honey-bhaskaran

TOPICS COVERED

സഖാവ് എന്ന് സ്വയം പോസ്റ്ററടിച്ച് നടക്കുന്ന ഒരാൾ അഞ്ച് വര്‍ഷമായി തനിക്കെതിരെ അപവാദപ്രചരണങ്ങളും സൈബര്‍ അറ്റാക്കും നടത്തുകയാണെന്ന് എഴുത്തുകാരി ഹണി ഭാസ്കരന്‍. ജിതേഷ് പുരുഷോത്തമന്‍ എന്ന കവിക്കെതിരെയാണ് ഹണി പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ജിതേഷില്‍ നിന്നും  താന്‍ പണം തട്ടി എന്ന ആരോപണം തെളിയിക്കണം. കാനഡയില്‍  ബിരുദാനന്തര ബിരുദ പഠനത്തിന് ഓഫര്‍ വന്നപ്പോള്‍ ബാങ്ക് സ്റ്റേറ്റ്മെന്‍റില്‍ കാണിക്കാനായാണ് തുക വാങ്ങിയത്.    താന്‍ വാങ്ങിയ പണം ഒരു രൂപ പോലും കുറയാതെ തിരികെ കൊടുത്തിട്ടുണ്ടെന്നും ഹണി പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

ഓടുന്ന വണ്ടിയിൽ വെച്ചുപോലും അയാൾ എന്നെ തല്ലിച്ചതച്ചിട്ടുണ്ട്, ഇന്നും അയാൾ ഏൽപ്പിച്ച പരിക്കിന്‍റെ പേരിൽ അധിക നേരം നിന്നാൽ തോൾ വേദനിക്കുമെന്നും അവര്‍ കുറിപ്പില്‍ പറയുന്നു. സഖാവ് എന്ന് സ്വയം പോസ്റ്ററടിച്ച് നടക്കുന്ന ഒരാൾ, എന്‍റെ പോസ്റ്റിൽ ഒരു ലൈക്ക് ഇട്ടതിന്‍റെ പേരിൽപോലും ആളുകളെ പിന്തുടർന്ന് ശല്യപ്പെടുത്തുന്നു. അയാളുടെ മുറിവേറ്റ അഹന്തയുടെ വില, അഞ്ചു വർഷമായി ഞാൻ എന്റെ ജീവിതം കൊണ്ട് കൊടുക്കുകയാണെന്നും ഹണി ഭാസ്കരന്‍ കുറിച്ചു. 

കുറിപ്പിന്‍റെ പൂര്‍ണരൂപം

Mr. ജിതേഷുമായി ബന്ധപ്പെട്ട Prabin Balan ന്റെ ഒരു പോസ്റ്റിൽ എന്റെ പേര് വന്നിരിക്കുന്നു. Mr. ജിതേഷ് വിളിച്ച് എന്നെക്കുറിച്ച് വൃത്തികെട്ട അപവാദം പറഞ്ഞു എന്ന പ്രസ്താവനയ്ക്ക് മുൻപ്, എനിക്ക് ചിലത് പറയാനുണ്ട്. അഞ്ചു വർഷമായി ഞാൻ അയാളെ എല്ലായിടത്തുനിന്നും ബ്ലോക്ക് ചെയ്തിരിക്കുന്നു. അയാളുടെ ഒരു ചിത്രം പോലും എന്റെ ടൈംലൈനിൽ വരില്ല. എന്നിട്ടും അയാൾ എന്നെ ഉപദ്രവിക്കുന്നത് വിട്ടില്ല. 

