kavitha-perambra

TOPICS COVERED

കോഴിക്കോട് പേരാമ്പ്രയില്‍ ജപ്തി നടപടികള്‍ക്കിടെ വീട്ടമ്മ ജീവനൊടുക്കി. 42കാരിയായ കൂത്താളി സ്വദേശി കവിതയാണ് ജീവനൊടുക്കിയത്. വീട് ജപ്തി ചെയ്യുമെന്ന ഭയവും ബാങ്ക് അധികൃതരുടെ ഭാഗത്തുനിന്നുള്ള സമ്മര്‍ദ്ദവുമാണ് ദുരന്തത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചു. 

പുതിയ വീട് നിര്‍മിക്കുന്നതിനായി കവിതയുടെ കുടുംബം നടുവണ്ണൂരിലെ പ്രമുഖ ബാങ്ക് ശാഖയില്‍ നിന്ന് 17 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. എന്നാല്‍ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ രാവിലെ ജപ്തി നടപടികള്‍ക്കായി വീട്ടിലെത്തി. ഇതിനുപിന്നാലെയാണ് കവിതയെ വീടിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്.

കവിതയുടെ ഭര്‍ത്താവിന് പെയ്ന്‍റ് കടയിലാണ് ജോലി. കുടുംബത്തിന്‍റെ ഏക വരുമാന മാര്‍ഗവും ഇതായിരുന്നു. എട്ട് ലക്ഷം രൂപയോളം കവിതയും ഭര്‍ത്താവും ചേര്‍ന്ന് തിരിച്ചടച്ചിരുന്നുവെന്നും ബാക്കി തുകയടക്കാന്‍ സാവകാശം ചോദിച്ചെങ്കിലും ബാങ്ക് അധികൃതര്‍ സമ്മതിച്ചില്ലെന്നും നാട്ടുകാര്‍ പറയുന്നു. വീട് വിറ്റ് തുക അടക്കാമെന്നും കുടുംബം പറഞ്ഞിരുന്നു.  വായ്പയായി എടുത്തത് 17 ലക്ഷം രൂപയാണെങ്കിലും തിരിച്ചടയ്ക്കാന്‍ ബാങ്ക് ആവശ്യപ്പെട്ടത് 49 ലക്ഷം രൂപയാണെന്ന് കുടുംബം ആരോപിച്ചു. ജപ്തി നടപടികള്‍ക്കിടെ മൃതദേഹം പുറത്തെടുക്കാന്‍ പോലും ബാങ്ക് ഉദ്യോഗസ്ഥര്‍ സഹായിച്ചില്ലെന്നും കുടുംബം കുറ്റപ്പെടുത്തി.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ സൗജന്യ ഹെല്‍പ് ലൈന്‍ നമ്പറായ 1056 ലോ / 0471 – 2552056 എന്ന ലാന്‍ഡ് ലൈന്‍ നമ്പറിലോ 9152987821 എന്ന മൊബൈല്‍ നമ്പറിലോ വിളിച്ച് സഹായം തേടുക.)

ENGLISH SUMMARY:

A 42-year-old woman named Kavitha died by suicide in Perambra, Kozhikode, following bank attachment proceedings at her residence over a defaulted housing loan. Her family alleged that severe mental pressure from bank officials and the fear of losing their home drove her to take the extreme step after authorities arrived with a court order. Although the family had taken a ₹17 lakh loan and already repaid around ₹8 lakh, they claimed the bank demanded ₹49 lakh and refused to grant extra time to sell the house and settle the dues. Locals and relatives further accused the bank officials of behaving insensitively by failing to even help retrieve the body during the attachment process.