കെഎസ്ഇബി സ്മാർട്ട് മീറ്റർ രണ്ടാംഘട്ട വ്യാപനത്തിന്‍റെ ബിഡ് കാലാവധി മൂന്നുമാസത്തേക്ക് കൂടി നീട്ടി. ഇതോടെ സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്ന നടപടികൾ മാർച്ചിലും തുടങ്ങാനാവില്ല. ആര്‍.ഡി.എസ്.എസ് പദ്ധതിക്കുള്ള കേന്ദ്ര വിഹിതം ലഭിക്കുന്നത് വൈകുമെന്ന ആശങ്ക നിലനില്‍ക്കുന്നതിനൊപ്പം സംസ്ഥാനത്തിന്‍റെ അധിക കടമെടുപ്പിനെയും ഇത് ബാധിക്കും.

അടങ്കൽ തുകയെക്കാൾ 42 ശതമാനം കുറഞ്ഞ തുക രേഖപ്പെടുത്തിയ ഗ്രിഡ് ക്രൈസ്റ്റ് കമ്പനിക്ക് കഴിഞ്ഞദിവസം വര്‍ക്ക് ഓര്‍ഡര്‍ നല്‍കേണ്ടതായിരുന്നു. തീരുമാനമെടുക്കും മുന്‍പ് ഫയല്‍ കെ.എസ്.ഇ.ബി അസാധാരണ നടപടിയിലൂടെ സര്‍ക്കാരിലേക്ക് അയച്ചു. വിഷയം സര്‍ക്കാര്‍ പഠിച്ച് തീരുമാനമെടുക്കുന്നതിന് സമയം വൈകുമെന്ന് കണ്ടാണ് ബിഡ് കാലാവധി ഫെബ്രുവരി രണ്ടുവരെ നീട്ടിയത്.

ആര്‍.ഡി.എസ്.എസ് പദ്ധതിയുടെ ഭാഗമായി ട്രാൻസ്മിഷൻ ലൈനുകളുടെ നവീകരണ പ്രവർത്തനങ്ങൾ നടക്കുകയാണ്. 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവുമാണ് ഇതിന് ചെലവ് വഹിക്കുന്നത്. സ്മാർട്ട് മീറ്റർ രണ്ടാംഘട്ടം നടപ്പിലാക്കിയാലേ ഗ്രാൻഡ് അനുവദിക്കൂ എന്നാണ് കേന്ദ്രസർക്കാർ നിലപാട്. കരാറുകാര്‍ക്ക് പണം നല്‍കാന്‍ കാലതാമസം വന്നതോടെ പലയിടത്തും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിലച്ചു. പദ്ധതി അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് കെ.എസ്.ഇ.ബിയിലെ ഇടത് തൊഴിലാളി യൂണിയന്‍ ആരോപിക്കുന്നു.

ഊർജമേഖലയിലെ പ്രവർത്തനങ്ങൾ പൂർത്തിയാകുന്ന സമയത്ത് സംസ്ഥാനത്തിന് അധിക കടമെടുപ്പിന് അവസരമുണ്ട്. സ്മാർട്ട് മീറ്റർ പദ്ധതി വൈകുന്നത് അധിക കടമെടുപ്പിനെയും ബാധിക്കും. ജനുവരിക്ക് ശേഷം നെറ്റ് മീറ്റർ വാങ്ങേണ്ടതില്ലെന്നാണ് കെ.എസ്.ഇ.ബിയുടെ തീരുമാനം. സ്മാർട്ട് മീറ്റർ വൈകിയാൽ സോളർ ഉപഭോക്താവിനെ നെറ്റ് മീറ്റർ സ്വന്തം നിലയില്‍ വാങ്ങേണ്ടിവരും. ഇതും പ്രതിസന്ധിയാണ്. സര്‍ക്കാരിന്‍റെ അനുമതിയോടെ പ്രതിസന്ധി വേഗം പരിഹരിക്കുമെന്നാണ് കെ.എസ്.ഇ.ബിയുടെ വിശദീകരണം.

ENGLISH SUMMARY:

The Kerala State Electricity Board (KSEB) has extended the bid validity for the second phase of its smart meter rollout by another three months until February 2, ruling out any installation work before March.