ഫോർട്ട് കൊച്ചി അധികാവളപ്പിൽ വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം സ്വദേശികളായ ദമ്പതികളുടെ വീട്ടിൽ എക്സൈസ് സംഘം വീട് മാറി കയറി റെയ്ഡിന് ശ്രമിച്ചതായി പരാതി. ബുധനാഴ്ച പുലർച്ചെ നാലുമണിയോടെയാണ് സംഭവം നടന്നത്. ഇടുക്കിയിൽ നിന്നുള്ള എക്സൈസ് സംഘമാണ് വാറണ്ട് പ്രതിയെ തിരഞ്ഞെത്തുന്നതിനിടെ വീട് മാറി റെയ്ഡിന് ശ്രമിച്ചത്. പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥർ വീടിന്റെ ജനലിൽ ശക്തമായി അടിക്കുകയും വാതിലിന്റെ പൂട്ട് തകർക്കാൻ ശ്രമിക്കുകയും ചെയ്തതായി വീട്ടുടമസ്ഥർ ആരോപിച്ചു.
സംഭവസമയത്ത് യുവതി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പുലർച്ചെ ശബ്ദം കേട്ട് ഉണർന്ന യുവതി ഭയന്നുപോവുകയും ഉടൻ തന്നെ ജോലിക്കായി പുറത്തുപോയിരുന്ന ഭർത്താവിനെ വിവരമറിയിച്ച് വിളിച്ചുവരുത്തുകയുമായിരുന്നു. കാര്യം തിരക്കിയപ്പോൾ തങ്ങൾ എക്സൈസ് ഉദ്യോഗസ്ഥരാണെന്ന് അറിയിച്ചെങ്കിലും ഔദ്യോഗിക തിരിച്ചറിയില്‍ കാർഡ് കാണിക്കാൻ തയ്യാറായില്ലെന്ന് ദമ്പതികൾ ആരോപിക്കുന്നു.
ഒറ്റയ്ക്കായിരുന്ന സമയത്തുണ്ടായ അതിക്രമത്തിൽ കടുത്ത മാനസികാഘാതമുണ്ടായ യുവതി പിന്നീട് ചികിത്സ തേടി. സംഭവത്തിൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും കേസെടുക്കാൻ തയ്യാറായില്ലെന്നും കുടുംബത്തിന് ആക്ഷേപമുണ്ട്. അതേസമയം, ലൊക്കേഷൻ മാറിയതാണ് വീട് മാറിപ്പോകാൻ കാരണമായതെന്നാണ് സംഭവത്തിൽ എക്സൈസ് സംഘം നൽകുന്ന വിശദീകരണം.