പത്തനംതിട്ട കോഴഞ്ചേരി പാലത്തിന്റെ പേരില്‍ വീണ ജോര്‍ജും അബിന്‍ വര്‍ക്കിയുമായുള്ള പോര് മുറുകുന്നു. പാലത്തിന്റെ ഉദ്ഘാടനത്തിന് പലതവണ വിളിച്ചിട്ടും മുൻ മന്ത്രി വീണ ജോർജ് ഫോൺ എടുത്തില്ലെന്ന് എംഎൽഎ അബിൻ വർക്കി പറഞ്ഞു. പാലത്തിന്റെ അപാകതകൾ പരിഹരിച്ച് ആണ് ഉദ്ഘാടനത്തിലേക്ക് എത്തിയതെന്നും പത്തനംതിട്ടയിലെ മറ്റ് പാലങ്ങളുടെയും കെട്ടിടങ്ങളുടെയും നിർമ്മാണത്തിന്റെ വിശദ രേഖകളുമായി പിന്നീട് കാണാമെന്നും അബിൻ വർക്കി കൂട്ടിച്ചേര്‍ത്തു. കടമ്മനിട്ട പടയണി ഗ്രാമം കോടികൾ മുടക്കിയിട്ടും നശിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എന്നാൽ, പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് യുഡിഎഫ് സർക്കാരിന്റെ കാലത്താണ് അനുമതി ലഭിച്ചതെന്ന തരത്തിലുള്ള പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും, ഇത് പച്ചക്കള്ളമാണെന്നും ചൂണ്ടിക്കാട്ടി മുൻ മന്ത്രി വീണ ജോർജ് രംഗത്തെത്തിയിരുന്നു. കിഫ്ബി പദ്ധതിയിലൂടെ ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് പാലത്തിന് ഭരണാനുമതിയും ഫണ്ടും അനുവദിച്ചതെന്നും, പാലം നിർമ്മാണം ഇത്രയും നീണ്ടുപോയത് കോടതി വ്യവഹാരങ്ങൾ കാരണമാണെന്നുമാണ് വീണ ജോർജിന്റെ വാദം. തന്റെ ഫെയ്സ് ബുക്കില്‍ പങ്കുവച്ച് പോസ്റ്റിലൂടെയാണ് വീണയുടെ പ്രതികരണം.
അതേസമയം വീണ ജോര്‍ജിന് മറുപടിയുമായി അബിന്‍ വര്‍ക്കിയും രംഗത്തെത്തി. കോഴഞ്ചേരി പാലം ഉദ്ഘാടനവുമായി ബന്ധപ്പെട്ട് യാതൊരു വിവാദവും ഉണ്ടാകരുത് എന്നായിരുന്നു ആഗ്രഹിച്ചിരുന്നതെന്നും എന്നാലും ഇപ്പോഴും ചോരതന്നെ കൊതുകിന് കൗതുകം എന്ന നിലയിലാണ് ചിലരുള്ളതെന്നും അബിന്‍ വര്‍ക്കി പറഞ്ഞു. 2018 പാലത്തിന്റെ പണി ആരംഭിച്ചിരുന്നു എങ്കിലും താന്‍ അവിടെ എംഎല്‍എ ആയതിന് ശേഷമാണ് പാലത്തിന്റെ അവസാന വട്ട പണികളും അപ്റോച്ച് റോഡുകൾ പൂർത്തീകരിച്ചതെന്നും ഇരുവശത്തെയും സ്ഥലമേറ്റെടുപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങൾ നടത്തിയതെന്നും അബിന്‍ ഫെയ്സ് ബുക്കില്‍ കുറിച്ചു.