പി.എസ്.സി പരീക്ഷാ തട്ടിപ്പില്‍ ചെയര്മാന് എം.ആര്.ബൈജുവിനെ പ്രതിചേര്‍ക്കും. ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ നടന്നത് സാങ്കേതിക പിഴവെന്ന ചെയര്മാന് ഉള്‍പ്പടെയുള്ളവരുടെ വാദം ഡമ്മി മൂല്യനിര്‍ണയത്തിലൂടെ ക്രൈംബ്രാഞ്ച് പൊളിച്ചു. സെക്രട്ടറി ഉള്‍പ്പടെയുള്ളവര്‍ ചെയര്‍മാന്റെ അനധികൃത ഇടപെടലുകള്‍ വിശദീകരിക്കുകയും ചെയ്തതോടെയാണ് പ്രതിയാക്കാന്‍ തീരുമാനിച്ചത്. ഇതിന് മുന്നോടിയായി ഇന്നലെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിച്ചതില്‍ നിന്ന് ബൈജു ഒഴിഞ്ഞുമാറിയതോടെ നിയമോപദേശം തേടി ക്രൈംബ്രാഞ്ച് തുടര്‍നടപടി തീരുമാനിക്കും.
ആദ്യഘട്ട ചോദ്യം ചെയ്യലില്‍ ചെയര്മാന് പറഞ്ഞതിലധികം നുണയെന്ന് എസ്.ഐ.ടിക്ക് വ്യക്തമായി. ചോദ്യം ചെയ്ത നാല് അംഗങ്ങളില്‍ മൂന്ന് പേരും ചെയര്‍മാനെതിരെ മൊഴി നല്കി. ആസൂത്രണ ബോര്‍ഡ് പരീക്ഷയിലടക്കം എം.ആര്.ബൈജു ഇടപെട്ടതിന്റെ തെളിവുകള്‍ സെക്രട്ടറി സാജു ജോര്‍ജും വിശദീകരിച്ചു. ഈ മൊഴികള്‍ക്കെല്ലാം പുറമെ സാങ്കേതിക തെളിവും എസ്.ഐ.ടി ശേഖരിച്ചു. ആസൂത്രണ ബോര്‍ഡ് പരീക്ഷയെഴുതിയ 228 ഉദ്യോഗാര്‍ഥികളുടെയും ഉത്തരക്കടലാസുകള്‍ അതേ സോഫ്റ്റുവെയറിലൂടെ വീണ്ടും ഡമ്മി മൂല്യനിര്‍ണയം നടത്തി. 58 മാര്‍ക്ക് ഉദ്യോഗാര്ത്ഥികള്ക്കാര്ക്കും നല്‍കാതിരുന്നത് സാങ്കേതിക പിഴവല്ലെന്നും ഉദ്യോഗസ്ഥര്‍ മനപ്പൂര്‍വം ശ്രമിച്ചാല്‍ മാത്രമേ അങ്ങിനെ സംഭവിക്കൂവെന്നും ഉറപ്പിച്ചു. ഇതോടെ സാങ്കേതിക പിഴവെന്ന പി.എസ്.സിയുടെ ഔദ്യോഗികവാദവും അറസ്റ്റിലായ പ്രതികളുടെ വാദവും തെറ്റെന്ന് തെളിഞ്ഞു. ഇതും കണക്കിലെടുത്താണ് ചെയര്‍മാനെ പ്രതിചേര്‍ക്കാന്‍ തീരുമാനിച്ചത്. അതിന് മുന്നോടിയായിട്ടായിരുന്നു ഇന്നലെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.
അറസ്റ്റിലായ അഡീഷനല്‍ സെക്രട്ടറി ഹരിക്കൊപ്പം ഒന്നിച്ചിരുത്തി ചോദ്യം ചെയ്യലും ലക്ഷ്യമിട്ടിരുന്നു. എന്നാല്‍ ഹൈക്കോടതിയിലെ കേസില്‍ വിധി വന്നശേഷം ഹാജരാകാമെന്ന് മറുപടി നല്കി ചെയര്മാന് ഒഴിഞ്ഞുമാറി. ഇതോടെ നിയമോപദേശം തേടിയ ശേഷം പ്രതിചേര്ക്കുന്നതിലടക്കം അന്തിമ തീരുമാനമെടുക്കാനാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ ആലോചന.