സൗദി അറേബ്യയിലെ പ്രധാന തുറമുഖങ്ങളും വൈദ്യുതി നിലയങ്ങളും ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നൽകി യെമനിലെ ഹൂതി വിമതർ. സൗദിയുടെ വ്യോമപാത സുരക്ഷിതമല്ലെന്നും വിമാനക്കമ്പനികൾ ആകാശം ഒഴിവാക്കണമെന്നും ഹൂതികൾ പ്രഖ്യാപിച്ചതോടെ, ഇന്ത്യയിൽ നിന്നുള്ള സർവീസുകൾ വിമാനക്കമ്പനികൾ കൂട്ടത്തോടെ റദ്ദാക്കി. എയർ ഇന്ത്യയും ഇൻഡിഗോയും ഉൾപ്പെടെയുള്ള പ്രമുഖ കമ്പനികൾ ഈ മാസം അവസാനം വരെയുള്ള സർവീസുകളാണ് പിൻവലിച്ചത്

 

Also read: അമേരിക്കന്‍ ആക്രമണത്തിന് പിന്നാലെ ബഹറൈനിലും കുവൈത്തിലും ഭീഷണി മുഴക്കി ഇറാന്‍

 

യെമനിലെ സാദ, മോഖ വൈദ്യുതി നിലയങ്ങൾക്ക് നേരെ സൗദി നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി സൗദിയിലെ പ്രധാന തുറമുഖങ്ങളും പവർ പ്ലാന്റുകളും തകർക്കുമെന്നാണ് ഹൂതികളുടെ ഭീഷണി. വരും മണിക്കൂറുകളിൽ അതിശക്തമായ വ്യോമാക്രമണം ഉണ്ടാകുമെന്ന് ഹൂതി വക്താവ് യഹ്യ സരീ മുന്നറിയിപ്പ് നൽകി. പ്രധാന വൈദ്യുതി ഉത്പാദന കേന്ദ്രമായ ഷുഖൈഖ് പ്ലാന്റും ജിദ്ദ ഉൾപ്പെടെയുള്ള തുറമുഖങ്ങളുമാണ് ഇവരുടെ പ്രധാന ലക്ഷ്യം. 

 

എന്നാൽ വിശുദ്ധ നഗരങ്ങളായ മക്കയെയും മദീനയെയും ആക്രമണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. റിയാദിലെ കിങ് അബ്ദുല്ല ഫിനാൻഷ്യൽ സെന്ററിൽ നിന്ന് ജനങ്ങളോട് ഒഴിയാൻ ഹൂതികൾ ആവശ്യപ്പെട്ടതിന് പിന്നാലെ, ജിസാനിലുള്ള ജനങ്ങൾക്ക് സൗദി ഭരണകൂടം ഫോണുകളിൽ ജാഗ്രതാ നിർദ്ദേശം നൽകി. വ്യോമപാതയിലെ ഭീഷണിയെ തുടർന്ന് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ഇൻഡിഗോയും റിയാദ്, ദമാം,ജിദ്ദ സർവീസുകൾ മുപ്പതാം തീയതി വരെ റദ്ദാക്കി. 

 

അതേസമയം, യെമനിലെ ഹുദെയ്ദ തുറമുഖം ആക്രമിക്കുന്നതിന് മുന്നോടിയായി അവിടെനിന്നും ജനങ്ങൾ ഒഴിയണമെന്ന് സൗദി സഖ്യസേനയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.സൗദിയുടെ തെക്കൻ മേഖലകളായ ജിസാൻ, അബ്ഹ, ഖമീസ് മുഷൈത്ത് എന്നിവിടങ്ങളിലേക്ക് ഹൂതികൾ തൊടുത്ത ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും സഖ്യസേന തകർത്തു. ഇതിനിടെ, ഇറാഖിൽ ഇറാൻ പിന്തുണയുള്ള കത്തീബ് ഹിസ്ബുല്ലയുടെ ശക്തികേന്ദ്രമായ ജർഫ് അൽ സഖർ ഇറാഖ് ഔദ്യോഗിക സൈന്യം പിടിച്ചെടുത്തു. സംഘർഷങ്ങൾക്കിടയിലും ഇറാനെ തൽക്കാലം ആക്രമിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, അനിശ്ചിതാവസ്ഥ തുടരുന്നത് അംഗീകരിക്കാനാവില്ലെന്ന് ഇറാനും പ്രതികരിച്ചു.

ENGLISH SUMMARY:

Malayala Manorama Online News provides the latest updates on the Saudi-led coalition's military moves near the Hodeidah port and escalating tensions with Houthi rebels. The unfolding conflict has already forced major airlines to suspend flights and triggered urgent security alerts across the region.