മുംബൈയില്‍ വിവിധ സ്ഥലങ്ങളുടെ ചിത്രങ്ങളെടുത്ത് ഭീകര സംഘടനയ്ക്ക് നല്‍കിയതിന് തൃശൂര്‍ സിറ്റി പൊലീസ് പിടികൂടിയ തമിഴ്നാട്ടുകാരന്‍ ഗുരുമൂര്‍ത്തിയുമായി വീണ്ടും തെളിവെടുപ്പ് നടത്തി. നാലരമാസമായി പാലക്കാട് ഒറ്റപ്പാലത്ത് ജോലി ചെയ്യുന്ന പാല്‍ക്കടയിലെത്തിയാണ് തെളിവെടുപ്പ് നടത്തിയത്. ചിത്രങ്ങളെടുത്ത മൊബൈല്‍ ഫോണ്‍ ഉദുമല്‍പേട്ടിലെ ഭാര്യവീട്ടില്‍ നിന്ന് കണ്ടെടുത്തു.
ഗുരുമൂര്‍ത്തി അറസ്റ്റിലായ വിവരമറിഞ്ഞ് ഞെട്ടിയത് ഒറ്റപ്പാലത്തെ പാല്‍ക്കട ഉടമയും പ്രദേശവാസികളുമാണ്. നാലരമാസം മുമ്പാണ് ഗുരുമൂര്‍ത്തി ജോലിയ്ക്ക് വന്നത്. പൊതുവെ ശാന്ത സ്വഭാവക്കാരനാണ്. പക്ഷേ, പണം ചെലവാക്കാന്‍ താല്‍പര്യം കൂടുതലാണ്. ഇതിനിടെയാണ്, പൊലീസിന്‍റെ വരവും അറസ്റ്റും. കേന്ദ്ര ഇന്‍റലിജന്‍സാണ് കേരള പൊലീസിന് ഗുരുമൂര്‍ത്തിയെക്കുറിച്ച് വിവരം കൈമാറുന്നത്.
ഹരിയാനയിലെ കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്ണോയ് ചില ഭീകര സംഘടനകള്‍ക്കു വേണ്ടി ഗുരുമൂര്‍ത്തിയെ പോലുള്ള ആളുകളെ ഉപയോഗിച്ചു. ഭീകര സംഘടന ആവശ്യപ്പെട്ട ബോളിവുഡ് താരങ്ങളുടെ സ്ഥിരം ഇടങ്ങളാണ് ഗുരുമൂര്‍ത്തി ചിത്രങ്ങളായി പകര്‍ത്തിയത്. ചിത്രങ്ങളെടുത്ത സ്മാര്‍ട് ഫോണ്‍ ഭാര്യയാണ് ഉപയോഗിക്കുന്നത്. തമിഴ്നാട്ടിലെ ഉദുമല്‍പേട്ടിലാണ് ഭാര്യയുടെ വീട്. ഇവിടെ എത്തിയാണ് ഫോണ്‍ കണ്ടെടുത്തത്. ഈ ഫോണിലെ തെളിവുകള്‍ നശിക്കാതിരിക്കാന്‍ ഫൊറന്‍സിക് ലാബിനു കൈമാറി.
യുഎപിഎ ചുമത്തിയ കേസില്‍ എന്‍ഐഎ അന്വേഷണം തുടരും. ലോക്കല്‍ പൊലീസില്‍ നിന്ന് അന്വേഷണ ഫയല്‍ എന്‍ഐഎ ഉടനെ വാങ്ങും. സുനഹദോസ് തീവയ്പു കേസില്‍ അറസ്റ്റിലായ അബിന്‍ പോളും ഇന്നലെ അറസ്റ്റിലായ യഷ് സിങ്ങും കസ്റ്റഡിയിലുള്ള ഗുരുമൂര്‍ത്തിയുമെല്ലാം ഒരേ ഭീകര സംഘടനയ്ക്കു വേണ്ടി പ്രവര്‍ത്തിച്ചതായാണ് സൂചന. അഞ്ചു ദിവസത്തേയ്ക്കാണ് ഗുരുമൂര്‍ത്തിയെ കോടതി കസ്റ്റഡിയില്‍ വിട്ടു കൊടുത്തത്. ഇന്നുതന്നെ വിയ്യൂര്‍ അതീവ സുരക്ഷ ജയിലിലേയ്ക്കു മാറ്റും.