PTI
ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ കൂട്ടമായി ബുക്കുചെയ്യുന്നവരെ കണ്ടെത്താന്‍ ദേവസ്വംബോര്‍ഡ് സൈബര്‍ ഫൊറന്‍സിക് വിദഗ്ധരുടെ സഹായം തേടി. വന്‍കിട ട്രാവല്‍ ഏജന്‍സികളെ ആണ് സംശയം. ഇന്നലെ ബുക്ക് ചെയ്തതില്‍ നിന്ന് 26000 തീര്‍ഥാടകരാണ് കുറഞ്ഞത്. ഭക്തര്‍ കുറഞ്ഞ സാഹചര്യത്തില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ് 5000 കൂടി കൂട്ടി.
ഇന്നലത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് 66,000. പക്ഷെ പമ്പ വഴി കടന്നു വന്നത് 40,064പേര് മാത്രം. കുറവ്26000. ഇതിലെ ദുരൂഹത കണ്ടെത്താനാണ് ശ്രമം. വെര്‍ച്വല്‍ ക്യൂ കൂട്ടമായി ബുക്ക് ചെയ്യുന്നവരുടേയും റദ്ദാക്കുന്നവരുടേയും ഐ.പി.അഡ്രസുകള്‍ കണ്ടെത്താന്‍ സൈബര്‍ ഫൊറന്‍സിക് സഹായം തേടി. ബോട്ടുകളോ വിപിഎന്നോ ഉപയോഗിക്കുന്നവരെയും കണ്ടെത്തും. ബുക്കിങ് തുടങ്ങുന്ന ഉടന്‍ ഏജന്‍സികള്‍ പലരുടെ ആധാര്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് കൂട്ടത്തോടെ ബുക്ക് ചെയ്യും. ബുക്കിങ് ആവശ്യപ്പെട്ട് തീര്‍ഥാടകര്‍ വരുമ്പോള്‍ നിലവില്‍ ബുക്ക് ചെയ്തവ റദ്ദാക്കി പുതിയതായി വന്നവരുടെ ആധാറും ഫോട്ടോയും വച്ച് റജിസ്റ്റര്‍ ചെയ്യുന്നു എന്നാണ് സംശയം. ബുക്കിങ്ങിന് ആരും സമീപിക്കാത്ത ദിവസങ്ങളിലാണ് ആള് കുറയുന്നതെന്ന് കരുതുന്നു. തീര്‍ഥാടകര്‍ കുറഞ്ഞ സാഹചര്യത്തിലാണ് വിര്‍ച്വല്‍ ക്യൂ നവംബര്‍30 വരെ 5000കൂട്ടിയത്. ഇത് ക്രമേണ തുറന്നുകൊടുക്കാനാണ് തീരുമാനം. ബുക്കിങ് കൃത്യമായി നിരീക്ഷിക്കും. സ്പോട്ട് ബുക്കിങ്ങും കൂട്ടും. ഇത്രയും തിരക്ക് കുറഞ്ഞ് കാണുന്നത് ആദ്യമായെന്ന് തീര്‍ഥാടകരും പറയുന്നു.
Also read: മലകയറിയെത്തുന്നവർക്ക് ആശ്വാസമായി സന്നിധാനത്തെ ആയുർവേദ ആശുപത്രി; 24 മണിക്കൂറും സേവനം
മുന്‍ വര്‍ഷങ്ങളില്‍ മണ്ഡലകാലത്തിന്റെ ചിലദിവസങ്ങളില്‍ തീര്‍ഥാടകര്‍ കുറവായിരുന്നെങ്കില്‍ അത്രയും ബുക്കിങ് സ്ലോട്ടുകളും ഒഴിഞ്ഞു കിടന്നിരുന്നു. തുലാമാസ പൂജാക്കാലത്ത് ഓണ്‍ലൈനാക്കിയ 400 മുറികളില്‍ ഭൂരിപക്ഷവും ഏജന്‍സികള്‍ കയ്യടക്കിയിരുന്നു. ഇപ്പോഴും ആ സാഹചര്യം മാറിയിട്ടില്ല. തമിഴ്നാട്ടില്‍ നിന്നുള്ള ഏജന്‍സികള്‍ ബസ്, വെല്‍ച്വല്‍ ക്യൂ ബുക്കിങ്, സന്നിധാനത്ത് മുറികള്‍ എന്നിവയടക്കം ക്രമീകരിച്ചാണ് നാല്പതും അന്‍പതും തീര്‍ഥാടകരെ കൊണ്ടുവരുന്നത്. എറണാകുളത്തും മുറികളില്‍ അടക്കം തട്ടിപ്പ് നടത്തുന്ന ഏജന്‍സികള്‍ ഉണ്ട്