Munnar DFO alongside kumki elephants Vikram and Bharath brought from Wayanad's Muthanga camp.