ഞാൻ അയാളെ അടുത്തറിഞ്ഞ നാലു വർഷത്തെക്കുറിച്ചും, ഇറങ്ങിപ്പോന്നതിനു ശേഷം ഈ അഞ്ചു വർഷം ഇന്നുവരെ തുടരുന്ന ഉപദ്രവത്തെക്കുറിച്ചുമാണ് ഞാൻ പറയുന്നത്. തെളിവില്ലാത്തതോ എന്നെ നേരിട്ട് ബാധിക്കാത്തതോ ആയ ഒന്നും ഇതിൽ ഞാൻ പറയില്ല. ഒരാൾ എത്ര തീവ്രമായ നാർസിസ്റ്റ് ആണെന്ന് പറയാൻ കഴിയുന്നത്, അയാളോട് അത്രയും അടുത്ത് നിന്നവർക്ക് മാത്രമാണ്. അതുകൊണ്ട് ഇന്ന് ഞാൻ പറയുന്നു.

56,000 ദിർഹത്തിന്റെ കഥ. ഞാൻ അയാളുടെ 56,000 ദിർഹം അടിച്ചുമാറ്റി എന്നാണ് അപവാദം. പക്ഷേ ഈ സംഖ്യ ഒരിടത്തും ഉറച്ചുനിന്നിട്ടില്ല. അയാളിൽ നിന്ന് എക്‌സിറ്റ് ആയ ആദ്യ കാലത്ത് ഞാൻ കേട്ടത്, അയാളുടെ 86 ലക്ഷം രൂപ ഞാൻ പറ്റിച്ചെടുത്തു എന്നാണ്. മൂന്നു വർഷം കഴിഞ്ഞപ്പോൾ മറ്റൊരിടത്തുനിന്ന് കേട്ടു, അത് 30 ലക്ഷമായെന്ന്. പിന്നെ കേട്ടു 1 കോടി. ഇപ്പോൾ അത് 56,000 ദിർഹമായി ചുരുങ്ങിയിരിക്കുന്നു. ഒരേ ആരോപണം, അഞ്ചു വർഷം കൊണ്ട് പല സംഖ്യകൾ.  സത്യം ഒന്നേ ഉള്ളൂ, അതുകൊണ്ടാണ് അത് മാറാത്തത്. നുണയാണ് ഓരോ തവണ പറയുമ്പോഴും രൂപം മാറുന്നത്. 

ഇനി ആ 56,000 ദിർഹത്തിന്റെ യഥാർത്ഥ കഥ. കാനഡയിലെ കേപ് ബ്രെട്ടൺ യൂണിവേഴ്സിറ്റിയിൽ മാസ്റ്റേഴ്സിന് എനിക്ക് ഓഫർ വന്നപ്പോൾ, ആറു മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റിൽ ഫീസ് തുക കാണിക്കണമായിരുന്നു. അതിനായി അയാൾ 56,000 ദിർഹം 2021 ഇൽ താൽക്കാലികമായി എന്റെ അക്കൗണ്ടിലിട്ടു. ആ പ്ലാൻ ഞാൻ ഡ്രോപ്പ്  ചെയ്തപ്പോൾ ആ പൈസയിൽ ഒരു രൂപ പോലും കുറയാതെ ഈക്വൽ തത്തുല്യമായ 12,00,000 രൂപ ഞാൻ അയാളുടെ ഇന്ത്യൻ അക്കൗണ്ടിലേക്ക് തിരിച്ചയച്ചു. ഡ്രോപ്പ് ചെയ്യാനുള്ള കാരണം അയാളുടെ ക്ലോസ് സർക്കിളിൽ പെട്ട മനുഷ്യർ കൃത്യമായി അയാളെ കുറിച്ച് പറഞ്ഞ് തന്ന ചില അബ്യൂസ് കഥകൾ ആണ്. അതിന്റെ സത്യാവസ്ഥ അതുമായി ബന്ധപ്പെട്ട മനുഷ്യരോട് നേരിട്ടു ഞാൻ മനസിലാക്കുകയും ചെയ്തു. 

