മുന്‍മേയര്‍ ആര്യ രാജേന്ദ്രന്‍ തിരുവനന്തപുരം വിടുന്നു. തലസ്ഥാനത്ത് നിന്ന് കോഴിക്കോടേക്ക് പ്രവര്‍ത്തന മണ്ഡലം മാറ്റാനുള്ള ആര്യയുടെ അപേക്ഷ പാര്‍ട്ടി ജില്ലാ കമ്മിറ്റി സംസ്ഥാന സെന്‍ററിന് നല്‍കി. കഴിഞ്ഞ ദിവസം ചേര്‍ന്ന തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗമാണ് ആര്യയുടെ അപേക്ഷ അംഗീകരിച്ച് സംസ്ഥാന സെന്‍ററിന് നല്‍കിയത്. കോഴിക്കോട്ടേക്ക് മാറാനുള്ള ആര്യയുടെ തീരുമാനം സംസ്ഥാന കമ്മിറ്റിയാണ് അംഗീകരിക്കുന്നത്. വ്യക്തിപരമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രവര്‍ത്തന കേന്ദ്രം മാറ്റാനുള്ള അപേക്ഷ പാര്‍ട്ടിക്ക് നല്‍കിയത്.
ആര്യയുടെ പങ്കാളി സച്ചിന്‍ ദേവ് കോഴിക്കോട് സ്വദേശിയാണ്. അതുകൊണ്ടുതന്നെ കോഴിക്കോട്ടേക്ക് കുടുംബം പൂർണമായി താമസം മാറ്റുമെന്ന കാര്യം നേരത്തെ ആര്യ പാർട്ടി നേതാക്കളോട് സൂചിപ്പിച്ചിരുന്നു. അതിന്റെ ഭാഗമാണ് ഇപ്പോള്‍ പാര്‍ട്ടി നേതൃത്വത്തിന് ആര്യ അപേക്ഷ നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോർപ്പറേഷൻ എല്‍ഡിഎഫിന് പൂര്‍ണമായും നഷ്ടമായിരുന്നു. തിരുവനന്തപുരം കോർപ്പറേഷന്റെ 46-ാമത് മേയറായിരുന്ന ആര്യ, 2025ൽ നടന്ന തദ്ദേശ സ്വയംഭരണ ആര്യ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല. കോർപ്പറേഷൻ നഷ്ടമായതിനെ തുടര്‍ന്ന് ആര്യ ഏറെക്കാലം സജീവ പ്രവർത്തന രംഗത്തുനിന്നും മാറിനില്‍ക്കുന്ന സാഹചര്യവും ഉണ്ടായിരുന്നു.
നിലവിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ് ആര്യ രാജേന്ദ്രന്‍. തിരുവനന്തപുരം ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് ആര്യയുടെ പേര് പരിഗണിച്ചിരുന്നെങ്കിലും പിന്നീട് വി.എസ്. ശ്യാമയെയാണ് ആ പദവിയിലേക്ക് തിരഞ്ഞെടുത്തത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന ഖ്യാതിയോടെ 21-ാം വയസിൽ തിരുവനന്തപുരം കോർപ്പറേഷന്റെ ഭരണം ഏറ്റെടുത്ത ആര്യ രാജേന്ദ്രൻ, കാലാവധി പൂർത്തിയാക്കിയ ശേഷമാണ് ഇപ്പോൾ തലസ്ഥാന നഗരിയോട് വിടപറഞ്ഞ് പുതിയ പ്രവർത്തന മേഖലയിലേക്ക് കടക്കുന്നത്.