സന്നിധാനത്തും പമ്പയിലുമായി 1,400 ശുചിമുറികൾ വൃത്തിയാക്കുന്നതിന് രണ്ടരക്കോടി രൂപ ചെലവിൽ സ്വകാര്യ കമ്പനിക്ക് കരാർ നൽകി തിരുവിതാംകൂർ ദേവസ്വം ബോർഡ്. തീർഥാടനകാലം മുഴുവൻ ശുചിമുറികളുടെ ശുചീകരണവും പരിപാലനവും കമ്പനിയുടെ നേതൃത്വത്തിലായിരിക്കും.
ഇത്തവണ സന്നിധാനത്തും പമ്പയിലും ശുചിമുറി സൗകര്യം തീർഥാടകർക്ക് സൗജന്യമാക്കിയിരുന്നു. എന്നാൽ ശുചിമുറികൾ വൃത്തിഹീനമായ സാഹചര്യത്തിലാണെന്ന പരാതികൾ വ്യാപകമായി ഉയർന്നിരുന്നു. ഇതോടെയാണ് ശുചീകരണ ചുമതല സ്വകാര്യ കമ്പനിയെ ഏൽപ്പിക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്.
മുൻവർഷങ്ങളിൽ ശുചിമുറികളുടെ നടത്തിപ്പും പരിപാലനവും ടെൻഡർ നടപടികളിലൂടെ കരാർ നൽകുകയായിരുന്നു പതിവ്. എന്നാൽ ഇത്തവണ സൗജന്യ സേവനമാക്കിയതോടെ ദേവസ്വം ബോർഡ് നിയോഗിച്ച താൽക്കാലിക ജീവനക്കാരായിരുന്നു ശുചീകരണ ചുമതല നിർവഹിച്ചിരുന്നത്.
എന്നാൽ ഈ സംവിധാനം ഫലപ്രദമല്ലെന്ന് വിലയിരുത്തിയതിനെത്തുടർന്നാണ് സ്വകാര്യ കമ്പനിയെ ചുമതലപ്പെടുത്താൻ തീരുമാനിച്ചത്. ഇന്ന് ചേർന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗത്തിലാണ് രണ്ടരക്കോടി രൂപയുടെ ശുചീകരണ കരാർ സ്വകാര്യ കമ്പനിക്ക് നൽകാൻ തീരുമാനമായത്.
അതേസമയം, വെർച്വൽ ക്യൂ ബുക്കിങ് പൂർണമായും തീർന്നിട്ടും ശബരിമലയിൽ തീർഥാടകരുടെ തിരക്കില്ലാത്തത് എന്തുകൊണ്ടെന്ന് അന്വേഷിക്കാൻ ദേവസ്വം മന്ത്രി കെ.മുരളീധരന്റെ നിർദേശം.അടിയന്തരമായി പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ശബരിമല ചീഫ് പൊലീസ് കോര്‍ഡിനേറ്റര്‍ എഡിജിപി പി.വിജയനോട് ആവശ്യപ്പെട്ടു. മറിച്ച് കൊടുക്കാന്‍ വേണ്ടി കൂട്ടമായി ബുക്ക് ചെയ്യുന്നതാണോ, ബുക്കിങ്ങിൽ ക്രമക്കേട് നടത്തി മറ്റു തീർഥാടകർക്ക് അവസരം നിഷേധിച്ചതാണോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കണം. കൂടുതൽ തിരക്കുണ്ടാകേണ്ട സമയത്തുപോലും നടപ്പന്തലിലും പമ്പയിലും ക്യൂ ഇല്ല . അരവണ കൗണ്ടറുകളുടെ മുന്നിലും ആളില്ല. ബുക്കിങ് കിട്ടില്ല എന്ന് കരുതി തീര്‍ഥാടകര്‍ വരാത്തതിനാല്‍ സ്പോട്ട് ബുക്കിങ്ങിനും കാര്യമായി ആള് വരുന്നില്ല.