"എന്ത് അക്രമം?" എന്ന് ചോദിക്കുന്നവരോട്, ഓടുന്ന വണ്ടിയിൽ വെച്ചുപോലും അയാൾ എന്നെ തല്ലിച്ചതച്ചിട്ടുണ്ട്. ഒരു ഗ്ലാസ് വെള്ളം കൈ നീട്ടിയെടുക്കാൻ പറ്റാത്ത വിധം ശരീരം തകർത്തിട്ടുണ്ട്. അതിന് സാക്ഷിയായ ചില മനുഷ്യരുണ്ട്. അതിനു ശേഷം ബ്ലാക്ക്മെയിലിങ്. ഭൂമിയിലെ ഏതെങ്കിലും ഒരു മനുഷ്യന് സഹിക്കാൻ പറ്റുന്നതാണോ ആ ഭീഷണി? കമന്റ് ബോക്സ് നോക്കി നിങ്ങൾ തന്നെ തീരുമാനിക്കൂ. ഇന്നും അയാൾ ഏൽപ്പിച്ച പരിക്കിന്റെ പേരിൽ അധിക നേരം നിന്നാൽ തോൾ വേദനിക്കും. 

ഈ അഞ്ചു വർഷം, ഒരു നരകം. ഞാൻ അയാളുടെ കോടികൾ പറ്റിച്ചു എന്ന് ഈ അഞ്ചു വർഷവും അയാളും കൂട്ടാളികളും പലരോടും പറഞ്ഞു നടന്നു. ഞാൻ ഇല്ലാത്ത ഇടങ്ങളിൽ, രാഷ്ട്രീയമായി ഉയർന്ന നിലയിലുള്ളവരോടുപോലും, എന്റെ പേര് അപവാദത്തിന് ഉപയോഗിച്ചു. ഈ ആഴ്ച മാത്രം Mr. ജിതേഷ് വിളിച്ച മൂന്നു പേരുണ്ട്. പ്രബിനും മഷർഷയും അത് പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ഇവർക്ക് ആ ഫോൺ വിളിയിൽ കേൾക്കേണ്ടി വന്നത് എന്നെ കുറിച്ചുള്ള ഹീനമായ ഇത്തരം വൃത്തികേടുകളാണ്. 

മൂന്നാമത്തെയാൾ അനിൽ കുമാർ സഖാവ്. "ഹണിയെ ഉപദ്രവിക്കരുതെന്ന് നിനക്ക് മുൻപേ വാണിങ് തന്നതാണ്" എന്ന് പറഞ്ഞ് അദ്ദേഹം അയാളെ ആട്ടി. അയാളോട് സംസാരിക്കാൻ തയാറായുമില്ല. ഇത് അദ്ദേഹം എന്നോടും ഷഹനാസിനോടും നേരിട്ട് പറഞ്ഞതാണ്. രേഖകൾ വേണ്ടവർക്ക് അവർ തന്നെ ഈ പോസ്റ്റിൽ വരും.

കല്യാണവീട്ടിൽ. ഫെസ്റ്റിവലിൽ. രണ്ടു ദിവസം മുൻപ് തീർന്ന ബുക്ക് ഫെയറിൽ പോലും. അത്ര അടുപ്പമില്ലാത്ത മനുഷ്യർ എന്റെ അടുത്തുവന്ന്, അയാളും കൂട്ടരും പരത്തുന്ന ഹീനമായ അപവാദങ്ങൾ എന്നോട് പറയുമ്പോൾ, ഞാൻ ആ ആൾക്കൂട്ടത്തിനു നടുവിൽ നിന്ന് ഉള്ളിൽ തകർന്നുപോയിട്ടുണ്ട്. ആരെയും നോക്കാനാവാതെ. ഒന്നും മിണ്ടാനാവാതെ.

അഞ്ചു വർഷം കഴിഞ്ഞിട്ടും വിടാത്ത ഈ പകയുടെ വലിപ്പം നിങ്ങൾക്ക് ഊഹിക്കാനാകുമോ? ഒരു സ്ത്രീക്ക് അത് വരുത്തുന്ന സാമൂഹിക നാശം മനസ്സിലാകുമോ? ഇതെല്ലാം ഞാൻ ഒറ്റയ്ക്ക് ചുമന്നത് സങ്കൽപ്പിക്കാനാകുമോ? ഇങ്ങനെ ഒരാൾ ഒരു സ്ത്രീയെ വിടാതെ ഉപദ്രവിച്ചാൽ, നിങ്ങളുടെ രാഷ്ട്രീയ ബോധ്യം അതിനെ ന്യായീകരിക്കുമോ?

