mannarasala

TOPICS COVERED

ആലപ്പുഴ മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യം ഉത്സവത്തിന് ഇന്ന്, തിരുവാതിര നാളിൽ തുടക്കം. നവംബർ രണ്ടിനാണ് വിഖ്യാതമായ മണ്ണാറശാല ആയില്യം. നാഗരാജാവിന്റെ തങ്കത്തിരുമുഖവും നാഗഫണവും കയ്യിലേന്തി, വലിയമ്മയുടെ ആചാരവിധിപ്രകാരമുള്ള എഴുന്നള്ളത്ത് ആയില്യം നാളിൽ ഉച്ചയ്ക്കാണ്.

തിരുവാതിര നാളായ ഇന്ന് പുലർച്ചെ 6ന് ക്ഷേത്രത്തിൽ നാഗരാജാവിന് ഏകാദശ രുദ്രാഭിഷേകം നടന്നു. ഇല്ലത്ത് നിലവറയ്ക്കു സമീപം സർപ്പം പാട്ടുതറയിൽ പ്രത്യേകം തയാറാക്കിയ പന്തലിൽ രുദ്രമൂർത്തിയായ മഹാദേവ നു രുദ്രഏകാദശിനീ കലശാഭിഷേകം നടത്തും. 11 വൈദിക ശ്രേഷ്ഠരുടെ കാർമികത്വത്തിൽ രുദ്രഹോമം, വസോർധാര എന്നിവയോടു കൂടിയാണ് കലശാഭിഷേകം. വൈകിട്ട് 6.30ന് സർപ്പം പാട്ടുതറയിൽ കളമെഴുത്തും പുള്ളുവൻ പാട്ടും നടക്കും.

എഴുന്നള്ളത്ത് ആയില്യം നാളായ നവംബർ രണ്ടിനു ഉച്ചയ്ക്കാണ്. ഇളയമ്മ സർപ്പയക്ഷിയുടെയും ഇല്ലത്തെ കാരണവന്മാർ നാഗചാമുണ്ഡി, നാഗയക്ഷി എന്നിവയുടെ നടയും തിടമ്പുമായി വലിയമ്മയെ അനുഗമിക്കും. രാജകീയ ചിഹ്നങ്ങളായ വെള്ളിക്കുട, ചാമരം, കാടി, പഞ്ചവാദ്യം, നാഗസ്വരം, കിൽ, ചെണ്ട, തിമില തുടങ്ങിവ അകമ്പടി സേവിക്കും. അരമണിക്കൂറോളം നീളുന്ന എഴുന്നള്ളത്ത് ഇല്ലത്തെ പുരാതന നിലവറയിലെത്തും. അവിടെ തളത്തിൽ തയാറാക്കിയ നാഗക്കളങ്ങളിൽ ബിംബങ്ങൾ സമർപ്പിച്ച് വലിയമ്മ ആയില്യം പൂജ തുടങ്ങും. മണിക്കൂറുകൾ നീളുന്ന പുജകൾ പൂർത്തിയാകുന്നതോടെ വലിയമ്മയുടെ അനുഗ്രഹം വാങ്ങി കുടുംബ കാരണവർ തട്ടിന്മേൽ നൂറും പാലും ചടങ്ങും നടത്തും. ഇതോടെയാണ് ആയില്യം നാളിലെ ചടങ്ങുകൾ അവസാനിക്കുക.

ENGLISH SUMMARY:

Mannarasala Ayilyam festival begins today with sacred rituals at the renowned Nagaraja temple in Alappuzha. Devotees eagerly anticipate the grand ezhunallathu and special pujas led by Valyamma on Ayilyam day.