ഹൈദരാബാദ് കല്യാണം എന്നുവിളിക്കുന്ന വിവാഹക്കച്ചവടത്തിന് വരന്മാരായും ബ്രോക്കര്‍മാരായും എത്തുന്നവരില്‍ ഏറെയും മലയാളികള്‍. രണ്ടാംവിവാഹത്തിനെന്ന പേരിലാണ് വധുവിനെ തേടി കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽനിന്ന് ആളുകള്‍ ഹൈദരാബാദിലെത്തുന്നത്. ഏറെയും 50 പിന്നിട്ട പുരുഷന്മാർ. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ യുവതികളെയാണ് ബ്രോക്കർമാർ ഇത്തരം വിവാഹങ്ങള്‍ക്കായി തരപ്പെടുത്തുന്നത്. ഇത്തരത്തിലുള്ള ഒട്ടേറെ യുവതികളെയാണ് മനോരമ ന്യൂസ് സംഘത്തിന്റെ അന്വേഷണത്തിൽ ഹൈദരാബാദിലെ പെണ്ണുകാണൽ കേന്ദ്രങ്ങളിൽ കണ്ടത്. Also Read: സൗന്ദര്യം കൂടുംതോറും വില കൂടുന്ന ‘വധുവില്‍പ്പന’! പെണ്‍കുട്ടികളെ വിലപേശി വാങ്ങുന്ന ഹൈദരാബാദ് കല്യാണം
വനിതാ ബ്രോക്കറുടെ ചെറിയ ഫ്ലാറ്റിൽ കാത്തിരുന്നത് 25 വയസ്സുകാരിയായ യുവതി. ഹിന്ദി അധ്യാപികയാണ്. പിതാവ് ഉപേക്ഷിച്ചതോടെ സഹോദരന്റെ സംരക്ഷണയിലാണ് താമസം. യുവതി മുറിയിൽനിന്ന് പുറത്തുപോയി നാലോ അഞ്ചോ മിനിറ്റുകൾക്കുള്ളിൽ അതേ കസേരയിൽ മറ്റൊരു യുവതി വന്നിരുന്നു. മുപ്പതുകാരി. പ്ലസ് ടു പൂർത്തിയാക്കാനായില്ല. അഞ്ചുവർഷം മുൻപ് വിവാഹിതയായെങ്കിലും ഏതാനും മാസങ്ങൾക്കുള്ളിൽ ഭർത്താവ് തലാഖ് ചൊല്ലി ബന്ധം അവസാനിപ്പിച്ചു. ഇത്തരത്തിൽ നിരവധി പെൺകുട്ടികളെ കോഴിക്കോടിന്റെ വിവിധ ഭാഗങ്ങളിലേക്ക് രണ്ടാംവിവാഹം കഴിച്ച് അയച്ചിട്ടുണ്ടെന്നാണ് വനിതാ ബ്രോക്കറുടെ വെളിപ്പെടുത്തൽ. Also Read: ഏഴു മണിക്കൂറിൽ അഞ്ച് പെണ്ണുകാണൽ; വധുവിന് അഞ്ചുലക്ഷം, ബ്രോക്കർക്ക് ഒരുലക്ഷം
പ്രായം ചെന്ന പുരുഷന്മാരുടെ രണ്ടാംവിവാഹത്തെ ന്യായീകരിക്കാൻ ബ്രോക്കർമാർക്ക് ഒരുപാട് ന്യായങ്ങളുണ്ട്. ഇപ്പോഴത്തെ ഭാര്യയെ പിണക്കേണ്ടതില്ലെന്നും രണ്ടാംഭാര്യയിൽ രണ്ടുകുട്ടികൾ ഉണ്ടായാൽ പ്രശ്നങ്ങളെല്ലാം അവസാനിക്കുമെന്നുമാണ് അവരുടെ വിശദീകരണം. പെൺകുട്ടികളുടെ ഭാവിയോ വിവാഹശേഷമുള്ള ജീവിതമോ സംബന്ധിച്ച ആശങ്കകൾക്ക് പകരം, വിവാഹം ഉറപ്പിക്കാനുള്ള തിടുക്കമാണ് ബ്രോക്കർമാര്‍ കാട്ടുന്നത്. ഉദ്ദേശ്യം കമ്മിഷന്‍ മാത്രം.
പെൺകുട്ടിയെ ഇഷ്ടപ്പെട്ടാൽ അടുത്ത ചടങ്ങ് 'മൂ മീഠാ'. വരൻ വധുവിന് മധുരം നൽകി വിവാഹം ഉറപ്പിക്കുന്ന ചടങ്ങ്. ഇത് കഴിഞ്ഞാൽ തൊട്ടടുത്ത ദിവസം തന്നെ വിവാഹം നടത്താമെന്നാണ് ബ്രോക്കർമാരുടെ വാഗ്ദാനം. വിവാഹശേഷം പെൺകുട്ടിയുമായി എവിടേക്ക് വേണമെങ്കിലും പോകാമെന്നും അവർ പറയുന്നു. എന്നാൽ, അമ്പതും അതിലധികവും പ്രായമുള്ള പുരുഷന്മാരുടെ രണ്ടാംഭാര്യയായി പോകുന്ന ഈ യുവതികളുടെ ഭാവി എന്താകും? വിവാഹശേഷം അവരുടെ ജീവിതം എങ്ങോട്ടാണ് നീങ്ങുന്നത്? അവരുടെ സുരക്ഷയും അവകാശങ്ങളും ആര് ഉറപ്പാക്കും? ഹൈദരാബാദിലെ ഈ വിവാഹക്കച്ചവടം ഉയർത്തുന്ന ഏറ്റവും ഗൗരവമുള്ള ചോദ്യങ്ങൾ ഇവയാണ്.