തൃശൂർ പുതുക്കാട് തുറവിൽ പ്രവർത്തിക്കുന്ന ബാങ്ക് എ.ടി.എം (ATM) കൗണ്ടറിൽ കവർച്ചാശ്രമം. എ.ടി.എം മെഷീനിൽ പണം സൂക്ഷിച്ചിരുന്ന ഭാഗം കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റി പണം കവരാനായിരുന്നു ശ്രമം നടത്തിയത്. വ്യാഴാഴ്ച അർദ്ധരാത്രിയോടെയാണ് സംഭവം നടന്നത്. ഹെൽമെറ്റ് ധരിച്ചെത്തിയ മോഷ്ടാവ് ക്യാമറയിൽ ദൃശ്യങ്ങൾ പതിയാതിരിക്കാൻ കൗണ്ടറിലെ സി.സി.ടി.വി (CCTV) ക്യാമറയിൽ സ്പ്രേ ചെയ്യുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച രാവിലെ ശുചീകരണ തൊഴിലാളി എത്തിയപ്പോഴാണ് കവർച്ചാശ്രമം നടന്ന വിവരം പുറത്തറിയുന്നത്.
എ.ടി.എം കൗണ്ടർ വൃത്തിയാക്കാനെത്തിയ ശുചീകരണ തൊഴിലാളി മെഷീൻ കട്ടർ ഉപയോഗിച്ച് മുറിച്ചതിന്റെ അവശിഷ്ടങ്ങളും പൊടികളും നിലത്ത് ചിതറിക്കിടക്കുന്നത് ശ്രദ്ധിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മെഷീന്റെ പണം സൂക്ഷിക്കുന്ന ഭാഗം മുറിച്ചുമാറ്റാൻ ശ്രമിച്ചതായും സി.സി.ടി.വിയിൽ സ്പ്രേ അടിച്ചതായും കണ്ടത്.
പണം പിൻവലിക്കാനും നിക്ഷേപിക്കാനുമുള്ള രണ്ട് കൗണ്ടറുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്. രണ്ട് കൗണ്ടറുകളിലെയും മെഷീനുകൾ തകർത്ത് പണം തട്ടിയെടുക്കാനാണ് കവർച്ചക്കാരൻ ശ്രമിച്ചതെന്ന് സംശയിക്കുന്നു. വിവരമറിഞ്ഞ് പുതുക്കാട് പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. സംഭവത്തിൽ പുതുക്കാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കി. ഹെൽമെറ്റ് ധരിച്ചാണ് മോഷ്ടാവ് എത്തിയതെന്നതിനാൽ സി.സി.ടി.വിയിൽ നിന്ന് മുഖം വ്യക്തമായി ലഭിച്ചിട്ടില്ല.
തുടർന്ന് എ.ടി.എം കൗണ്ടറിന് സമീപപ്രദേശങ്ങളിലെയും പ്രധാന റോഡുകളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. മോഷ്ടാവ് സഞ്ചരിച്ച വാഹനത്തിന്റെ നമ്പറും സഞ്ചാരപാതയും തിരിച്ചറിയാനുള്ള പരിശ്രമത്തിലാണ് അന്വേഷണസംഘം.