Image Credit: Facebook, instagram/spotsreelsentertainment

Image Credit: Facebook, instagram/spotsreelsentertainment

മലയാളികളുടെ പ്രിയപ്പെട്ട ഗായികയും അവതാരകയുമായ റിമി ടോമി ഇന്നലെയാണ് കൂട്ടുകാരന്‍ ലിബിന്‍റെ കൈ പിടിച്ച് പുതിയ ജീവിതത്തിലേക്ക് കടന്നത്. മുംബൈയില്‍ വച്ച് കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ വന്ന വിവാഹച്ചടങ്ങിലെ വിഡിയോയ്ക്ക് ചുവടെ അധിപേക്ഷപങ്ങളും പരിഹാസവും ചൊരിയുകയാണ് ഒരു കൂട്ടമാളുകള്‍. ഇതിനെതിരെ സോഷ്യലിടം തന്നെ രംഗത്തെത്തിയിട്ടുമുണ്ട്. Also Read: റിമിക്ക് താലി ചാര്‍ത്തി ലിബിന്‍ മാത്യു

വരന്‍റെ നിറത്തെയും റിമിയുടെ പ്രായത്തെയുമെല്ലാം പരിഹസിച്ചാണ് കമന്‍റുകള്‍. ചിലരാവട്ടെ കുടുംബാംഗങ്ങളെ പോലും വെറുതേവിടുന്നില്ല. അതേസമയം, പുതിയ ജീവിതത്തിന് റിമിക്ക് പ്രാര്‍ഥനാശംസകള്‍ നേരുന്നവരും കുറവല്ല. വേദനകളൊന്നും പുറത്ത് കാട്ടാതെ ഇത്ര കാലവും ചിരിച്ച മുഖത്തോടെയാണ് റിമി നടന്നതെന്നും ഇനിയും ചിരി മായാതിരിക്കട്ടെ എന്നും ആളുകള്‍ കുറിച്ചു.

സന്തോഷ ചിത്രങ്ങള്‍ക്ക് ചുവടെ വെറുപ്പ് വിളമ്പുന്നവര്‍ക്കെതിരെ സോഷ്യല്‍ മീഡിയ എഴുത്തുകാരി ദീപയും രംഗത്തെത്തി. ഓരോ രണ്ടാം വിവാഹം നടക്കുമ്പോഴും ഇനിയൊരു തകര്‍ച്ചയിലേക്കോ ദുരന്തത്തിലേക്കോ ആരും പോകരുതേയെന്നാണ് താന്‍ പ്രാര്‍ഥിക്കുന്നതെന്നും അത്ര വലിയ ട്രോമയില്‍ നിന്ന് വേദനിച്ച് കരകയറിയ ശേഷമെടുക്കുന്ന തീരുമാനമാണല്ലോ എന്നും അവര്‍ എഴുതുന്നു. റിമിയുടെ സന്തോഷങ്ങള്‍ക്ക് മറുപടിയായി ഇങ്ങനെ വിദ്വേഷം കുത്തി നിറച്ച് വയ്ക്കരുതെന്നും റിമി എന്ത് ദ്രോഹമാണ് നിങ്ങളോട് ചെയ്തതെന്നും അവര്‍ ചോദ്യമുയര്‍ത്തുന്നു.

ദീപയുടെ കുറിപ്പിങ്ങനെ: "ഇതും അധികനാൾ ഓടില്ല" എന്ന കമന്റ് ആണ് കമന്റ് ബോക്സിൽ. അധികം... എന്തൊരു അസഹിഷ്ണുതയും വെറുപ്പുമാണ് മനുഷ്യൻ വളർത്തിക്കൊണ്ടു വരുന്നത്!!ഓരോ രണ്ടാംവിവാഹം നടക്കുമ്പോഴും സത്യം പറഞ്ഞാൽ ഞാൻ മനസ്സിൽ പ്രാർത്ഥിക്കും.. ഇനിയൊരു തകർച്ചയിലേക്ക്,ദുരന്തത്തിലേക്ക് ഈ വിവാഹം പോകരുതേ എന്ന്... കാരണം രണ്ടാം വിവാഹം എന്നത് ഒരു സ്ത്രീയും പുരുഷനും ജീവിതത്തിൽ ഒരിക്കൽ എടുക്കുന്ന ഏറ്റവും വലിയ റിസ്ക്കും തീരുമാനവുമാണ്..!!

