പ്രതീകാത്മക ചിത്രം | മനോരമ

നിരത്തിലിറങ്ങുന്ന കുട്ടി ഡ്രൈവര്‍മാരെ പിടികൂടാന്‍ സ്പെഷല്‍ ഡ്രൈവ് ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. രാത്രിയിലാണ് പരിശോധന. കഴിഞ്ഞ ദിവസവും കോഴിക്കോട് നഗരത്തില്‍ ലൈസന്‍സില്ലാതെ വാഹനവുമായി കറങ്ങിയ പ്രായപൂര്‍ത്തിയാകാത്തവരെ പൊലീസ് പിടികൂടിയിരുന്നു.

പുലര്‍ച്ചെ നാല് മണിയോടെയാണ് അത്തരത്തില്‍ ഒരു വിരുതനെ പൊലീസ് പിടികൂടുന്നത്. ‘കുട്ടി ഡ്രൈവറെ’ വാഹനവുമായി പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തുടര്‍ന്ന് വീട്ടുകാരെ ഫോണില്‍ ബന്ധപ്പെട്ടു. എന്നാല്‍ മകന്‍ വീട്ടിലുണ്ടെന്നായിരുന്നു മാതാപിതാക്കളുടെ മറുപടി. മുകളിലത്തെ മുറിയില്‍ ഉറങ്ങുകയാണെന്നും പൊലീസിനോട് പറഞ്ഞു.

മകന്‍ സ്റ്റേഷനിലുണ്ടെന്ന് പൊലീസ് പറഞ്ഞിട്ടും രക്ഷിതാക്കള്‍ വിശ്വസിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് മുകളിലത്തെ മുറിയില്‍ ചെന്നു നോക്കിയപ്പോള്‍ മകന്‍ കിടക്കുന്നത് പോലെ കണ്ടു. അടുത്തുചെന്ന് പരിശോധിച്ചപ്പോള്‍ മാതാപിതാക്കളും ഞെട്ടി. തലയണ അടുക്കിവെച്ച് പുതപ്പ് ഉപയോഗിച്ച് പൊതിഞ്ഞുവെച്ചിരിക്കുകയായിരുന്നു.

പിന്നീട് രക്ഷിതാക്കളെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി കുട്ടി ഡ്രൈവറെ വിട്ടിലേയ്ക്ക് പറഞ്ഞയച്ചു. രക്ഷിതാക്കള്‍ക്കെതിരെ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അര്‍ദ്ധരാത്രിക്ക് ശേഷം കുട്ടികള്‍ വാഹനവുമായി നിരത്തിലിറങ്ങുന്നുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍. അതിനാല്‍ വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കാനാണ് തീരുമാനം.

ENGLISH SUMMARY:

Kozhikode city police have intensified a night-time special drive to crack down on minor drivers operating vehicles without a license. During a recent early morning operation, police intercepted a minor driving a vehicle around 4:00 AM and promptly took him into custody. When officers contacted his parents, they initially refused to believe the police, insisting their son was asleep in his upstairs bedroom. Upon physical verification, the shocked parents discovered stacked pillows arranged under a blanket to fake the minor's presence, leading to a police case registered against the guardians.