സഖാവ് എന്ന് സ്വയം പോസ്റ്ററടിച്ച് നടക്കുന്ന ഒരാൾ, എന്റെ പോസ്റ്റിൽ ഒരു ലൈക്ക് ഇട്ടതിന്റെ പേരിൽപോലും ആളുകളെ പിന്തുടർന്ന് ശല്യപ്പെടുത്തുന്നു. എന്നെയും എനിക്ക് ചുറ്റുമുള്ളവരെയും സ്ലട്ട്-ഷെയിം ചെയ്ത് കടിച്ചുകീറാൻ, ഓൺലൈൻ ലോകം കണ്ട ഏറ്റവും വിഷമുള്ള ഒരു പ്രൊഫൈലിനെ അയാൾ കയറൂരി വിടുന്നു. അയാളുടെ മുറിവേറ്റ അഹന്തയുടെ വില, അഞ്ചു വർഷമായി ഞാൻ എന്റെ ജീവിതം കൊണ്ട് കൊടുക്കുന്നു.

എനിക്ക് വേണ്ടത് ക്ലോഷർ ആണ്. Mr. ജിതേഷ്, നിങ്ങൾ എനിക്ക് തന്നു എന്ന് പറയുന്ന ആ കോടികളുടെ തെളിവ്, ലോൺ തീയതി സഹിതം പുറത്തുവിടൂ. അഞ്ചു വർഷം ഞാൻ ചുമന്ന ഈ അപവാദത്തിനും ട്രോമകൾക്കും എനിക്ക് മറുപടി വേണം.

ഞാൻ ചോദിക്കുന്നത് ഫ്ലാറ്റിന്റെ വാടകക്കണക്കല്ല. നിങ്ങളുടെ ഉപദ്രവത്തിൽ പരിക്കേറ്റ് ഞാൻ ഫിസിയോതെറാപ്പിക്ക് ചെലവാക്കിയ കണക്കുമല്ല. എന്റെ "ആർഭാടങ്ങൾക്ക്" വേണ്ടി നിങ്ങൾ മുടക്കി എന്ന് അവകാശപ്പെടുന്ന ആ കോടികളുടെ കണക്കാണ്. 

സ്വന്തം പേരിൽ ഒരു തുണ്ട് ഭൂമിയോ വാഹനമോ ബാങ്ക് ബാലൻസോ ഇല്ലാത്ത, ഇന്നും വാടകവീട്ടിൽ കഴിയുന്ന ഒരു സിംഗിൾ മദറിനോട് അതിന് നിങ്ങൾ വ്യക്തത തന്നേ പറ്റൂ. സ്വന്തം കുടുംബത്തിന്റെ അന്തസ്സിനെക്കുറിച്ച് പ്രൊഫൈലിൽ കരയുന്ന നിങ്ങൾ, എന്നോടും മറ്റു സ്ത്രീകളോടും ചെയ്തതിന്റെ വലിപ്പം ആളുകൾ കമന്റുകൾ വായിച്ച് തിരിച്ചറിയട്ടെ.

എലീറ്റ് ക്ലാസിനു മാത്രമല്ല, എന്നെപ്പോലുള്ളവർക്കും ആത്മാഭിമാനമുണ്ടെന്ന്, നിങ്ങളുടെ പ്രൊഫൈലിൽ വന്ന് താലോലിക്കുന്ന ഓരോരുത്തരും അറിയട്ടെ. ഞങ്ങളുടെ ജീവനും ജീവിതത്തിനും വിലയുണ്ടെന്ന് ഓർക്കട്ടെ.

