കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ച ഷുക്കൂർ വധക്കേസ് പ്രതികൾക്ക് സിപിഎമ്മിന്റെ വൻ സ്വീകരണം. ജില്ലാ സെക്രട്ടറി കെ കെ രാകേഷുൾപ്പെടെ നൂറുകണക്കിന് നേതാക്കളും പ്രവർത്തകരും അണിചേർന്നായിരുന്നു കുറ്റവാളികളെ ജയിലിലേക്ക് ആനയിച്ചത്. അരിയിൽ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസിലെ കുറ്റക്കാരിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടവർക്കാണ് സിപിഎം വക പതിവ് സ്വീകരണം .
ഒന്നാം പ്രതി സുമേഷ്, മൂന്നാം പ്രതി അനൂപ്, ഏഴാം പ്രതി പവിത്രൻ, ഒൻപതാം പ്രതി മനോഹരൻ, പത്താം പ്രതി എം.വി. ദിനേശൻ, പന്ത്രണ്ടാം പ്രതി ബിജുമോൻ, പതിനഞ്ചാം പ്രതി ഷിജിൻ മോഹൻ എന്നിവരെ വൈകിട്ട് 6:45നാണ് സെൻട്രൽ ജയിൽ എത്തിച്ചത്. പ്രതികളുടെ മക്കൾ ഉൾപ്പെടെ കുടുംബാംഗങ്ങൾ നേരിട്ട് എത്തി. സിപിഎം സംസ്ഥാന സമിതി അംഗം എൻ സുകന്യ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി വി ഗോപിനാഥ്, മുൻ ജില്ലാ കമ്മിറ്റി അംഗം പി പി ദിവ്യ, ഡിവൈഎഫ്ഐ നേതാവ് എം ഷാജർ തുടങ്ങി ഒട്ടേറെ നേതാക്കളാണ് സ്വീകരിക്കാൻ മണിക്കൂറുകൾ മുൻപേ എത്തിയത്. പ്രാദേശിക പ്രവർത്തകരും നേതാക്കളും എത്തിയിരുന്നു .
Also read: 'ഷുക്കൂർ വധക്കേസിൽ പി. ജയരാജനായി കുഞ്ഞാലിക്കുട്ടി ഇടപെട്ടു'
കുറ്റവാളികൾക്ക് ജയിലിൽ ഉപയോഗിക്കാനുള്ള വസ്തുക്കൾ ഉൾപ്പെടെ നേരത്തെ തയ്യാറാക്കി ജയിൽ കവാടത്തിന് മുന്നിൽ സജ്ജീകരിച്ചിരുന്നു. ഷുക്കൂർ വധക്കേസിൽ പാർട്ടിക്ക് പങ്കില്ല എന്ന് നിലപാട് പ്രഖ്യാപിച്ചിരുന്ന സിപിഎം കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത കുറ്റവാളികൾക്കാണ് അഭിവാദ്യം അർപ്പിക്കുന്നത്. ഒട്ടേറെ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിലേക്ക് വരുമ്പോൾ കുറ്റവാളികൾക്ക് സിപിഎം നൽകുന്ന വരവേൽപ്പുകൾക്ക് കണ്ണൂർ സെൻട്രൽ ജയിൽ ഇതിനു മുൻപും പലതവണ സാക്ഷിയായിട്ടുണ്ട്