ശബരിമല അന്നദാനത്തിന്റെ അടുക്കളയില്‍ കഴിഞ്ഞരാത്രി മുന്‍ കരാറുകാരന്റെ സഹായി കടന്നു കയറിയത് അട്ടിമറി ശ്രമം എന്ന് സംശയം. അടുക്കളയില്‍ ദേവസ്വംബോര്‍ഡ് സിസിടിവി ക്യാമറ സ്ഥാപിക്കും. ഭക്ഷണത്തില്‍ വിഷം കലക്കാന്‍ മടിക്കാത്ത ക്ഷുദ്രജീവികള്‍ ഉണ്ടെന്നും ജാഗ്രതാ നിര്‍ദേശം നല്‍കിയെന്നും ദേവസ്വം മന്ത്രി പറഞ്ഞു.
ഇന്നുമുതലാണ് അന്നദാനം കേരളീയ സദ്യയാക്കിയത്. ഇന്നലെ രാത്രിയാണ് അടുക്കളയില്‍ മുന്‍ കരാറുകാരന്റെ സഹായി കടന്നു കയറിയത്. മദ്യപിച്ച് ലക്കുകെട്ട അവസ്ഥയില്‍ ആയിരുന്നു. നിലവിലെ കരാറുകാരെ ഭീഷണിപ്പെടുത്തിയിരുന്ന ആളാണ് കടന്നു കയറിയത്. അന്നദാനമണ്ഡപത്തില്‍ ഭക്ഷണം വിളമ്പാനെത്തിയവരെ ജോലിയില്‍ നിന്ന് പിന്തിരിപ്പിക്കാനും ചിലരുടെ ശ്രമം ഉണ്ടായി. വിവരം ദേവസ്വം ബോര്‍ഡിനെ അറിയിച്ചതോടെയാണ് സിസിടിവി സ്ഥാപിക്കാന്‍ തീരുമാനമായത്. പൊലീസിന് അടക്കം ജാഗ്രതാ നിര്‍ദേശം നല്കി. അടുക്കളയിലും കടുത്ത ജാഗ്രതാ നിര്‍ദേശം നല്കി
ഭക്ഷണത്തില്‍ വിഷംകലക്കാന് മടിക്കാത്ത ക്ഷുദ്ര ജീവികളുണ്ടെന്നും കഴിഞ്ഞ ദിവസം പ്രശ്നം ഉണ്ടായെന്നും ദേവസ്വം മന്ത്രിയാണ് ആദ്യം പറഞ്ഞത്. കരാറുകള്‍ കിട്ടാത്തവരുടെ അട്ടിമറി ശ്രമങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയെന്നും മന്ത്രി പറഞ്ഞു.
Also read: തിരുപ്പതി മാതൃകയിൽ ശബരിമലയെ മാറ്റും; തീർഥാടകർക്ക് മികച്ച സൗകര്യങ്ങൾ ഉറപ്പാക്കും: മുഖ്യമന്ത്രി
ലേലവും,കടകളും,കരാറുകളും സ്ഥിരമായി കയ്യടക്കുന്ന ഗൂഢസംഘങ്ങള്‍ ശബരിമലയില്‍ ഉണ്ടെന്ന് നേരത്തേ വിജലന്‍സ് റിപ്പോര്‍ട്ടുകളുണ്ട്. ബിനാമി പേരില്‍ കരാര്‍ നേടുക,പുതിയതായി കരാറെടുക്കാന്‍ വരുത്തുന്നവരെ വരുതിയിലാക്കുകയോ വിരട്ടി ഓടിക്കുകയോ ചെയ്യുക തുടങ്ങിയ രീതിയിലാണ് പ്രവര്‍ത്തനം. കോടതി ഇടപെടലോടെ കഴിഞ്ഞ വര്‍ഷം മുതല്‍ കുഴപ്പക്കാരായ പലരേയും ഒഴിവാക്കിത്തുടങ്ങി. ചില ദേവസ്വം ജീവനക്കാരുടെ ഒത്താശയോടെ ആയിരുന്നു ഇത്തരം ഗൂഢസംഘങ്ങളുടെ പ്രവര്‍ത്തനം. ഇവരുടെ സംഘടിത അട്ടിമറി ശ്രമങ്ങളെയാണ് ദേവസ്വംബോര്‍ഡ് ഭയക്കുന്നത് .