നിങ്ങളിൽ നിന്ന് എക്‌സിറ്റ് ആയി ഈ അഞ്ചു വർഷം ഞാൻ നിങ്ങളുടെ അപവാദങ്ങളുടെ നടുവിൽ നരകിച്ചു. ഇനി മതി. നിങ്ങളുടെ ഉപദ്രവത്തിന്റെ അകമ്പടിയില്ലാതെ, തല ഉയർത്തി, ഈ സമൂഹത്തിൽ എനിക്ക് ജീവിക്കണം. കഴുകന്മാർക്കും നായാട്ടുകാർക്കും മാത്രമല്ല, പുല്ലിനും പൂവിനും പോലും അർഹമായ ഒരു മാന്യതയുണ്ട്. ആ കുറഞ്ഞ മാന്യതയെങ്കിലും നിങ്ങൾ ഞാൻ എന്ന സ്ത്രീക്ക് തന്നിട്ടുണ്ടോ എന്ന് ഈ തെളിവുകൾ സാക്ഷ്യം പറയും. നിങ്ങൾ എന്നോട് ചെയ്ത മറ്റ് അതിക്രമങ്ങൾ ഞാൻ പിന്നാലെ ഇടും. എന്നെ കുറിച്ചുള്ള നിങ്ങളുടെ മാനിപ്പുലേറ്റഡ് സ്റ്റോറികളും.

നമ്മൾ ആണുങ്ങൾക്ക് ഇര പിടിക്കാം, പക്ഷേ നമ്മുടെ ഭാര്യമാർക്കു സെക്സ് കൊടുക്കാൻ ഭർത്താക്കന്മാരെ ഉള്ളൂ എന്നൊരു നിങ്ങളുടെ സുവിശേഷ പ്രസംഗം വോയിസ് നോട്ട് ഉണ്ട്‌. പക്ഷേ അതിൽ നിങ്ങളുടെ സുഹൃത്തുക്കളുടെ ഭാര്യമാരുടെ പേരുള്ളത് കൊണ്ട് ആ വൃത്തികേട് ഞാൻ ചെയ്യില്ല. എനിക്ക് നിങ്ങൾ സൈബർ കൊട്ടേഷൻ നൽകിയ പോലെ ഒരു നിരപരാധിയെയും പൊതു മധ്യത്തിൽ വലിച്ചു കീറാൻ ഞാൻ വരില്ല. ഈ വിഷയത്തിൽ പ്രബിനും Jithin Raj നും സെയിം നിലപാട് പറഞ്ഞതിൽ സന്തോഷമുണ്ട്. 

മനുഷ്യരെയും മൃഗങ്ങളെയും തിരിച്ചറിയാൻ രാഷ്ട്രീയത്തിന്റെയോ മറ്റെന്തിന്റെയോ എലീറ്റ് ക്ലാസ് ഐഡന്റിറ്റി ആവശ്യമില്ല. സത്യം ജലനിരപ്പിലെ എണ്ണ പോലെയാ. തെളിഞ്ഞു വരും. അത് പ്രപഞ്ച സത്യം ആണ്. നീ കാലാൾപ്പട കൂട്ടി നിന്നെ വെളുപ്പിച്ചോളൂ...! എനിക്ക് പറയേണ്ടത് പറയാൻ ഒരു ദല്ലാൾ പടയുടെയും പിൻബലം വേണ്ടാ

ENGLISH SUMMARY:

Writer Honey Bhaskar has accused poet Jithesh Purushothaman of subjecting her to five years of defamation campaigns, cyberattacks, and harassment. In a detailed social media post, she challenged him to prove allegations of financial fraud, explaining that ₹12,00,000 equivalent to 56,000 dirhams placed in her account in 2021 for a Canada master's bank statement was returned without a single rupee missing after she dropped her plans. She further alleged physical assault inside a moving vehicle that left her with lingering shoulder pain, alongside blackmail and online smear campaigns targeting her and those who interact with her posts. Stating that she is a single mother living in a rented home who only wants closure and dignity, Bhaskar demanded proof of the alleged crores spent on her.