എസ്എംഎ ബാധിതരായ മൂന്നു കുഞ്ഞുങ്ങളുടെ ജീവിതത്തിലേക്ക് പ്രതീക്ഷയുടെ വെളിച്ചം പകരാന്‍ ആയിരക്കണക്കിന് കീചെയിനുകള്‍ ഒരുക്കി വിദ്യാര്‍ഥികള്‍. കോഴിക്കോട്, ദേവഗിരി സെന്‍റ് ജോസഫ് കോളജിലെ എന്‍എസ്എസ് വളണ്ടിയര്‍മാരാണ് വേറിട്ട വഴിയിലൂടെ ജീവകാരുണ്യ ദൗത്യത്തിന്‍റെ ഭാഗമായത്. ഓമശേരിയിലെ എസ്എംഎ ബാധിതരായ കുഞ്ഞുങ്ങളുടെ ചികിത്സയ്ക്ക് സഹായമെത്തിക്കാനാണ് ഈ മെഗാ കീചെയിന്‍ മാരത്തണ്‍.

താക്കോലുകള്‍ക്കൊപ്പം ചേര്‍ത്തു വയ്ക്കാനുള്ള വെറുമൊരു അലങ്കാര വസ്തുവല്ല, മറിച്ച് മൂന്നു കുഞ്ഞുങ്ങള്‍ക്ക് നേരെ നീട്ടുന്ന സ്നേഹത്തിന്‍റെ കൈത്താങ്ങായി മാറുകയാണ് ഈ കുട്ടികളുടെ കീ ചെയിനുകള്‍. സഹായത്തിന്‍റെ വലിപ്പമല്ല, അതിനു പിന്നിലെ മനസാണ് പ്രധാനമെന്ന് ഈ കുട്ടികള്‍ ഓര്‍മിപ്പിക്കുന്നു. നിസഹായതയുടെ മുന്നില്‍ കൈകെട്ടി നില്‍ക്കാതെ തങ്ങളാലാകുന്ന വിധത്തില്‍ ചേര്‍ത്തു പിടിക്കാനുള്ള മനസ്, അതാണ് ഇവരുടെ വിജയം. കീചെയിന്‍ വിറ്റ് സമാഹരിക്കുന്ന തുക എസ്എംഎ ബാധിതരായ കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായി കൈമാറും.

ENGLISH SUMMARY:

NSS volunteers at Devagiri St. Joseph's College in Kozhikode have launched an inspiring keychain-making marathon to fund medical treatments for three children suffering from Spinal Muscular Atrophy (SMA) in Omashery.