rajeev-surendran

പത്മജ വേണുഗോപാലും പദ്മിനി തോമസും ഉള്‍പ്പടെയുള്ളവരുടെ കൊഴിഞ്ഞുപോക്കിനെ ചൊല്ലി ബിജെപിയില്‍ ഭിന്നത രൂക്ഷം. സംസ്ഥാന നേതൃത്വത്തിന്‍റെ പിടിപ്പുകേടെന്ന ആരോപണമാണ് സുരേന്ദ്ര പക്ഷം ഉന്നയിക്കുന്നത്. എന്നാല്‍ സുരേന്ദ്രന്‍റെ കാലത്ത് പാര്‍ട്ടിലേക്ക് കൊണ്ടുവന്നവരാണ് പാതിവഴിയില്‍ മടങ്ങുന്നതെന്നാണ് രാജീവ് ചന്ദ്രശേഖര്‍ അനുകൂലികളുടെ  മറുപടി. ഭിന്നത പൊട്ടിത്തെറിയിലേക്ക് നീങ്ങാതിരിക്കാനായി പരസ്യപ്രതികരണം വിലക്കി.

കേന്ദ്ര നേതൃത്വം തന്നെ വമ്പന്‍ സ്വീകരണമൊരുക്കി കൊണ്ടുവന്ന പത്മജ ബിജെപിയുടെ ആശയം തെറ്റാണെന്ന് പറഞ്ഞ് മടങ്ങി. തലസ്ഥാനത്തെ ന്യൂനപക്ഷങ്ങളിലേക്കുള്ള വാതില്‍ എന്ന് വിശേഷിപ്പിച്ച പത്മിനി തോമസാവട്ടെ നേതൃത്വം അവഗണിച്ചെന്ന് ആരോപിച്ച് പടിയിറങ്ങുകയുമാണ്. രാജീവ് ചന്ദ്രശേഖറിന്‍റെ നേതൃത്വത്തിന്‍റെ ഏകാധിപത്യ സമീപനവും പിടിപ്പുകേടുമാണ് കൊഴിഞ്ഞുപോക്കിന് കാരണമെന്നാണ് വി.മുരളീധരനെയും കെ.സുരേന്ദ്രനെയും അനുകൂലിക്കുന്നവര്‍ ആരോപിക്കുന്നത്. 

പത്മജയും പദ്മിനിയുമെല്ലാം കെ.സുരേന്ദ്രന്‍ സംസ്ഥാന പ്രസിഡന്‍റായപ്പോള്‍ പാര്‍ട്ടിയിലേക്ക് വന്നവരാണ്. അന്ന് അവര്‍ക്ക് ഓഫര്‍ നല്‍കിയിരുന്നെങ്കില്‍ പാലിക്കേണ്ടത് അന്നത്തെ നേതൃത്വമായിരുന്നു. അതിന്‍റെ ഉത്തരവാദിത്തം ഇപ്പോള്‍ ഏറ്റെടുക്കാനാവില്ലെന്നാണ് ഔദ്യോഗിക പക്ഷത്തിന്‍റെ മറുപടി. എന്നാല്‍ പത്മജയെ കൊണ്ടുവന്നത് സംസ്ഥാന നേതൃത്വത്തെ അറിയിക്കാതെ കേന്ദ്രനേതൃത്വമാണെന്നാണ് സുരേന്ദ്ര പക്ഷം ആരോപിക്കുന്നത്.

വി.മുരളീധരന്‍റെ പ്രതികരണം ആ അതൃപ്തി വ്യക്തമാക്കുന്നു. ഭിന്നത രൂക്ഷമാകുന്നത് മുന്നില്‍ കണ്ട് മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും പ്രതികരിക്കരുതെന്ന വാട്സാപ് നിര്‍ദേശം നല്‍കിയിരിക്കുകയാണ് സംസ്ഥാന നേതൃത്വം.

ENGLISH SUMMARY:

Malayala Manorama Online News reports that severe internal conflicts have erupted within the Kerala BJP following the recent exits of prominent leaders like Padmaja Venugopal and Padmini Thomas. The factional feud between K. Surendran and Rajeev Chandrasekhar supporters has forced the central leadership to impose a strict gag order on public statements.