kseb-crisis

ഒക്ടോബറില്‍ വി.ഇ.എച്ച് ഗ്ലോബലിൽ നിന്ന് വൈദ്യുതി വാങ്ങിയത് യൂണിറ്റിന് പതിനൊന്ന് രൂപ നിരക്കിലാണെങ്കിലും കേരളത്തിലെത്തിയപ്പോൾ വില യൂണിറ്റിന് 12.55 രൂപയായെന്ന് കെ.എസ്.ഇ.ബി. പ്രസരണ നിരക്കായി നല്‍കിയതിലൂടെ 92 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും ട്രേഡിങ് മാര്‍ജിനിലൂടെയാണോ വില നിശ്ചയിച്ചതെന്ന ചോദ്യത്തിന് അറിയില്ലെന്നും കെ.എസ്.ഇ.ബി റെഗുലേറ്ററി കമ്മിഷന് നല്‍കിയ വിശദീകരണത്തിലുണ്ട്. കെ.എസ്.ഇ.ബി മുന്‍ ചെയര്‍മാന്‍ എം.ജി രാജമാണിക്യത്തിന്‍റെ കാലത്തെ വൈദ്യുതി വാങ്ങല്‍ കരാറുകളില്‍ നിലവിലെ എം.ഡി എന്‍. പ്രശാന്ത് സമഗ്രമായ അന്വേഷണം തുടങ്ങി.  

നിരവധി സംശയങ്ങള്‍ ഉന്നയിച്ച റെഗുലേറ്ററി കമ്മിഷന് മുന്‍പാകെ കെഎസ്ഇബി സമര്‍പിച്ച റിപ്പോര്‍ട്ട് ആശയക്കുഴപ്പം തോന്നുന്ന മട്ടിലുള്ളതാണ്. കരാർ പ്രകാരം യൂണിറ്റിന് 11 രൂപയാണ് വൈദ്യുതി വില. ഇതു കേരളത്തിലെത്തിക്കാൻ പ്രസരണ നിരക്കായി യൂണിറ്റിന് 1.55 രൂപ കൂടി നൽകിയതോടെയാണ് വൈദ്യുതി വില യൂണിറ്റിന് 12.55 രൂപയായത്. പ്രസരണ നിരക്കില്‍ മാത്രം കെഎസ്ഇബിക്കു നഷ്ടം 92 ലക്ഷം രൂപ. ട്രേഡിങ് മാർജിൻ ഉൾപ്പെടെയാണോ 11 രൂപ വില നിശ്ചയിച്ചത് എന്ന ചോദ്യത്തിന് വ്യക്തതയില്ലെന്നാണ് കെഎസ്ഇബിയുടെ മറുപടി.

വിഇഎച്ച് ഗ്ലോബലിന് വൈദ്യുതി വ്യാപാരം നടത്താനുള്ള ട്രേഡിങ് ലൈസൻസുണ്ടെന്ന് കരാറില്‍ പറയുന്നുണ്ടെങ്കിലും ആ നിലയിലാണോ കരാര്‍ എന്ന ചോദ്യത്തിനും മറുപടിയില്ല. 12 വ്യത്യസ്ത കമ്പനികളിൽ നിന്ന് വൈദ്യുതി ലഭ്യമാക്കുമെന്നാണ് കരാറിൽ പറയുന്നതെങ്കിലും ഇവ വിഇഎച്ച് ഗ്ലോബലിനു കീഴിലുള്ളവയാണോയെന്നു വ്യക്തമല്ല. കഴിഞ്ഞദിവസമാണ് റെഗുലേറ്ററി കമ്മിഷന് കെ.എസ്.ഇ.ബി വിശദീകരണം നല്‍കിയത്. പൊതുതെളിവെടുപ്പ് കഴിഞ്ഞിട്ടായിരിക്കും കരാറിന് അനുമതി നൽകുന്ന കാര്യം കമ്മിഷന്‍ തീരുമാനിക്കുക. 

 

കെഎസ്ഇബിയിലെ വൈദ്യുതി വാങ്ങൽ കരാറുകൾ വിവാദമായ സാഹചര്യത്തിൽ എം.ജി.രാജമാണിക്യം ചെയർമാനും മാനേജിങ് ഡയറക്ടറുമായിരുന്ന കാലത്തെ കരാറുകൾ പുതിയ സിഎംഡി എൻ.പ്രശാന്ത് പുനഃപരിശോധിച്ച് തുടങ്ങി. ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള കരാറുകളും വൈദ്യുതി വാങ്ങലിനായി നടത്തിയ ടെൻഡറുകളും പരിശോധിക്കും. ക്രമവിരുദ്ധമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ, കൃത്രിമ വൈദ്യുതി ക്ഷാമമെന്ന് തെറ്റിദ്ധരിപ്പിച്ചോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷണത്തിന്‍റെ ഭാഗമാവും.

ENGLISH SUMMARY:

KSEB has submitted an ambiguous explanation to the Regulatory Commission regarding its October power purchase deal with VEH Global, admitting that power bought at ₹11 per unit eventually cost ₹12.55 per unit after transmission charges. Transmission charges alone resulted in a loss of ₹92 lakh for the board, while KSEB stated it was unclear whether the ₹11 rate included a trading margin or if the 12 supplying companies operated under VEH Global. The Regulatory Commission will decide on approving the contract only after conducting a public hearing.