ബാറുകളിലെ ഇടപാടുകളില്‍ സമഗ്രാന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറെടുക്കുന്നു.  എക്സൈസ് കമ്മീഷ്ണറായിരുന്ന സീറാം സാംബശിവ റാവുവിന്‍റെ  നടപടികളില്‍ ഉള്‍പ്പടെ അന്വേഷണം വരും.  മുഖ്യമന്ത്രിയുമായും  ആഭ്യന്തരമന്ത്രിയുമായും  എക്സൈസ് മന്ത്രി എം ലിജു നടത്തുന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചേക്കും . പുതിയ എക്സൈസ് കമ്മീഷ്ണണറെയും വൈകാതെ തീരുമാനിക്കും .

സര്‍ക്കാരിന്‍റെ നയത്തിന് വിരുദ്ധമായി എക്സൈസ് കമ്മീഷ്ണറായിരുന്ന സീറാം സാംബശിവറാവു  ബാര്‍ ലൈസെന്‍സ് അനുവദിച്ചതോടെ ഉടലെടുത്ത  വിവാദം  സാംബശിവറാവിന്‍റെ സ്ഥാനം ചലനം കൊണ്ടും അവസാനിച്ചിട്ടില്ല. പുറത്തേക്ക് പോവുന്നതിന് മുന്‍പ് എക്സൈസിലെ അഴിമതികള്‍ ചൂണ്ടിക്കാട്ടി സാംബശിവ റാവൂ സര്‍ക്കാരിന് നല്‍കിയ കത്തില്‍ അന്വേഷിക്കുമെന്ന് മന്ത്രി ലിജു പറഞ്ഞിരുന്നു. എന്നാല്‍ കത്തില്‍ മാത്രം അന്വേഷണം ഒതുങ്ങില്ലെന്നാണ് വിവരം.  

സാംബശിവറാവുവിന്‍റെ കത്തില്‍ മന്ത്രിയേ പോലും സംശയനിഴലിലാക്കുന്ന പരാമര്‍ശത്തില്‍ എം ലിജുവിന് കടുത്ത അതൃപ്തിയുണ്ട്. സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായി ബാര്‍ ലൈന്‍സെന്‍സ്  അനുവദിച്ചതില്‍ തനിക്കെതിരെ അന്വേഷണം വരുമെന്ന് മനസിലാക്കിയാണ് സീറാം സാംബശിവ റാവുവിന്‍റെ കത്തെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ബാര്‍ ഉടമകളില്‍ നിന്നും ഉദ്യോഗസ്ഥര്‍  കൈക്കൂലി വാങ്ങിയത്  അറിഞ്ഞിട്ടും സ്ഥാനചലനം ഉണ്ടാവും വരെ അത് സര്‍ക്കാരിനെയോ  മന്ത്രിയെ അറിയിക്കാതിരുന്നത് ഗുരുതരകൃത്യവിലോപമായിട്ടാണ് സര്‍ക്കാര്‍ കാണുന്നത്. 

എകൈസ്സ് കമ്മീഷ്ണറുടെ ഓഫീസിലെ ചില ഉദ്യോഗസ്ഥരുടെ ഇടപെടലുകളിലും സര്‍ക്കാരിന് സംശയമുണ്ട്. അതിനാല്‍ സീറാം സാംബശിവ റാവുവിന്‍റെ കത്തും സീറാം സംബശിവറാവുവും അന്വേഷണ പരിധിയില്‍ വരും. ബാറുകളിലെ ഇടപാടുകളെപ്പറ്റി സമഗ്ര അന്വേഷണത്തിനാണ് സാധ്യത. ആഭ്യന്ത്രമന്ത്രി രമേശ് ചെന്നിത്തലയുമായി എം ലിജു ആശയവിനിമയം നടത്തിയിട്ടുണ്ടെന്നാണ് വിവരം. മുഖ്യമന്ത്രിയുമായിക്കൂടി ആശയവിനിയമം നടത്തിയതിന് ശേഷം അന്വേഷണ പ്രഖ്യാപനം സര്‍ക്കാരില്‍ നിന്നുണ്ടാവും. 

അതേസമയം പുതിയ എക്സൈസ് കമ്മീഷ്ണറെ നിശ്ചയിക്കുന്നതിനുള്ള ചര്‍ച്ചകളും സജീവമാണ്. യുവ ഐഎഎസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ നാലുപേരെ സര്‍ക്കാര്‍ സമീപിച്ചെങ്കിലും മൂന്ന് പേര്‍ക്കും താലപര്യമില്ലെന്ന് അറിയിച്ചിട്ടുണ്ട്.  സന്നദ്ധനായ ഉദ്യോഗസ്ഥന്‍ നിലവില്‍ ജോലി ചെയ്യുന്ന വകുപ്പില്‍ ചില ഉത്തരവാദിത്തങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ടെന്നാണ് സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. നാളെ തലസ്ഥാനത്ത് മടങ്ങിയെത്തുന്ന എക്സൈസ് മന്ത്രി വൈകാതെ തീരുമാനം എടുത്തേക്കും 

ENGLISH SUMMARY:

The Kerala government is preparing for a comprehensive Vigilance investigation into corrupt transactions and bar licensing irregularities within the Excise Department. Former Excise Commissioner Seeram Sambasiva Rao is set to face scrutiny alongside departmental officials over alleged policy violations and delays in reporting bribery. Excise Minister M. Liju, who expressed strong displeasure over allegations made in Sambasiva Rao's recent letter, has held initial discussions with Home Minister Ramesh Chennithala ahead of a final consultation with the Chief Minister. Meanwhile, the government is actively finalizing the appointment of a new Excise Commissioner after several senior IAS officers declined to take up the post.