കെ.എ.എസ്  സര്‍വീസ് പരിഷ്ക്കരിക്കാന്‍ ചട്ടഭേദഗതിക്ക് സര്‍ക്കാര്‍ കരട് വി‍ജ്ഞാപനമിറക്കി.  കെ.എ.എസ് തസ്തികളുടെ എണ്ണവും കേഡര്‍ അനുപാതവും ഇനി സര്‍ക്കാരിന് കാലാകാലങ്ങളില്‍ തീരുമാനിക്കാം എന്ന തരത്തിലാണ് മാറ്റം വരുന്നത്. കരട് വിജ്ഞാപനത്തില്‍ കെ.എ.എസ് ഉദ്യോഗാര്‍ഥികള്‍ സര്‍ക്കാരിനെ ആശങ്ക അറിയിക്കും. കൂടുതല്‍ നിയമനങ്ങള്‍ നടത്തുന്നതിനാണ് പുതിയ മാറ്റങ്ങള്‍ എന്നാണ് സര്‍ക്കാര്‍ പറയുന്നത്

 

ഭരണസംവിധാനം മെച്ചപ്പെടുത്താന്‍ ഉദ്യോഗസ്ഥതലത്തില്‍ രണ്ടാം നിരയെന്ന് പറഞ്ഞാണ് കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് അഥവ കെഎഎസ് കൊണ്ടുവന്നത്. 29 തസ്തികകളിലെ സെക്കന്‍ഡ് ഗസറ്റഡ് പോസ്റ്റുകളില്‍  10 ശതമാനം KAS ന് മാറ്റിവെച്ചായിരുന്ന നിയമനം നടത്തിയത്. ഈ വ്യവസ്ഥയിലാണ് പ്രധാനമായും മാറ്റം വരുന്നത് . 10 ശതമാനം കെഎഎസുകാര്‍ക്ക് എന്നുള്ള പരിധി എടുത്തുകളഞ്ഞു എത്ര ശതമാനം എന്നത് സര്‍ക്കാരിന് സമയാസമയങ്ങളില്‍ തീരുമാനിക്കാം എന്നതാണ് പുതിയ വ്യവസ്ഥ. കൂടുതല്‍ പോസ്റ്റുകള്‍ സൃഷ്ടിക്കാനും നിയമനങ്ങള്‍ നടത്താനുമാണ് ഇതെന്നാണ് സര്‍ക്കാര്‍ വാദം.  എന്നാല്‍ ഉറപ്പുള്ള പത്തുശതമാനം എടുത്തുകളയുന്നതിന്‍റെ ആശങ്കയാണ് ഉദ്യോഗാര്‍ഥികള്‍ പങ്കുവെയ്ക്കുന്നത്. 

 

ഗ്രേഡ് പേയും പേ പ്രൊട്ടക്ഷനും പുതിയ വ്യവസ്ഥ പ്രകാരം ഒഴിവാക്കിയിട്ടുണ്ട് . സര്‍ക്കാര്‍ സര്‍വീസില്‍ ഉയര്‍ന്ന ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥന്‍ കെഎഎസിലേക്ക് മാറ്റപ്പെട്ടാലും തുടക്കം മുതല്‍ ഉയര്‍ന്ന ശമ്പളം സംരക്ഷിക്കുന്നതായിരുന്നു പേ പ്രൊട്ടക്ഷന്‍ വ്യവസ്ഥ.  സ്റ്റേറ്റ് സര്‍വീസില്‍ എട്ടുവര്‍ഷം കഴിഞ്ഞാല്‍ ഐഎഎസിന് പരിഗണിക്കാമെന്ന് പഴയ ചട്ടത്തിലെ മാറ്റത്തില്‍ വ്യക്തതകുറവുമുണ്ട്. 8 വര്‍ഷം കഴിഞ്ഞാല്‍ സര്‍വീസിന് പരിഗണിക്കില്ലേ എന്ന ആശങ്കയും നിലനില്‍ക്കുന്നു. എന്നാല്‍ IAS ന് പരിഗണിക്കേണ്ടത് കേന്ദ്രചട്ടമനുസരിച്ചാണെന്നും സംസ്ഥാന ചട്ടത്തിന് പ്രസക്തിയില്ലെന്നും സര്‍ക്കാര്‍ പ്രതിനിധികള്‍ പറയുന്നു. കരട് വിജ്‍ഞാപനം ചര്‍ച്ച ചെയ്താവും മാറ്റങ്ങള്‍ നിര്‍ദേശിക്കുക. ആശങ്കകള്‍ സര്‍ക്കാരുമായി പങ്കുവെയ്ക്കാനാണ് ഉദ്യോഗാര്‍ഥികളുടെ നീക്കം

ENGLISH SUMMARY:

KAS exam news covers the recent draft notification by the Kerala government to amend Kerala Administrative Service rules, allowing authorities to dynamically decide cadre ratios and post counts. Aspirants have raised concerns regarding the removal of the guaranteed ten percent quota, pay protection, and clarity on IAS promotion timelines.