AI Created Image
വീണ്ടും പവര്‍കട്ട് പേടിയില്‍ കേരളം. ഹിമാചല്‍ കരാറില്‍ തീരുമാനമായില്ലെങ്കില്‍ മറ്റന്നാള്‍ മുതല്‍ വൈദ്യുതി നിയന്ത്രണമുണ്ടാകും. ഗുരുതര വൈദ്യുതി പ്രതിസന്ധിയെന്ന് കെ.എസ്.ഇ.ബി മുന്നറിയിപ്പ് നല്‍കിയിട്ടും പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെട്ടില്ലെന്ന് രേഖകള്‍. വീഴ്ചയുണ്ടായില്ലെന്നും കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് ഗുണകരമാവില്ലെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ്.
വെറും നിയന്ത്രണമല്ല കടുത്ത നിയന്ത്രണത്തിനാണ് സാധ്യത. രാത്രികാലങ്ങളിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനായില്ലെങ്കില്‍ ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും മെഴുകുതിരിയും റാന്തലും മലയാളി തേടേണ്ടിവരും. യൂണിറ്റിന് പതിനാല് രൂപ അന്‍പത് പൈസയെന്ന ഉയര്‍ന്ന വിലയാണെങ്കിലും ഒക്ടോബറിന് സമാനമായി അടുത്തവര്‍ഷം മേയ് വരെ മതിയായ വൈദ്യുതി നല്‍കാമെന്ന് ഹിമാചല്‍ രേഖാമൂലം കെ.എസ്.ഇ.ബിയെ അറിയിച്ചിരുന്നു.
ഈ വിവരം കെ.എസ്.ഇ.ബി കഴിഞ്ഞമാസം ഇരുപത്തി എട്ടിന് സര്‍ക്കാരിനെ അറിയിച്ചെങ്കിലും മറുപടി ലഭിച്ചില്ല. തീരുമാനം വൈകിയതിനാല്‍ കേരളത്തിന് നല്‍കാമെന്നേറ്റ വൈദ്യുതി ഹിമാചല്‍ രാജസ്ഥാന് ഒരു രൂപ അധികവിലയില്‍ നല്കി. ഇതോടെ പ്രതിസന്ധി കനത്തു. അലംഭാവമുണ്ടായില്ലെന്നും കൂടിയ നിരക്കില്‍ വൈദ്യുതി വാങ്ങുന്നത് പ്രയാസമുണ്ടാക്കുമെന്നും മന്ത്രി സണ്ണി ജോസഫ്.
റിയല്‍ മാര്‍ക്കറ്റിലെ വൈദ്യുതി ലഭ്യതയാണ് പ്രതിസന്ധി പരിഹരിക്കാന്‍ ഏക മാര്‍ഗം. മറ്റ് സംസ്ഥാനങ്ങളിലെ വൈദ്യുതി ആവശ്യകതയില്‍ കുറവ് വന്നാലും നിയന്ത്രണം മറികടക്കാനാവും. ഹിമാചല്‍ വൈദ്യുതിയുടെ ഒരുമാസത്തെ കരാര്‍ രണ്ട് ദിവസത്തിനുള്ളില്‍ അവസാനിക്കാനിരിക്കെ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ കെ.എസ്.ഇ.ബിയിലും ഊര്‍ജിതമാണ്. സംസ്ഥാനത്ത് ഗുരുതര വൈദ്യുതി പ്രതിസന്ധി വരുത്തിയത് യു.ഡി.എഫ് സര്‍ക്കാരെന്ന് കുറ്റപ്പെടുത്തിയുള്ള മുന്‍ വൈദ്യുതി മന്ത്രി എ.കെ ബാലന്റെ വാര്‍ത്താസമ്മേളനത്തിനിടെ അവിടെയും വൈദ്യുതി മുടങ്ങി.