വലിയ ഒരു ട്രോമയിൽ നിന്ന് അത്രയും വേദനിച്ചും പ്രാർത്ഥിച്ചും കരകയറിയ ശേഷം, മറ്റൊരാളിലേക്ക് അടുക്കുമ്പോൾ എത്ര തവണ അവർ സ്വയം ഉൾവലിഞ്ഞു കാണും? എത്ര രാത്രികളിൽ ഇതിൽ കൂടുതൽ അടുക്കരുതെന്ന് സ്വയം തിരുത്തിക്കാണും?

ഒരുപാട് സ്നേഹം തോന്നിയിട്ടും എത്ര തവണ അടുത്തേക്ക് പോകാതെ മാറിനിന്ന് സ്നേഹിച്ചു കൊള്ളാം എന്ന് തീരുമാനമെടുത്തു കാണും? ഇനിയുള്ള വിവാഹത്തിൽ എന്ത്‌ ദുരന്തം സംഭവിച്ചാലും അത് തന്റെ മാത്രം കുറ്റമായി സമൂഹം കാണുമെന്നവർക്ക് അറിയാം... "പിന്നേം ചെന്ന് ചാടി കൊടുത്തിട്ടല്ലേ, സൂക്കേട് ആയിട്ടല്ലേ" എന്ന് തുടങ്ങി നൂറായിരം പഴികൾ കേൾക്കേണ്ടി വരുമെന്ന് അവർക്കറിയാം...

കല്യാണം കഴിക്കുന്നയാൾ പഴയ വിവാഹത്തിന്റെ ട്രോമയിൽ നിന്ന് പുറത്തു വന്നോ എന്നു പോലും കൃത്യമായി ഉറപ്പില്ലാതെ, അയാളിൽ വിശ്വാസമുറപ്പിക്കാൻ പഴയതിലും നൂറിരട്ടി ഇത്തവണ അവർ കഷ്ടപ്പെടും! എങ്കിലും.. എങ്കിലും അവർ ആഗ്രഹിച്ചു പോകും.. ഒരു തുണയും, കൂട്ടും ,ജീവിതകാലത്തേക്ക്‌ മുഴുവൻ... അങ്ങനെ ഒരു ജീവിതത്തിലേക്ക് കാലെടുത്തു വയ്ക്കുകയാണ് റിമി.. നമ്മുക്ക് മുന്നിൽ വ്യക്തിപരമായ യാതൊരു വേദനയും ഒരിക്കലും പുറത്തു കാണിക്കാതെ ചിരിച്ചു കളിച്ച്, നമ്മളിൽ പോസിറ്റീവിറ്റി മാത്രം നിറച്ചിട്ടുള്ള ഒരു പാട്ടുകാരി. എന്തിനാണ് അവളുടെ വിവാഹചിത്രത്തിന് അടിയിൽ അവളുടെ സന്തോഷങ്ങൾക്ക് മറുപടിയായി ഇത്ര വിദ്വേഷം കുത്തിനിറച്ചു വയ്ക്കുന്നത്?? നിങ്ങളിൽ ആർക്ക് എന്ത് ദ്രോഹമാണ് ഇവർ ചെയ്തത്? വായിച്ചപ്പോൾ വല്ലാതെ വിഷമം തോന്നി...അതുകൊണ്ട് എഴുതിയതാണ്.. നന്നായി ജീവിക്കുക റിമി -ലിബിൻ... എല്ലാ അനുഗ്രഹങ്ങളും പ്രാർത്ഥനകളും... ഇനിയും ഇത് പോലെ ചിരിക്കുക.. പാടുക.. സന്തോഷമായിരിക്കുക'.

ENGLISH SUMMARY:

Singer and television presenter Rimi Tomy recently married Libin in an intimate ceremony held in Mumbai, attended by family members and close friends. However, videos and pictures from the wedding attracted several derogatory comments on social media, with some users mocking the groom's appearance and Rimi's age. Social media writer Deepa criticised the online trolling, questioning why people were spreading hatred instead of celebrating the singer's happiness. She urged people to respect Rimi's personal choices and wished the couple a happy and peaceful married life.