padmaja-venugopal

ബിജെപിയില്‍ നിന്നും രാജിവച്ച് കോണ്‍ഗ്രസിലേക്ക് തിരികെ വരാനൊരുങ്ങുമ്പോള്‍ പത്മജ വേണുഗോപാലിനെ പാര്‍ട്ടി നേതാക്കള്‍ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും സമൂഹമാധ്യമങ്ങളില്‍ എതിര്‍പ്പുമായി പ്രവര്‍ത്തകര്‍. പത്മജയെ പറ്റിയുള്ള പോസ്റ്റുകള്‍ക്ക് താഴെ എതിര്‍ത്ത് കമന്‍റിടുകയാണ് സൈബര്‍ കോണ്‍ഗ്രസുകാര്‍. കഴിഞ്ഞ ദിവസം പത്മജയെ സ്വീകരിക്കാന്‍ തിടുക്കം കാണിക്കുന്നതിനെ വിമര്‍ശിച്ച  ജിന്‍റോ ജോണിന്‍റെ പോസ്റ്റിന് വലിയ പിന്തുണയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചത്. പത്മജയെ സ്വീകരിക്കുമ്പോള്‍ മുന്‍പ്രസ്താവനകളില്‍ മാപ്പു പറയണമെന്ന് സുധാ മേനോന്‍ ആവശ്യപ്പെട്ടു. 

കോൺഗ്രസിൽ  പ്രവർത്തിക്കുമ്പോൾ ചന്ദനക്കുറി ഇടാൻ പോലും ഭയമാകുന്നു എന്ന ഏറ്റവും അപകടകരമായ പ്രസ്താവന നടത്തി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ‘ഖാൻഗ്രസ്’ ആണെന്ന സംഘി നരേറ്റീവിന് സോഷ്യൽ ലെജിറ്റിമസി കൊടുത്ത ഒരാളാണ് പത്മജയെന്ന് സുധാ മേനോന്‍ എഴുതി. പത്മജയുടെ തിരിച്ചറിവിന് നല്ലതാണെന്നും പക്ഷേ ചന്ദനകുറി പരാമര്‍ശത്തിന് കേരളത്തോടും പാര്‍ട്ടിയോടും മാപ്പ് പറയണമെന്നും സുധ മേനോന്‍ ആവശ്യപ്പെട്ടു. 

പത്മജ വര്‍ഗീയ പരാമര്‍ശങ്ങള്‍ തിരുത്തണമെന്ന് കെഎസ്‍യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യറും ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന്‍റെ മോശം അവസ്ഥയിലാണ് പാര്‍ട്ടിയുടെ മതേതര സ്വഭാവത്തെ വെല്ലുവിളിച്ച് പത്മജ പാര്‍ട്ടി വിട്ടത്. കെ. കരുണാകരൻ ഇന്ന് ജീവിച്ചിരുന്നേൽ അദ്ദേഹം ബിജെപി യിൽ പോയേനെ എന്ന പ്രസ്താവനയിലും ചന്ദനകുറി പരാമര്‍ശത്തിലും മാപ്പ് പറയണമെന്നാണ് അലോഷ്യസ് ആവശ്യപ്പെടുന്നത്. തിരികെ എത്തിയാല്‍ ബൂത്തു തലം മുതല്‍ പടിപടിയായി മാത്രമായിരിക്കണം പരിഗണനയെന്നും അലോഷ്യസ് പറഞ്ഞു. 

പത്മജയെ എതിര്‍ത്ത് ജിന്‍റോ ജോണ്‍ ഇന്നും രംഗത്തുവന്നു. നെപ്പോ കിഡുകളെ ചുമന്ന് മടുത്തെന്നും പത്മജ പാര്‍ട്ടിയിലേക്ക് തിരികെ വരുംമുന്‍പ് രാഷ്ട്രീയ വ്യക്തത വരുത്തണമെന്നും ജിന്‍റോ ആവശ്യപ്പെട്ടു. പത്മജ കോണ്‍ഗ്രസിലേക്ക് തിരികെ വന്നിട്ട് എന്തു ചെയ്യാനാണെന്നാണ് ജിന്‍റോ ഇന്നലെ ചോദിച്ചത്. കോൺഗ്രസ്സിനെ തേടിയെത്തുന്നത് അധികാരവീത കൊതി മാത്രമാണെന്നും വിമര്‍ശിച്ചു. ബിജെപി വിടുന്ന ഭാഗ്യാന്വേഷികളെ കാത്ത് വാതില്‍ തുറന്നിട്ടിരിക്കേണ്ട ഗതികേട് കോണ്‍ഗ്രസിനില്ലെന്നും കോണ്‍ഗ്രസിലേക്കെന്ന് പറയാത്തവരെ ക്ഷണിക്കുന്ന ആവേശക്കമ്മിറ്റിക്കാർ അതുകൊണ്ട് പൊടിക്കൊന്നടങ്ങണമെന്നും ജിന്‍റോ കുറിച്ചു.

ENGLISH SUMMARY:

While senior Congress leaders have welcomed Padmaja Venugopal's possible return after resigning from the BJP, party workers and cyber activists are strongly opposing the move on social media. Leaders like Jinto John, KSU state president Aloshious Xavier, and Sudha Menon have demanded that Padmaja apologize for her earlier communal remarks, including her controversial statements about wearing sandalwood paste in Congress and claiming K. Karunakaran would have joined the BJP. Aloshious Xavier insisted that she must work from the booth level upward if readmitted, rather than receiving top posts immediately. Meanwhile, Jinto John criticized leaders rushing to welcome "nepo kids" and opportunists, warning against opening the party's doors to those driven solely by a hunger for power.